Tuesday 15 February 2022 12:47 PM IST

‘ഞാൻ ഒരു കൂലിപ്പണിക്കാരന്റെ മകൻ... ജോലി കളഞ്ഞുള്ള12 വർഷത്തെ പരിശ്രമമാണ് സിനിമ’: ഉണ്ണി ലാലു താരമാകുന്നു

V.G. Nakul

Sub- Editor

unni-lalu

‘ഫ്രീഡം ഫൈറ്റ്’ ലെ ‘പ്രതൂമു’ എന്ന ചിത്രം കണ്ടവരുടെയൊക്കെയുള്ളിൽ ലക്ഷ്മണന്‍ എന്ന കഥാപാത്രം ഒരു കൊളുത്തിട്ടു കഴിഞ്ഞു. ഇതാ ഒരു നല്ല നടന്റെ മികച്ച തുടക്കമെന്ന് അവരോരുത്തരും ഉറപ്പിച്ചു പറയുന്നു... ഉണ്ണി ലാലു എന്ന ചെറുപ്പക്കാരൻ മലയാള സിനിമയിൽ തന്റെതായ ഒരിടം കണ്ടെത്തുമെന്നതിൽ ഇതിനപ്പുറം മറ്റൊരു ഉദാഹരണം ആവശ്യമില്ലല്ലോ...

സിനിമയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയാരംഭിക്കുമ്പോൾ ഉണ്ണി ലാലു എന്ന കോഴിക്കോട്ടുകാരന്റെ മൂലധനം ആഗ്രഹം മാത്രമായിരുന്നു...ബിഗ് സ്ക്രീനിൽ തന്റെ മുഖം തെളിയുന്ന ദിവസം മാത്രമായിരുന്നു ആ മനസ്സിൽ... അതിൽ കുറഞ്ഞൊന്നും തനിക്കൊരിക്കലും ചിന്തിക്കാനാകില്ലെന്ന് എപ്പോഴോ ആ ചെറുപ്പക്കാരൻ മനസ്സിലാക്കിയിരുന്നു. അതിനു വേണ്ടി നഷ്ടപ്പെടുന്നതൊന്നും തന്റേതല്ലെന്ന ഉറച്ച ബോധ്യത്തോടെ 12 വർഷം നീണ്ട പരിശ്രമം. ആ യാത്രയുടെയൊടുവില്‍ ഉണ്ണിയുടെ മുഖം മുഖ്യധാരാ സിനിമയിൽ മിഴിവോടെ പതിഞ്ഞിരിക്കുന്നു...

ഉണ്ണി ലാലു യുവ പ്രേക്ഷകർക്ക് ഉണ്ണിയേട്ടനാണ്. ഹ്രസ്വ ചിത്രങ്ങളിലിലൂടെയും ടിക് ടോക് വിഡിയോസിലൂടെയും ബെബ് സീരിസുകളിലൂടെയും മുൻപേ തന്നെ മിനിസ്ക്രീനിൽ ഉണ്ണി താരമായിക്കഴിഞ്ഞിരുന്നു. കൺസപ്ട് ടിക്ക് ടോക്ക് വി‍ഡിയോസിൽ ഉണ്ണിയുടെ കഥാപാത്രത്തിന്റെ പേരാണ് ഉണ്ണിയേട്ടന്‍. ആ പേരിലാണ് ഉണ്ണി ശ്രദ്ധിക്കപ്പെട്ടതും. ഉണ്ണി നായകനായി അടുത്തിടെ റിലീസായ ‘14 ഡെയ്സ് ഓഫ് ലവ്’ എന്ന ഹ്രസ്വ ചിത്രം മില്യണിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

‘‘എന്റെ ആദ്യത്തെ സിനിമ ‘തരംഗ’മാണ്. അതിൽ കു‍ഞ്ഞ് വേഷമായിരുന്നു. മറ്റു ചില ചിത്രങ്ങളിലും ചെറിയ ചെറിയ റോളുകള്‍ കിട്ടി. ഒരു കഥാപാത്രം എന്നു പറയാവുന്ന ആദ്യ അവസരം ‘ഫ്രീഡം ഫൈറ്റി’ലേതാണ്. വലിയ സന്തോഷം’’. – ഉണ്ണി ‘വനിത ഓൺലൈനോട്’ പറയുന്നു.

ആന്തോളജി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഫ്രീഡം ഫൈറ്റ് – സ്വാതന്ത്ര്യ സമരം’. ജിയോ ബേബി, കുഞ്ഞില മാസ്സിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സീസ് ലൂയിസ് എന്നിവരാണ് സംവിധായകര്‍. ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സെപ്റ്റിംഗ് ടാങ്ക് വൃത്തിയാക്കുന്ന മനുഷ്യരുടെ ജീവിതമാണ് ‘പ്രതൂമു’ വിന്റെ പ്രമേയം. ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ധാര്‍ഥ ശിവ മറ്റൊരു പ്രധാന വേഷത്തിലെത്തി.

unni lalu 3

‘‘എന്റെ സുഹൃത്തും ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറുമായ ആഷ്‌ലിയാണ് എന്നെ ‘ഫ്രീഡം ഫൈറ്റ്’ൽ എത്തിച്ചത്. ഒരു ദിവസം അവൻ എന്നെ ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തി, കുളിക്കാനും ഒരുങ്ങാനുമൊന്നും നിൽക്കാതെ പല്ലു മാത്രം തേച്ചിട്ടു, ഇട്ടേക്കുന്ന വേഷത്തിൽ പെട്ടെന്നു ചെല്ലാൻ പറഞ്ഞു. അവിടെ ‘പ്രതൂമു’ വിന്റെ സംവിധായകന്‍ ജിതിനൊക്കെയുണ്ടായിരുന്നു. ‌സംസാരിച്ചു തുടങ്ങിയപ്പോൾ ‘ഇവൻ ഫ്രീക്കനാണല്ലോ...ഇവനെക്കൊണ്ടിതു പറ്റില്ല’ എന്നൊരു തോന്നൽ എന്നെക്കുറിച്ചു ജിതിനുണ്ടായി. ഞാനാകെ തകർന്നെങ്കിലും ‘ജിതിനേ...എനിക്കിതു ചെയ്യണമെന്നു ഭയങ്കര ആഗ്രഹമുണ്ട്. അവസരം തന്നാൽ ഞാൻ പരമാവധി നന്നായിട്ടു ചെയ്യും’ എന്നു പറഞ്ഞു. സാധാരണ എനിക്ക് ഓഡിഷൻ വർക്കാകില്ല. ഏത് ഓഡിഷനു പോയാലും ഞാന്‍ പൊളിയാറാണ് പതിവ്. എങ്കിലും ജിതിൻ ചിലതൊക്കെ ചെയ്യിച്ചു നോക്കിയപ്പോൾ ശരിയായി. എന്റെ ആഗ്രഹം കണ്ട് ജിതിൻ ഓക്കെ പറയുകയായിരുന്നു. ജിതിൻ എന്നെ വിശ്വസിച്ചതാണ് വലിയ ഭാഗ്യം’’. – ഉണ്ണി പറയുന്നു.

‘‘എനിക്കു തീരെ പരിചയമില്ലാത്ത തരം കഥാപാത്രമാണ് ലക്ഷ്മണൻ. കഥാപാത്രത്തെക്കുറിച്ച് ജിതിൻ കൃത്യമായി പറഞ്ഞു തന്നു. ഞാൻ അതിനു വേണ്ടി പിടിച്ച ഒരു സ്റ്റൈലൊക്കെ ജിതിന്റെ സപ്പോർട്ടു കൊണ്ടു ശരിയായി വന്നു. എല്ലാം ഒത്തുവന്നപ്പോൾ ഓക്കെയാകുകയായിരുന്നു.

ഷൂട്ടിങ് ഒക്കെ വളരെ രസകരമായിരുന്നു. എല്ലാവരും ചിൽ മൂഡായിരുന്നു. അഭിനയിക്കുകയാണെന്ന സമ്മർദ്ദങ്ങളൊന്നുമില്ലാതെയാണ് മുന്നോട്ടു പോയത്...എന്തായാലും പടം ശ്രദ്ധിക്കപ്പെട്ടു...വലിയ സന്തോഷം...’’.– ഉണ്ണിയുടെ വാക്കുകളില്‍ സന്തോഷം.

unni lalu 2

പരിശ്രമത്തിന്റെ 12 വർഷം

സിനിമയെന്ന ആഗ്രഹവും പേറി അലയാൻ തുടങ്ങിയിട്ട് 12 വർഷമായി. അതിനിടെ പല ജോലികളും ചെയ്തു. സിനിമയാണ് വഴിയെന്നു തോന്നിയതിനാൽ ആ ജോലികളൊക്കെ കളഞ്ഞു. ഒടുവിൽ കഴിഞ്ഞ ആറു വർഷമായി മറ്റു ജോലികൾക്കൊന്നും പോകാതെ സിനിമയുടെ പിന്നാലെയായിരുന്നു.

കോഴിക്കോട് കോട്ടുളിയാണ് നാട്. അച്ഛൻ ബാലസുബ്രഹ്മണ്യം. അമ്മ ശ്രീജ. ഒറ്റമകനാണ്.

അച്ഛന് കൂലിപ്പണിയാണ്. അമ്മ വീട്ടമ്മ. കോഴിക്കോട് മേഴ്സി കോളജിൽ നിന്ന് ബി.കോം കഴിഞ്ഞ് മൊബൈൽ ഫോണിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ് മേഖലയിലാണ് ഞാൻ ജോലി തുടങ്ങിയത്. പല കമ്പനികളിലും പ്രവർത്തിച്ചു. അപ്പോഴൊക്കെ മനസ്സിൽ സിനിമയാണ്. അവസരം ചോദിച്ചുള്ള യാത്രകളും ഓഡിഷനിൽ പങ്കെടുക്കലുമൊക്കെയായി ലീവുകൾ കൂടുമ്പോൾ എല്ലായിടത്തെയും പണി പോകും. അങ്ങനെ സിനിമ കാരണം എന്റെ സകല ജോലികളും പോയി. അതോടെയാണ് ഇനി സിനിമയ്ക്കു വേണ്ടി മാത്രം ശ്രമിക്കാം എന്നു തീരുമാനിച്ചത്.

കുടുംബം

ഞാൻ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ്. ഒറ്റ മോനാണ്. സ്വാഭാവികമായും അതിന്റെതായ ഉത്തരവാദിത്വങ്ങളുണ്ട്. അങ്ങനെയൊരാൾ സിനിമയെന്ന ഉറപ്പില്ലാത്ത ഒരു ലക്ഷ്യത്തിനു പിന്നാലെ പോകുമ്പോൾ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന കുറേയേറെ പ്രതിസന്ധികളുണ്ട്. ഞാൻ അതിനെയൊക്കെ അതിജീവിക്കുന്നത് അച്ഛനും അമ്മയും നൽകുന്ന പ്രോത്സാഹനവും പിന്തുണയും ഉപയോഗിച്ചാണ്. നിനക്ക് ഇഷ്ടമുള്ളത് എന്താണോ, അതു നീ ചെയ്തോ എന്നാണ് അച്ഛൻ പറഞ്ഞത്. വീട്ടിലെ ഒരു ബുദ്ധിമുട്ടും എന്നെ അറിയിച്ചിട്ടില്ല. അതാണ് എന്റെ പ്രചോദനം. കൂട്ടുകാരും കട്ടയ്ക്ക് കൂടെയുണ്ട്’’.– ഉണ്ണി പറയുന്നു.

ബ്രേക്ക്

ഹ്രസ്വ ചിത്രങ്ങളിലാണ് തുടക്കം. ത്രീ ഇഡിയറ്റ് മീഡിയയിൽ എത്തിയതോടെയാണ് എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. അവിടെ ചെയ്ത വിഡിയോസ് മിക്കതും ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് ഉണ്ണിയേട്ടൻ എന്ന ടാഗ് കിട്ടിയതും. അഭിനയത്തിലെ ഒരു കോച്ചിങ് സെന്റർ പോലെ‌യായിരുന്നു അവിടം. ഞങ്ങളുടെ ടീം നൽകിയ പിന്തുണ മറക്കാവുന്നതല്ല.

മാസം പതിനായിരം രൂപയാണ് അക്കാലത്ത് എന്റെ വരുമാനം. കോച്ചിയിലാണ് താമസം. വാടക, ചെലവ്..എല്ലാം കൂടി രണ്ടറ്റം കൂട്ടിമുട്ടാത്ത അവസ്ഥ. അപ്പോഴൊക്കെ എനിക്ക് മുന്നോട്ടു പോകാൻ കരുത്തായത് സിനിമയെന്ന ലക്ഷ്യമാണ്.

‘14 ഡെയ്സ് ഓഫ് ലവ്’ ആണ് വലിയ ബ്രേക്ക് നൽകിയത്. ആ ഷോർട് ഫിലിം വലിയ ഹിറ്റായി. അതു കണ്ടാണ് സിനിമയിലേക്കൊക്കെ അവസരം വന്നത്. കുറേ സംവിധായകർ വിളിച്ചു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ‘ആരവ’ത്തിൽ ആന്റണി വർഗീസിനൊപ്പവും സുപ്രധാന വേഷത്തിലെത്തുന്നു.‘14 ഡെയ്സ് ഓഫ് ലവ്’ ന്റെ സംവിധായകൻ നഹാസ് ഹിദായത്ത് ആണ് ‘ആരവം’ ഒരുക്കുന്നത്.