Wednesday 26 October 2022 11:09 AM IST

ആദിത്യ മുംബൈ മലയാളി, ഇത് പക്കാ അറേഞ്ച്ഡ് മാര്യേജ്...: ‘പങ്കു’വിന്റെ മനസറിയുന്ന പങ്കാളി: വിവാഹ വിശേഷങ്ങളുമായി ആശ ശരത്

V.G. Nakul

Sub- Editor

uthara-sarath-1

മോതിരം മാറല്‍ ചടങ്ങിന്റെ വേദിയിൽ നിറചിരിയോടെ ഉത്തര മണവാട്ടിപ്പെണ്ണായി അണിഞ്ഞൊരുങ്ങി നിന്നപ്പോൾ മലയാളത്തിന്റെ പ്രിയ അഭിനേത്രി ആശ ശരത്തിന്റെ മനസ്സിൽ‌ ആനന്ദത്തിന്റെ ഒരു കടലിരമ്പുകയായിരുന്നു...തന്റെ ‘പങ്കു’ ആദിത്യന്റെ പെണ്ണായി ജീവിതത്തിന്റെ പുതിയ ഒരു ഘട്ടത്തിലേക്കു കടക്കുന്ന നിമിഷം...തന്റെ ഒക്കത്തിരുന്നു കൊഞ്ചിയും വിരൽതുമ്പിൽ തൂങ്ങിയും വളർന്നവൾ...നൃത്തത്തിലേക്കും അഭിനയരംഗത്തേത്തും തനിക്കൊപ്പം ചുവടു വച്ച പൊന്നോമന...ഇപ്പോഴിതാ വിവാഹജീവിതത്തിന്റെ സന്തോഷത്തിലേക്കും...മറ്റെന്തിനാകും ഇത്രയും ഹർഷം ഒരു അമ്മയിൽ പകരാൻ...

ആശ ശരത്–ശരത് ദമ്പതികളുടെ മൂത്ത മകൾ ഉത്തര ശരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു. ആദിത്യ മേനോനാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ്.

എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ബിസിനസ്സ് അനലറ്റിക്സിൽ മാസ്റ്റർ ഡിഗ്രി കഴിഞ്ഞ ഉത്തര മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’യിൽ ആശ ശരത്തിനൊപ്പം അഭിനയരംഗത്തും സാന്നിധ്യമറിയിച്ചു.

‘‘ഞങ്ങളെല്ലാം വളരെയേറെ സന്തോഷത്തിലാണ്. പങ്കുവിന് ഏറെ യോജിക്കുന്ന ഒരാളെ തന്നെ പങ്കാളിയായി കിട്ടി. ആദിത്യ മുംബെയിലാണ് കുടുംബത്തോടൊപ്പം. സച്ചിൻ മേനോന്റെയും അനിത മേനോന്റെയും മകൻ. അനിരുദ്ധാണ് സഹോദരൻ. ആദി പഠിച്ചത് എൽ.എൽ.ബിയും സി.എയുമാണ്. ഇപ്പോൾ കെ.പി.എം.ജിയിൽ ജോലി ചെയ്യുന്നു. കലയോട് സ്നേഹവും ബഹുമാനവുമുള്ള കുടുംബം. പക്കാ അറേഞ്ച്ഡ് മാര്യേജ്. അടുത്ത വർഷം മാർച്ച് 18 നാണു വിവാഹം. നിശ്ചയം വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ചു കൊണ്ടുള്ള ചടങ്ങായിരുന്നു’’.– ഉത്തരയുടെ വിവാഹ വിശേഷങ്ങൾ പങ്കുവച്ച് ആശ ശരത് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

uthara-sarath-2

കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ വച്ചായിരുന്നു വിവാഹനിശ്ചയം. ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ. ജയൻ തുടങ്ങി നിരവധി താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു.

അടുത്തിടെ ഫാഷൻ‌ റാംപിലും ഉത്തര തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിരുന്നു. എഫ്ഐ ഇവന്റസ് ഒരുക്കിയ ഫാഷൻ ഷോയില്‍ ഫസ്റ്റ് റണ്ണറപ്പാണ് ഉത്തര.

uthara-sarath-3

‘‘ആദ്യത്തെ റാംപ് വാക്കായിരുന്നു. ശരിക്കും ഒരു മനോഹരമായ അനുഭവം. ഗ്രൂമിങ് സെക്ഷനൊക്കെ നന്നായി ആസ്വദിച്ചു. സൗന്ദര്യ മത്സരം എന്നതിനപ്പുറം സ്ത്രീ ശാക്തീകരണം, ഗാർഹീക പീഡനം കുട്ടികൾക്ക് നേരെയുള്ള അതിക്രമം എന്നിവയ്ക്കെതിരെ സമൂഹത്തിൽ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അങ്ങനെയൊരു ശ്രമത്തിന്റെ ഒപ്പം നിൽക്കാനായതിലും അഭിമാനമുണ്ട്’’. – നേട്ടത്തിനു പിന്നാലെ ‘വനിത ഓൺലൈനു’ നൽകിയ അഭിമുഖത്തിൽ ഉത്തര പറഞ്ഞിരുന്നു.

‘‘ഒരു ആർട്ടിസ്റ്റ് ആകണമെന്നതാണ് എന്റെ സ്വപ്നം. മോഡൽ, ഡാൻസർ, ആക്ട്രസ് ഇതൊക്കെയായി മുന്നോട്ടു പോകുകയെന്നതാണ് പാഷൻ. വളരെയേറെ ഗൗരവത്തോടെയാണ് ഞാവനയെ സമീപിക്കുന്നതും. ഒപ്പം പഠനത്തിലും ശ്രദ്ധ കൊടുക്കും. രണ്ടും സാധിക്കുമെന്നു വിശ്വസിക്കുന്നു. ഐശ്വര്യ റായ് ആണ് എന്റെ റോൾ മോഡൽ. കരിയറിലെ അവരുടെ ശ്രദ്ധയും നേട്ടങ്ങളും എന്നെ പ്രചോദിപ്പിക്കുന്നു’’.– ഉത്തര തുടർന്നു പറഞ്ഞതിങ്ങനെ.