Thursday 02 December 2021 02:40 PM IST

‘ഒരു ആർട്ടിസ്റ്റ് ആകണമെന്നതാണ് എന്റെ സ്വപ്നം’: റാംപിലെ തുടക്കം നേട്ടത്തോടെ: ഉത്തര ശരത് പറയുന്നു

V.G. Nakul

Sub- Editor

asha-sarath-1

മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമാണ് ആശ ശരത്. ആശയുടെ മകൾ ഉത്തര ശരത് അടുത്തിടെയാണ് ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയത്.

മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’യിൽ ആശ ശരത്തിനൊപ്പമാണ് ഉത്തരയുടെ അരങ്ങേറ്റം. സിനിമയിലും ഇരുവരും അമ്മയും മകളുമായാണ് അഭിനയിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.‌

ഇപ്പോഴിതാ, ഫാഷൻ‌ റാംപിലും തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുന്നു ഈ താരപുത്രി. വിവാഹിതരും അവിവാഹിതരുമായ യുവതീയുവാക്കൾക്കു വേണ്ടി എഫ്ഐ ഇവന്റസ് ഒരുക്കിയ ഫാഷൻ ഷോയില്‍ ഫസ്റ്റ് റണ്ണറപ്പാണ് ഉത്തര. റാംപിലെ ആദ്യ ചുവട് പുരസ്കാര നേട്ടത്തോടെയായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഉത്തര.

‘‘ആദ്യത്തെ റാംപ് വാക്കായിരുന്നു. ശരിക്കും ഒരു മനോഹരമായ അനുഭവം. ഗ്രൂമിങ് സെക്ഷനൊക്കെ നന്നായി ആസ്വദിച്ചു. സൗന്ദര്യ മത്സരം എന്നതിനപ്പുറം സ്ത്രീ ശാക്തീകരണം, ഗാർഹീക പീഡനം കുട്ടികൾക്ക് നേരെയുള്ള അതിക്രമം എന്നിവയ്ക്കെതിരെ സമൂഹത്തിൽ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അങ്ങനെയൊരു ശ്രമത്തിന്റെ ഒപ്പം നിൽക്കാനായതിലും അഭിമാനമുണ്ട്’’. – ഉത്തര ‘വനിത ഓൺലൈനോട്’ പറയുന്നു.

asha-sarath-4

ഒരു ആർട്ടിസ്റ്റ് ആകണം

ഒരു ആർട്ടിസ്റ്റ് ആകണമെന്നതാണ് എന്റെ സ്വപ്നം. മോഡൽ, ഡാൻസർ, ആക്ട്രസ് ഇതൊക്കെയായി മുന്നോട്ടു പോകുകയെന്നതാണ് പാഷൻ. വളരെയേറെ ഗൗരവത്തോടെയാണ് ഞാവനയെ സമീപിക്കുന്നതും. ഒപ്പം പഠനത്തിലും ശ്രദ്ധ കൊടുക്കും. രണ്ടും സാധിക്കുമെന്നു വിശ്വസിക്കുന്നു. ഐശ്വര്യ റായ് ആണ് എന്റെ റോൾ മോഡൽ. കരിയറിലെ അവരുടെ ശ്രദ്ധയും നേട്ടങ്ങളും എന്നെ പ്രചോദിപ്പിക്കുന്നു.

asha-sarath-2

ഖെദ്ദ’ എന്ന അനുഭവം

‘ഖെദ്ദ’ഒരു ഗംഭീര അനുഭവമായിരുന്നു. ഒരു നല്ല ടീമിനൊപ്പം ജോലി ചെയ്യാനായതും നേട്ടമായി. എല്ലാ മേഖലയിലും പ്രതിഭകളുടെ ഒരു സംഘം ആ ചിത്രത്തിനൊപ്പമുണ്ട്. ഞാൻ പ്രതീക്ഷിച്ചതിലുമധികം ആസ്വദിച്ചാണ് ആ ചിത്രം പൂർത്തിയാക്കിയത്.

ഖെദ്ദ’യിലെക്ക് ഉത്തര എത്തിയതിനെക്കുറിച്ച് മുൻപ് വനിത ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിൽ ആശ പറഞ്ഞിരുന്നു:

‘‘ഞാൻ രണ്ട് വർഷം മുമ്പ് കേട്ട കഥയാണ് ‘ഖെദ്ദ’യുടെത്. ആ സമയത്ത് ഡേറ്റ് ക്ലാഷും മറ്റുമായി പ്രൊജക്ട് നീണ്ടു പോയി. കുറച്ച് കഴിഞ്ഞ് ചെയ്യാം എന്ന തീരുമാനത്തിലായിരുന്നു.

ലോക്ക് ഡൗൺ സമയത്താണ് പ്രൊജക്ടുമായി മനോജ് സാർ വീണ്ടും സമീപിച്ചത്. തിരക്കഥ വായിക്കാൻ വന്നപ്പോഴാണ് അദ്ദേഹം മോളെ കണ്ടതും അഭിനയിക്കാൻ താൽപര്യം ഉണ്ടോ എന്നു ചോദിച്ചതും.

മോൾക്ക് അഭിനയത്തിലേക്ക് വരണം എന്ന് താൽപര്യമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ആ സമയത്ത് അവൾക്ക് യു.കെയിൽ മാസ്റ്റേഴ്സിന് അഡ്മിഷൻ റെഡിയായെങ്കിലും അടുത്ത വർഷത്തേക്ക് നീട്ടി വച്ചിരിക്കുകയായിരുന്നു.

ഞാൻ താൽപര്യം ഉണ്ടോ എന്ന് ചോദിക്കും മുമ്പ് തന്നെ അവൾ ചാടി വീണ് യെസ് പറഞ്ഞു. നല്ല കഥാപാത്രം, സിനിമ ഒക്കെക്കൂടിയായപ്പോൾ അവൾ വളരെ എക്സൈറ്റഡായിരുന്നു. അമ്മയും മകളും പ്രധാന കഥാപാത്രങ്ങളായി വരുന്ന, സാമൂഹിക പ്രാധാന്യമുള്ള ഒരു കഥയാണ് ചിത്രത്തിന്റെത്’’.