Thursday 13 August 2020 12:00 PM IST

വാഴയില കൊണ്ട് തോരൻ, വെള്ളരിക്കാത്തൊലി കൊണ്ട് മോരുകറി! ഇത് വൈക്കം വിജയലക്ഷ്മിയുടെ ‘ലോക്ക് ഡൗൺ’ സ്പെഷൽ പാചകം

V.G. Nakul

Sub- Editor

vaikom-vijayalakshmi

മലയാള സിനിമയിൽ മാറ്റത്തിന്റെ കാറ്റായി പാട്ടും മൂളി വന്ന വൈക്കം വിജയലക്ഷമി ഇന്ന് തെന്നിന്ത്യയിലെ ഗായകനിരയിലെ മുൻനിരക്കാരിയാണ്. വേറിട്ട ശൈലിയും ആലാപനത്തിലെ വ്യത്യസ്തതയും ചുരുങ്ങിയ കാലത്തിനിടെ വിജയലക്ഷ്മിയെ നമ്മുടെ പ്രിയപ്പെട്ട ഗായകരിലൊരാളാക്കി. ഒപ്പം നിഷ്കളങ്കമായ സംസാരവും കൂടി ആയപ്പോൾ വീട്ടിലെ കുട്ടിതന്നെയായി ഈ വാനമ്പാടി. ലോക്ക് ഡൗൺ കാലത്ത് വിജിയെ തേടി ചെന്നപ്പോഴാണ് സംഗീതത്തിനൊപ്പം രുചിയുടെ പുതിയൊരു താളം കൂടി പകർന്നു നൽകുന്ന കാഴ്ച കണ്ടത്. അകക്കണ്ണിന്റെ വെളിച്ചത്തിൽ രുചിക്കൂട്ടുകളുമായി വിജി ഒരുക്കിയത് നാവിൽ കൊതിയൂറും വിഭവങ്ങൾ.

പാട്ടിലെന്ന പോലെ പാചകത്തിലും തനിക്ക് ശ്രുതി തെറ്റിയില്ലെന്ന് വിജയ ലക്ഷ്മി ‘വനിത ഓൺലൈനോ’ട് പറയുമ്പോൾ മുഖത്തെ ചിരിക്ക് പതിവിലും തിളക്കം. ചുമ്മാ മറ്റുള്ളവരുടെ റെസിപ്പികൾ വച്ചുള്ള കളിയല്ല. ‘വാഴയില തോരൻ’, ‘ചക്ക അച്ചാർ’ എന്നിങ്ങനെ സ്വന്തം കണ്ടു പിടുത്തങ്ങളാണ് കൂടുതൽ. ‘‘സ്റ്റേജ് ഷോസും റെക്കോഡിങ്ങും ഇല്ലാത്തതിനാൽ തിരക്ക് കുറവാണ്. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ വീട്ടിൽ തന്നെയാണ്. കുടുംബക്ഷേത്രത്തിൽ പോകാൻ മാത്രമാണ് പുറത്തിറങ്ങുക. പുതിയ കുറച്ച് രാഗങ്ങളും സങ്കീർത്തനങ്ങളും സിനിമാ പാട്ടുകളുമൊക്കെ ഇതിനിടെ പഠിച്ചു. അതിനൊപ്പമായിരുന്നു പാചക പരീക്ഷണങ്ങൾ.

വാഴയിലത്തോരൻ മുതൽ ചക്ക അച്ചാർ വരെ

വാഴയിലത്തോരൻ, കുമ്പളങ്ങയുടെ തൊലി ഉപയോഗിച്ചുള്ള മോരുകറിയും സാമ്പാറും ചമ്മന്തിയുക്കെയാണ് മെയിൻ. കുമ്പളങ്ങയുടെ തൊലിയും തേങ്ങയും ഉഴുന്നു പരിപ്പും ഉപ്പും പുളിയും ചേർത്ത് അരച്ചാൽ രുചികകമായ ചമ്മന്തിയാണ്. ചോറിനും ദോശയ്ക്കുമൊക്കെ സൂപ്പറാണ്. ചിറ്റയുടെ ഐഡിയയാണിത്. വാഴയുടെ മിക്ക ഭാഗങ്ങളും ഭക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്. എങ്കിൽ പിന്നെ എന്തുകൊണ്ട് ഇല കൊണ്ടു തോരന്‍ വച്ചൂടാ എന്ന ചിന്തയിൽ നിന്നാണ് വാഴയിലത്തോരന്റെ പിറവി. വാഴയില ചെറുതായി അരിഞ്ഞ്, തേങ്ങയും ചേർത്ത് ചീരത്തോരൻ വയ്ക്കും പോലെ തയാറാക്കിയെടുത്താൽ മതി. കഴിച്ചിട്ട് എല്ലാവരും നന്നായി എന്നാണ് പറഞ്ഞത്. വേവിന് ചെറിയ കുറവുണ്ട്. ഇലയുടെ പ്രത്യേകതയാണ്. അതിന്റെ ചെറിയ ബുദ്ധിമുട്ട് കഴിക്കുമ്പോഴുണ്ടാകും.

വെള്ളരിക്കാത്തൊലി കൊണ്ടുള്ള മോരുകറി സാധാരണ മോരുകറി വയ്ക്കും പോലെയാണ്. അതിൽ വേവിച്ച വെള്ളരിക്കാത്തൊലി കൂടി ചേർത്ത് കടുകു വറുത്തിടും. നല്ല ടേസ്റ്റാണ്. ചക്ക അച്ചാറാണ് മറ്റൊരു വിഭവം. ചക്കയുടെ ചുള ചെറുതായി അരിഞ്ഞ്, ചെറുതായി വേവിച്ച്, വിനാഗിരി കൂടി ചേർത്ത് അച്ചാറിടും.

പപ്പായ കൊണ്ടുള്ള രസമാണ് മറ്റൊന്ന്. പപ്പായ വേവിച്ച് രസപ്പൊടി ചേർത്ത് തിളപ്പിച്ചെടുക്കുകയാണ്. ഇതൊക്കെ ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിന് ചെയ്തു നോക്കിയ റെസിപ്പികളാണെങ്കിലും കഴിച്ചവരൊക്കെ അഭിനന്ദിച്ചു. അതോടെ ഡബിൾ ഹാപ്പി. ഓണത്തിന് മുതിര പായസം ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ.

പഞ്ചരത്ന കീർത്തനങ്ങൾ

എന്റെ ഗുരുനാഥൻ ആലപ്പി രംഗനാഥ് സാറ് സംഗീതത്തിലെ പഞ്ച മഹാഗുരുക്കൻമാരെ പ്രകീർത്തിച്ച് ‘പഞ്ചരത്ന കീർത്തനങ്ങൾ’ തയാറാക്കി. ഞാനാണ് ആലാപനം. അങ്ങനെ ഒരു ശ്രമം ആദ്യമാണ്. അത് ആദ്യം പനച്ചിക്കാട്ട് അവതരിപ്പിച്ചു. ഇനി ആൽബം ഇറങ്ങും. അതിന്റെ സന്തോഷമാണ് മറ്റൊന്ന്.– അച്ഛനും അമ്മയ്ക്കും ഒപ്പം ചേർന്നിരുന്ന വൈക്കം വിജയലക്ഷ്മി പറയുന്നു.