Monday 08 March 2021 02:50 PM IST

‘അഭിനയത്തിലേക്കുള്ള വരവ് എന്റെ സുജിയുടെ ഇഷ്ടം, സായ്കുമാറിന്റെ മകൾ എന്നതാണ് മേൽവിലാസം’! വൈഷ്ണവി പറയുന്നു

V.G. Nakul

Sub- Editor

vaishnavi-1

മലയാള സിനിമയിലെയും പ്രേക്ഷകരുടെയും പ്രിയ താരകുടുംബത്തിലെ മൂന്നാം തലമുറക്കാരിയാണ് വൈഷ്ണവി. ‘കയ്യെത്തും ദൂരത്ത്’ എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ കനക ദുർഗ എന്ന വില്ലത്തിയായി ഇതിനോടകം പ്രേക്ഷക ശ്രദ്ധ സ്വന്തമാക്കിക്കഴിഞ്ഞ വൈഷ്ണവി മലയാളത്തിന്റെ മഹാനടൻ സായ്കുമാറിന്റെ മകളാണ്. മലയാളത്തിന്റെ നടന ഇതിഹാസം കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകൾ. സായ്കുമാർ – പ്രസന്ന കുമാരി ദമ്പതികളുടെ ഏക മകളായ വൈഷ്ണവി, ഇതിനോടകം തനതു ശൈലിയുള്ള അഭിനേത്രിയാണ് താനെന്നു തെളിയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ, തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് വൈഷ്ണവി ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.

‘‘അഭിനയത്തിൽ ആദ്യമാണ്. എന്റെ ചെറിയമ്മയും നടിയുമായ വിജയകുമാരിയും നടി സീമ ജി നായരും വഴി അവിചാരിതമായാണ് ‘കയ്യെത്തും ദൂരത്ത്’ൽ അവസരം ലഭിച്ചത്. ഞാനും ഭർത്താവ് സുജിത് കുമാറും ദുബായിലായിരുന്നു. അവധിക്കു വന്ന്, ലോക്ക് ഡൗൺ കാലത്ത് നാട്ടിൽ കുടുങ്ങി. അങ്ങനെയിരിക്കെയാണ് ചെറിയമ്മയും സീമാന്റിയും ഈ അഭിപ്രായം എന്നോടും സുജിയോടും ചോദിച്ചത്. കേട്ടപ്പോൾ സുജിക്ക് വലിയ താൽപര്യമായി. എങ്കില്‍ പിന്നെ ഒരു കൈ നോക്കാം എന്നു ഞാനും കരുതി’’.– ‘കയ്യെത്തും ദൂരത്ത്’ലേക്കെത്തിയ വഴികളെക്കുറിച്ച് വൈഷ്ണവി പറഞ്ഞു.

vaishnavi-2

അവസരം പണ്ടേ വന്നിരുന്നു

സിനിമയില്‍ നിന്നു പണ്ടേ അവസരങ്ങൾ വന്നിരുന്നു; പത്താം ക്ലാസിൽ പഠിക്കുമ്പോഴൊക്കെ. പക്ഷേ, ഇപ്പോൾ അഭിനയിക്കേണ്ട എന്ന അഭിപ്രായമായിരുന്നു അച്ഛന്. ആദ്യം പഠനം പൂർത്തിയാക്കുക, അതിനു ശേഷം ഇഷ്ടമാണെങ്കിൽ നോക്കാം എന്ന നിലപാടായിരുന്നു. അമ്മയും അതു തന്നെയാണ് പറഞ്ഞത്. അതിനാൽ പിന്നീട് അതിനെപ്പറ്റി ചിന്തിച്ചില്ല. ഇപ്പോൾ ഒരു അവസരം വന്നപ്പോൾ സിനിമയെന്നോ സീരിയലെന്നോ ഒന്നും വേർതിരിച്ച് നോക്കാതെ, ഒരു വേദി കിട്ടുമ്പോൾ അതു നന്നായി ഉപയോഗിക്കുക എന്നു മാത്രമായിരുന്നു മനസ്സിൽ.

ആദ്യം തന്നത് പോസിറ്റീവ്

എനിക്ക് പോസിറ്റീവ് ക്യാരക്ടറും നെഗറ്റീവ് ക്യാരക്ടറും വച്ചിരുന്നു. സ്ക്രീൻ ടെസ്റ്റിന് ആദ്യം പോസിറ്റീവ് ക്യാരക്ടറാണ് ചെയ്യിച്ചത്. അത് ഓക്കെയായി. മുന്നോട്ടു പോകാം എന്നു കരുതിയിരിക്കെയാണ്, നെഗറ്റീവ് കൂടി ഒന്നു ‍ട്രൈ ചെയ്ത് നോക്കാമോ എന്ന് സംവിധായകനും നിർമാതാവും ചോദിച്ചത്. അതു കേട്ടപ്പോൾ കുറച്ചു കൂടി ആവേശമായി. പോസിറ്റീവ് ചെയ്യുന്നതിനെക്കാൾ നന്നായിരിക്കും എന്നു തോന്നി. നെഗറ്റീവ് ട്രൈ ചെയ്തപ്പോൾ എല്ലാവർക്കും അതാണ്് കൂടുതൽ ഇഷ്ടപ്പെട്ടത്. അങ്ങനെയാണ് ‘കനഗദുർഗ’യിലേക്ക് എത്തിയത്.

ഭർത്താവിന്റെ ഇഷ്ടം

അച്ഛനും അപ്പൂപ്പനും കരുത്തുറ്റ വില്ലന്‍ വേഷങ്ങള്‍ ധാരാളം ചെയ്തിട്ടുണ്ട്. അവരുടെ പ്രകടനവുമായി എന്റെ അഭിനയത്തെ ഞാൻ ഒരിക്കലും താരതമ്യപ്പെടുത്തില്ല. അവര്‍ രണ്ടും അഭിനയത്തിലെ ഇതിഹാസങ്ങളാണ്. അഭിനയിക്കുമ്പോൾ ഒരിക്കലും അവർക്ക് പേരുദോഷം കേൾപ്പിക്കരുതെന്നാണ് ആഗ്രഹം. അച്ഛന്റെ വില്ലൻ വേഷങ്ങളിൽ ‘കുഞ്ഞിക്കൂനനിലെ’ വാസുവും അപ്പൂപ്പന്റെ ‘ചെമ്മീനിലെ’ ചെമ്പൻ കുഞ്ഞുമാണ് ഏറെ ഇഷ്ടം.

അമ്മ അഭിനേത്രിയും ഗായികയുമാണ്. അഭിനയത്തിലേക്ക് വന്നപ്പോൾ അമ്മ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. താൽപര്യമുണ്ടോ എന്നു ചേദിച്ചാല്‍ ഉണ്ട്, ഇല്ലേ എന്നു ചോദിച്ചാൽ ഇല്ല എന്ന രീതിയാണ്. അമ്മയും പറഞ്ഞിരുന്നത് പഠിച്ച് ഒരു ജോലി കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത് എന്നാണ്. ഇപ്പോള്‍ എന്റെ ഭർത്താവിന്റെ പൂർണ പിന്തുണയോടെയാണ് ഞാൻ അഭിനയരംഗത്തേക്കെത്തിയിരിക്കുന്നത്. അദ്ദേഹത്തിനാണ് കൂടുതല്‍ ഇഷ്ടം. ഇപ്പോൾ സുജിയും നാട്ടിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞിട്ട് രണ്ടര വർഷം. പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.

അഭിനയം കണ്ട് പലരും നല്ല അഭിപ്രായങ്ങൾ അറിയിക്കുന്നുണ്ട്. ധാരാളം സുഹൃത്തുക്കൾ വിളിക്കുന്നു. സഹതാരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പിന്തുണയും എടുത്തു പറയേണ്ടതാണ്. പ്രകടനം മെച്ചപ്പെടുത്താൻ വേണ്ട ഉപദേശങ്ങൾ എല്ലാവരും തരാറുണ്ട്. തൽക്കാലം ഭാവി കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കനക ദുർഗയെ നന്നായി അവതരിപ്പിക്കുക എന്നതാണ് നിലവിൽ പ്രധാനം.

സായ്കുമാറിന്റെ മകൾ എന്ന വിലാസം 100 ശതമാനം പോസിറ്റീവ് ആയാണ് എനിക്ക് കരിയറിൽ ഗുണം ചെയ്യുന്നത്. അച്ഛനെ ആളുകൾ എത്രമാത്രം ബഹുമാനിക്കുന്നു, ആരാധിക്കുന്നു എന്നൊക്കെ എനിക്ക് തിരിച്ചറിയാനാകുന്നു. സായ് കുമാറിന്റെ മകളാണ് എന്ന പരിഗണന എനിക്ക് നന്നായി കിട്ടുന്നുണ്ട്.

കസിൻസൊക്കെ അഭിനയത്തില്‍ സജീവമാണല്ലോ. അനുച്ചേട്ടൻ (അനു മോഹൻ) അടുത്തിടെ കണ്ടപ്പോൾ എന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞിരുന്നു. മരിക്കും മുമ്പ് അച്ഛമ്മയെ കണ്ട് അനുഗ്രഹം വാങ്ങാൻ പറ്റിയത് വലിയ അനുഗ്രഹം.

va

ഡോ.ജാജി സുനില്‍ പകർത്തിയ വൈഷ്ണവിയുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും കാണാം:

1

v4

2

v7

3

v6

4

v1

5

v5

6

v3

7

v8

വിഡിയോ –