Monday 10 October 2022 09:59 AM IST

ഭരിക്കാൻ പകരക്കാരില്ലാത്ത ചിരിയുടെ ലോകം: വി.ഡി രാജപ്പൻ എന്ന ‘പാരഡി കിങ്’

V.G. Nakul

Sub- Editor

vd

വേദികളില്‍ സാംബശിവനും, കെടാമംഗലം സദാനന്ദനുമൊക്കെ മിന്നിത്തിളങ്ങി നിന്ന കാലത്തിനു േശഷം കഥാപ്രസംഗം എന്ന കല ജനങ്ങളുടെ ആസ്വാദന മണ്ഡലത്തില്‍ നിന്നു പതിയെപ്പതിയേ അകന്നു തുടങ്ങിയപ്പോഴായിരുന്നു, അതിനെ ഹാസ്യത്തിന്റെ കുപ്പായത്തിനുള്ളിലാക്കി വി.ഡി രാജപ്പന്‍ എന്ന പ്രതിഭ വേദികളെ കീഴടക്കിത്തുടങ്ങിയത്...

മനുഷ്യേതര ജീവിതങ്ങളുടെയും, യന്ത്രങ്ങളുടെയുമൊക്കെ കഥകൾ ചിരിയുടെ തേനിൽ കുഴച്ചു പറഞ്ഞും പാടിയും രാജപ്പനെന്ന ചെറുപ്പക്കാരന്‍ ചുരുങ്ങിയ കാലത്തിനിടെ ഒരു ജനപ്രിയകലാകാരനായി വളര്‍ന്നു.

കഥക്കൊപ്പം രാജപ്പന്‍ പാടിയിരുന്നതെല്ലാം അക്കാലത്തെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ പാരഡികളായിരുന്നു.

ഏതു പാട്ടിനും പ്രേക്ഷകരെയാകർഷിക്കുന്ന പാരഡികള്‍ കണ്ടെത്താനും അതു തന്റെ വേറിട്ട ശൈലിയിൽ പാടി ഫലിപ്പിക്കുവാനും പ്രത്യേക കഴിവായിരുന്നു രാജപ്പന്.

വേദികളില്‍ രാജപ്പന്‍ കഥ പറയുമ്പോൾ അവിടങ്ങളിലേക്കൊക്കെ ഒഴുകിയെത്തിയിരുന്ന ജനങ്ങളായിരുന്നു ഇതിനു തെളിവ്.

മലയാളത്തിലെ എക്കാലത്തേയും മികച്ച ചലച്ചിത്ര ഗാനങ്ങള്‍ക്കു രാജപ്പന്‍ എഴുതിയാലപിച്ച പാരഡികള്‍ ഇന്നും തലമുറകള്‍ കടന്നു സൂപ്പര്‍ഹിറ്റുകളായി തുടരുന്നു. പാരഡി പാട്ടുകളിലൂടെ മനുഷ്യന്റെയും, മൃഗങ്ങളുടെയും, പക്ഷികളുടെയും, വാഹനങ്ങളുടെയുമൊക്കെ പ്രണയവും, ജീവിതവും സാധാരണക്കാരുടെ ജീവിത പരിസരങ്ങളിൽ നിന്നു കണ്ടെത്തുന്ന ലളിതമായ വരികളോടെ പാടി രസിപ്പിക്കുകയായിരുന്നു രാജപ്പന്‍. സദസ്സിലിരിക്കുന്നവരെയും തന്റെ കഥപറച്ചിലില്‍ വിവിധ തരത്തില്‍ പങ്കാളികളാക്കുന്ന ഒരു ശൈലിയും രാജപ്പനുണ്ടായിരുന്നു.

‘മാക് മാക്’ മുതല്‍ ചികയുന്ന സുന്ദരി, പ്രിയേ നിന്റെ കുര, പോത്തുപുത്രി, കുമാരി എരുമ, അവളുടെ പാര്‍ട്‌സുകള്‍, എന്നെന്നും കുരങ്ങേട്ടന്റെ, അക്കിടിപ്പാക്കരന്‍, അമിട്ട്, ആനമയക്കി, നമുക്കു പാര്‍ക്കാന്‍ ചന്ദനത്തോപ്പുകള്‍ എന്നിങ്ങനെ മുപ്പത്തിയേഴോളം കഥകള്‍ വേദികളിലും കാസറ്റുകളിലുമായി അവതരിപ്പിച്ച രാജപ്പന്‍ വളരെ വേഗം താരപപ്രൗഡിയിലേക്കുയർന്നു.

ഈ താരപ്രഭാവത്തിന്റെ വെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു സിനിമാ പ്രവേശനവും.

സിനിമയിലും ഹാസ്യ പ്രധാനമായ നിരവധി വേഷങ്ങൾ രാജപ്പനെ തേടിയെത്തി. അവയൊക്കെയും തന്റെ തനതു ശൈലിയില്‍ മനോഹരമാക്കാനും അദ്ദേഹത്തിനായി. റിലീസാകാത്ത ‘കാട്ടുപോത്ത്’ ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് ‘ഞാനും വരുന്നു’വില്‍ അഭിനയിച്ചു. അതും റിലീസായില്ല. ‘കക്ക’യായിരുന്നു റിലീസായ ആദ്യ ചിത്രം. തുടര്‍ന്ന് പഞ്ചവടിപ്പാലം, ആനക്കൊരുമ്മ, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാൻ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി നൂറ്റിയമ്പതിൽ കൂടുതൽ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ‘സഖാവ്’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനും രാജപ്പനായിരുന്നു. ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലാണു അവസാനം അഭിനയിച്ചത്.

1944ജനുവരി 3 നു കോട്ടയം ഏറ്റുമാനൂരിലായിരുന്നു വെള്ളിക്കുഴിയിൽ ദേവദാസൻ രാജപ്പൻ എന്ന വി.ഡി രാജപ്പന്റെ ജനനം. ബാല്യകാലം ദുരിതങ്ങളുടേതായിരുന്നു. ദാരിദ്ര്യം കടുത്തപ്പോൾ വിദ്യാഭ്യാസം പാതിയില്‍ നിന്നു. അതോടെ ജീവിതമാര്‍ഗം തേടി ബാര്‍ബറായി.

അക്കാലത്തേ, പാട്ടുകള്‍ക്കു പാരഡിയുണ്ടാക്കി പാടി രാജപ്പന്‍ നാട്ടുകാരെ ചിരിപ്പിച്ചിരുന്നു. അങ്ങനെയിരിക്കേ, തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു ഗ്യാപ്പ് ഐറ്റമെന്ന നിലയില്‍ ആദ്യമായി രാജപ്പന്‍ തന്റെ പാരഡി പരിപാടി അവതരിപ്പിച്ചു. സംഗതി വൻ വിജയം! പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നാട്ടിലും വിദേശങ്ങളിലുമായി നിരവധി വേദികൾ. പണവും ജനപ്രീതിയും. താരപദവിയിലേറിയുള്ള യാത്രയായിരുന്നു പിന്നീടുള്ള കുറേയേറെക്കാലം.

ആരോഗ്യം നശിച്ചു അസുഖബാധിതനായ കാലത്തു രാജപ്പന്റെ ജീവിതം പ്രയാസങ്ങൾ‍ നിറഞ്ഞതായിരുന്നു. ഒടുവില്‍ 72 വയസ്സില്‍, 2016 മാർച്ച് 24നു അദ്ദേഹം മരണത്തിനു കീഴടങ്ങിയപ്പോൾ ഇല്ലാതെയായതു ഭരിക്കാൻ പകരക്കാരില്ലാത്ത ആ ചിരിയുടെ ലോകവുമായിരുന്നു...