Thursday 28 January 2021 11:52 AM IST

നാരങ്ങാവെള്ളത്തിൽ തേൻ ചേർന്ന മാജിക്, ഒപ്പം ഉഴിച്ചിലും യോഗയും! വീണ നായർ 97 കിലോയിൽ നിന്ന് 85 ലേക്ക്

V.G. Nakul

Sub- Editor

veena-nair

‘തടി കുറച്ച് കൂടുതലല്ലേ...? അൽപ്പം കുറയ്ക്കേണ്ടേ...?’ എന്ന് വീണാ നായർ ചിന്തിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. പക്ഷേ, ഓരോരോ തിരക്കുകളും മറ്റുമായി തീരുമാനം നീണ്ടു പോയി. ലോക്ക് ഡൗൺ ആയപ്പോൾ അല്ലറ ചില്ലറ പാചക പരീക്ഷണങ്ങളും ഭക്ഷണക്രമത്തിലെ മാറ്റങ്ങളുമൊക്കെയായി വണ്ണം കുതിച്ച് തൊണ്ണൂറ്റേഴിലെത്തിയതോടെ വീണ ഉറപ്പിച്ചു – ഇനി താമസിപ്പിക്കേണ്ട... ഉന്തിനൊപ്പം ഒരു തള്ള് എന്ന പോലെ മേക്കോവര്‍ ആവശ്യമുള്ള ഒരു കഥാപാത്രവും അപ്പോഴേക്കും വീണയെ തേടിയെത്തി. തടി കുറയ്ക്കാനാണെങ്കിൽ ഇതാണ് എല്ലാം കൊണ്ടും നല്ല സമയം. അങ്ങനെ വീണ തന്റെ ശരീരത്തെ പുതിയ ലുക്കിലേക്കെത്തിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിനോടകം അഞ്ചരക്കിലോയിലധികം കുറഞ്ഞു. ഇനിയും കൃത്യമായ പരിചരണത്തിലൂടെ വണ്ണം കൂടുതൽ കുറയ്ക്കാനാണ് മലയാളത്തിന്റെ പ്രിയ അഭിനേത്രി തീരുമാനിച്ചിരിക്കുന്നത്.

‘‘സത്യത്തിൽ ഒത്തിരി വണ്ണം കുറഞ്ഞിട്ടില്ല. ഹെയർ സ്റ്റൈൽ കൂടി മാറ്റിയതോടെ കൂടുതൽ മെലിഞ്ഞതായി ഫീല്‍ ചെയ്യുന്നുണ്ട്. പുതിയ ചിത്രം കണ്ട് പലരും മേക്ക് ഓവർ കൊള്ളാം എന്നൊക്കെ മെസേജ് അയക്കുന്നു. ഇനിയും കുറയ്ക്കണം എന്നുണ്ട്. അതിനായി ശ്രമിക്കും’’.– വീണ പുത്തൻ ലുക്കിനെക്കുറിച്ച് ‘വനിത ഓൺലൈനോ’ട് പറഞ്ഞു തുടങ്ങിയതിങ്ങനെ.

veena-nair-2

‘‘തടി കുറയ്ക്കണം എന്ന് കുറേ കാലമായി കരുതുന്നു. ബിഗ് ബോസ് കഴിഞ്ഞപ്പോൾ എന്റെ വെയിറ്റ് 81 കിലോ ആയിരുന്നു. ലോക്ക് ഡൗൺ സമയത്തെ കുക്കിങ് പരീക്ഷണം വീണ്ടും വെയിറ്റ് കൂടാൻ കാരണമായി. 97 വരെയായി. ഇപ്പോൾ അത് കുറഞ്ഞ് 85 ആയി.

ആയുർവേദമാണ് ചെയ്തത്. 16 ദിവസത്തെ ഉഴിച്ചിലും പിഴിച്ചിലുമായിരുന്നു. ബാക്ക് പെയിനിന്റെ ചികിത്സ കൂടി ഒപ്പം ചെയ്തു.

അവിടെ ഭക്ഷണ നിയന്ത്രണവുമുണ്ടായിരുന്നു. ഹെവി ഡയറ്റല്ല. ഫ്രൂട്ട്സ് ആണ് പ്രധാനം. കൊഴുപ്പുള്ള ഒന്നും തരില്ല. തേങ്ങ എല്ലാത്തിലും പൊതുവായി ചേർക്കും.
രാവിലെ ആറ് മണിക്ക് നാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് തരും. പ്രാതലിന് ഫ്രൂട്ട്സ്. കൂടുതലും പൈനാപ്പിളും തണ്ണിമത്തനും പപ്പായയുമാണ്. അത് വേണ്ടാത്തവർക്ക് മറ്റുള്ളവ നൽകും. ഉച്ചയ്ക്ക് തോരനും അവിയലുമാണ് പ്രധാനം. ഒപ്പം ഫ്രൂട്സ്. ഇടയ്ക്ക് കഞ്ഞി തരും. ചില ദിവസം പരിപ്പും കിച്ചടിയും. തീരെ പറ്റുന്നില്ലെങ്കിൽ വൈകിട്ട് ഒരു ചപ്പാത്തി. വെജ് സൂപ്പ് രണ്ടു നേരം നിർബന്ധം. രാത്രിയിൽ സൂപ്പും അവിയലേ തോരനോ പയറ് വേവിച്ചതോ. 14 ദിവസവും യോഗ, സ്റ്റീം ബാത്ത്, മസാജ് എല്ലാം ഉണ്ടാകും. ഒപ്പം മരുന്നുകളും.

ഡോക്ടർ പറഞ്ഞത് അത്യാവശ്യം ഇഷ്ടമുള്ള ഫുഡ് ഒക്കെ കഴിച്ച് നന്നായി വ്യായാമം ചെയ്താൽ മതി, ഇനിയും കുറഞ്ഞോളും എന്നാണ്. ഇപ്പോൾ ശരീരം മൊത്തം അയഞ്ഞല്ലോ. പട്ടിണി കിടന്നുള്ള ചികിത്സയല്ല അവിടെ ചെയ്തത്. നമ്മളെ ഹെൽത്തിയാക്കി, ഭക്ഷണരീതിയും ജീവിത രീതിയും ഒന്നു ക്രമീകരിക്കുകയായിരുന്നു. ചേറ്റുവയിലാണ് ഈ ആയുർവേദ റിസോർട്ട്.

കൂടെ വരുന്നവർക്ക് മസാല ദോശയൊക്കെ കിട്ടുമ്പോൾ നമ്മൾ ഫ്രൂട്സ് കഴിച്ച് മനോനിയന്ത്രണത്തോടെ നിൽക്കണം എന്നതാണ് പ്രധാന ടാസ്ക്...ചിരിയോടെ വീണ പറയുന്നു.

veena-nair-3

മറിയം എന്ന സന്തോഷം

‘മറിയം’ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് നിലവിലെ ഗെറ്റപ്പ് ചെയ്ഞ്ച്. ഗഫൂർ ഏലിയാസ് സംവിധാനം ചെയ്യുന്ന ചിത്രം ദുബായിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അധികരിച്ചാണ് ഒരുക്കുന്നത്. ഹൗസ് പ്രൊഡക്ഷൻസാണ് നിർമാണം. ടൈറ്റിൽ കഥാപാത്രമാണ് എനിക്ക്. ആദ്യമായാണ് ഇങ്ങനെ ഒരു ലീഡ് റോൾ ചെയ്യുന്നത്. പൂർണമായും ദുബായിലാണ് ചിത്രീകരണം.