Saturday 09 September 2023 09:42 AM IST

കാമുക ഭാവങ്ങളുടെ ‘ഒരു വേണു നാഗവള്ളി ലൈൻ’: ഓർമകളിൽ തെളിയുന്ന വിഷാദമുഖം

V.G. Nakul

Sub- Editor

Venu-cvr copy 1

സെപ്റ്റംബർ 9, വേണു നാഗവള്ളിയുടെ ഓർമദിനം...

പ്രണയത്തിന്റെയും വിരഹത്തിന്റെയും നിരാശയുടെയും വിഷാദത്തിന്റെയും നിസ്സഹായതയുടെയും പുരുഷഭാവം. കരയാനും പരാജയപ്പെടാനും ആത്മഹത്യയിൽ അഭയം തേടാനും വെമ്പുന്ന നായകശരീരം. ഇതൊക്കെച്ചേരുന്നതായിരുന്നു വേണു നാഗവള്ളി എന്ന നടൻ: ഒരു ‘നിത്യയൗവ്വന കാമുക മുഖം’!

ഇതിനൊക്കെയപ്പുറം പോകുന്ന ഒരു മികച്ച കഥാപാത്രത്തെ മലയാള സിനിമ അദ്ദേഹത്തിനു നൽകിയില്ല. അതുകൊണ്ടാകാം ഒരു ഘട്ടം കഴിഞ്ഞപ്പോൾ തന്നിലെ നടനെ പിന്നിലേക്കു നീക്കി നിർത്തി തിരക്കഥാകൃത്തും സംവിധായകനുമായി അദ്ദേഹം പുതിയൊരു കരിയർ പ്ലാൻ നിർമിച്ചതും! അതു ശരിയുമായിരുന്നു എന്നു പിന്നീടുള്ള ‘വേണുനാഗവള്ളി ഫിലിമോഗ്രഫി’ തെളിയിക്കുന്നു.

അലസമായ മുടിയിഴകളും വിഷാദം തുളുമ്പുന്ന കണ്ണുകളും ആത്മവിശ്വാസം വാർന്നു പോയ മുഖവും നേർത്ത സംസാരവും നിസ്സഹായത പുരണ്ട ചിരിയും ഇരുണ്ട നിറവും മെലിഞ്ഞ ശരീരവുമൊക്കെയായി, പരമ്പരാഗത പുരുഷ ലാവണ്യ ലക്ഷണങ്ങളെയും നായക സങ്കൽപ്പങ്ങളേയും കുടഞ്ഞെറിയുന്നതായിരുന്നു വേണുവിന്റെ കഥാപാത്രങ്ങൾ: അൽപ്പം തമാശ കലർത്തിപ്പറഞ്ഞാൽ ‘ഒരു വേണു നാഗവള്ളി ലൈൻ’ (വേണു നാഗവള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘സർവകലാശാല’ എന്ന ചിത്രത്തിൽ മണിയൻപിള്ള രാജുവിന്റെ കഥാപാത്രം പറയുന്നതാണ് ഈ ഡയലോഗ് എന്നതാണ് കൗതുകം). ഉള്‍ക്കടലിലെ രാഹുലൻ, ശാലിനി എന്റെ കൂട്ടുകാരിയിലെ പ്രഭ, യവനികയിലെ ജോസഫ് കൊല്ലപ്പള്ളി, ചില്ലിലെ അനന്തു...പട്ടിക നിരത്തിയാൽ മേൽവിവരിച്ച ‘വിഷാദകാമുക’ കഥാപാത്രങ്ങള്‍ എത്രയോ...

തന്റെ നായക വേഷങ്ങൾ വിപണിസ്വീകാര്യതയുടെ പുറത്തായ ആയിരത്തിതൊള്ളായിരത്തി എൺപതുകൾക്കു ശേഷം അദ്ദേഹം അഭിനയത്തിൽ സജീവമായില്ല. ആദ്യ സംവിധാന സംരംഭമായ ‘സുഖമോ ദേവി’യോടെ സംവിധാനത്തിലും തിരക്കഥയെഴുത്തിലുമായി കൂടുതൽ ശ്രദ്ധ. അതിനു മുമ്പേ ‘ഈ ഗാനം മറക്കുമോ (1978), ദൈവത്തെ ഓർത്ത്, ഗുരുജീ ഒരു വാക്ക്, ഗായത്രി ദേവി എന്റെ അമ്മ (1985) എന്നീ ചിത്രങ്ങൾക്ക് വേണു തിരക്കഥയെഴുതിയിരുന്നു.

വേണു ഗാഗവള്ളി എന്ന നടനേക്കാൾ വേണു നാഗവള്ളി എന്ന സംവിധായകനാകും മലയാള സിനിമയുടെ ചരിത്രത്തിൽ കൂടുതൽ അടയാളപ്പെടുക.

‘സർവകലാശാല’, ‘അയിത്തം’, ‘ലാൽ സലാം’, ‘ഏയ് ഓട്ടോ’, ‘കിഴക്കുണരും പക്ഷി’, ‘കളിപ്പാട്ടം’, ‘അഗ്നിദേവൻ’ എന്നിങ്ങനെ കലാമൂല്യവും, വിപണിസാധ്യതകളും സമാസമം ചേർന്ന നിരവധി സിനിമകൾ അദ്ദേഹം പലകകാലങ്ങളിലായി ഒരുക്കി. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ‘കിലുക്കം’ വേണുവിന്റെ തിരക്കഥയിലാണൊരുങ്ങിയത്.

സാഹിത്യകാരനായ നാഗവള്ളി ആർ.എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനായി 1949 ഏപ്രിൽ 16 നു ആലപ്പുഴയിലെ രാമങ്കയിലായിരുന്നു എൻ.എസ് വേണുഗോപാൽ എന്ന വേണു നാഗവള്ളിയുടെ ജനനം. ഡിഗ്രി പഠനത്തിനു ശേഷം 1975ൽ പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ തിരക്കഥാരചന പഠിക്കാൻ ചേർന്നെങ്കിലും പൂർ‌ത്തിയാക്കിയില്ല. സംവിധാനം പഠിക്കാനായിരുന്നു ആഗ്രഹം. തിരുവനന്തപുരം ഭാരതീയ വിദ്യാഭവനിൽ നിന്നു ജേണലിസം പഠിച്ചിറങ്ങിയ ഉടൻ ആകാശവാണിയിൽ ജോലി. ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസറായിരിക്കെയാണ് സിനിമയിലേക്കെത്തിയത്.

ജോർജ് ഓണക്കൂറിന്റെ ‘ഉൾക്കടൽ’ എന്ന നോവൽ സിനിമയാക്കിയപ്പോൾ സാഹിത്യ വിദ്യാര്‍ത്ഥിയും അധ്യാപകനും കവിയും കാമുകനുമായ രാഹുലനാകാൻ സംവിധായകൻ കെ.ജി ജോർജ് തിരഞ്ഞെടുത്തത് വേണുവിനെ. ജോർജിന്റെ ആ തീരുമാനം പൂർണമായും ശരിയായിരുന്നു എന്നു കാലം തെളിച്ചു. പിന്നീടുള്ള കുറേയേറെക്കാലം മലയാള സിനിമയുടെ കാമുകമുഖമായി വേണു.

‘ശരദിന്ദു മലര്‍ദീപ നാളം നീട്ടി
സുരഭിലയാമങ്ങള്‍ തിരിനീട്ടി’ എന്ന ‘ഉൾക്കടലി’ലെ മനോഹരമായ ഗാനം പ്രേക്ഷകരുടെ മനസ്സിലേക്കു പാറി വരുമ്പോൾ തെളിയുന്ന രണ്ടു മനുഷ്യർ – ശോഭയും വേണു നാഗവള്ളിയും.

നായകന്‍ രാഹുലനും നായിക റീനയുമായി അവർ ആ ഗാനത്തെ പ്രണയത്തിന്റെ വസന്തമാക്കുകയായിരുന്നു. ഒ.എന്‍.വിയുടെ വരികള്‍ക്കു എം.ബി ശ്രീനിവാസന്‍ ഈണമിട്ടു, ജയചന്ദ്രനും സല്‍മാ ജോര്‍ജും ചേര്‍ന്നു പാടിയ ആ ഗാനത്തെ ഈ രണ്ടാളുകളിൽ നിന്നു വേർപെടുത്തി സങ്കൽപ്പിക്കുക പ്രയാസം. വേണുവും ജലജയും ശോഭയും ഒന്നിച്ചെത്തിയ ‘ശാലിനി എന്റെ കൂട്ടുകാരി’യിലെ ‘ഹിമശൈലസൈതഭൂമിയിൽ...’ എന്ന ഗാനത്തിന്റെ രംഗങ്ങൾ മറ്റൊരു ഉദാഹരണം. ജലജയും വേണുവും ചേർന്ന ‘ചില്ലി’ലെ ‘പോക്കുവെയിൽ പൊന്നുരുകി...’യും മറക്കാനാകില്ല...

അക്കാലത്തെ പല കാമുകൻമാരും വേണു നാഗവള്ളി എന്ന അതീവ കാൽപനികതയെ അനുകരിക്കാൻ ശ്രമിച്ചു എന്നതിലും വേണുവിനെ പോലെയൊരു കാമുകനെ കിട്ടാൻ പെൺകുട്ടികൾ കൊതിച്ചിരുന്നു എന്നതിലും ഒട്ടും അതിഭാവുകത്വമില്ല.

യഥാർഥ ജീവിതത്തില്‍ തന്നെ വിട്ടു പോയ ഒരു പ്രണയത്തെക്കുറിച്ചു പലപ്പോഴും വേണു പറഞ്ഞിരുന്നു. ആ പ്രണയപരാജയത്തിന്റെ ഓർമകൾ കൂടി ചേർത്തു വച്ചാകണം തന്റെ കാമുകവേഷങ്ങളെ അദ്ദേഹം പൂർത്തിയാക്കിയിരുന്നതെന്നു കരുതാം. അതാകാം അയാളുടെ ഒച്ച പതറിയപ്പോൾ പ്രേക്ഷകരുടെ നെഞ്ചു പിടഞ്ഞതും...ഒടുവിൽ സിനിമയുടെ തിരക്കുകളിൽ നിന്നൊതുങ്ങി നിന്ന ചെറിയകാലത്തിനൊടുവിൽ 2010 സെപ്റ്റംബർ 9 നു 61 വയസ്സിൽ വേണു പോയി...പിന്നിട്ട കാലങ്ങളുടെ കാൽപനിക തിരയനുഭവങ്ങളെ ബാക്കിയാക്കിയുള്ള മടക്കം...