Thursday 08 July 2021 03:29 PM IST

‘വൃക്ക ഞാൻ കൊടുത്തോളാം... എന്റെ കു‍ഞ്ഞിനെ തിരിച്ചു കിട്ടിയാൽ മതി’! ദുരിതക്കയത്തിൽ ‘സാറാസ്’ ലെ അമ്മായി

V.G. Nakul

Sub- Editor

vimala-1

താൻ അഭിനയിച്ച സിനിമയും താൻ പറഞ്ഞ ഡയലോഗും പ്രേക്ഷകർ ആഘോഷമാക്കുമ്പോൾ ജീവിതത്തിന്റെ ദുരിതക്കടലിൽ ദിക്കറിയാതെ അലയുകയാണ് വിമല നാരായണൻ എന്ന അഭിനേത്രി.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത്, അന്ന ബെൻ നായികയായ ‘സാറാസ്’ എന്ന ചിത്രത്തിൽ, സാറയുടെ അമ്മായിയുടെ റോളിൽ തിളങ്ങിയത് വിമലയാണ്. ചിത്രത്തിലെ, ‘ഇത് മറ്റേതാ... ഫെമിനിസം’ എന്ന വിമലയുടെ ഡയലോഗ് ട്രെയിലറിലെത്തിയപ്പോഴേ ഹിറ്റായിരുന്നു. സിനിമയിൽ തമാശയാണ് കാട്ടുന്നതെങ്കിലും ജീവിതത്തിൽ കണ്ണീരുണങ്ങാത്ത പകലിരവുകളാണ് ഈ അമ്മയുടേത്.

എറണാകുളം സ്വദേശിനിയാണ് വിമല. വിമലയുടെ മൂത്ത മകൾ ശ്രീവിദ്യ രണ്ടു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലാണ്. മകളുടെ ചികിത്സയ്ക്ക് പണമില്ലാതെ ഉഴലുകയാണ് വിമല. മകള്‍ക്ക് തന്റെ വൃക്ക നല്‍കാന്‍ വിമല തയ്യാറാണെങ്കിലും അതിനുള്ള പണം കണ്ടെത്താനാകുന്നില്ല. സർജറിക്കു മാത്രം 11 ലക്ഷം രൂപ വേണം. മറ്റു ചിലവുകൾ കൂടിയാകുമ്പോൾ അതിൽ കൂടുതലാകും.

‘‘എന്റെ വൃക്ക മോൾക്ക് ചേരും. പക്ഷേ, സർജറിക്ക് മാത്രം 11 ലക്ഷം രൂപ വേണം. അതിനുള്ള വഴി തേടുകയാണ് ഞാൻ. സുമനസ്സുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും എനിക്ക് രക്ഷിക്കണം. അവൾ ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ’’. – കരച്ചിലടക്കാൻ പ്രയാസപ്പെട്ട് വിമല ‘വനിത ഓൺലൈനോട്’ പറഞ്ഞു.

പ്രസാദാണ് ശ്രീവിദ്യയുടെ ഭർത്താവ്. മാവേലിക്കരയിൽ കട നടത്തിയിരുന്ന പ്രസാദിന് ഭാര്യയുടെ ചികിത്സയ്ക്കായി എറണാകുളത്തേക്ക് വരേണ്ടി വന്നു. അതോടെ തെരുവിൽ ചെരുപ്പ് കച്ചവടം തുടങ്ങി. കോവിഡ് കാലത്ത് അതും നിന്നു. വരുമാനം പൂർണമായും നിലച്ചു. ഇവർക്ക് ഒമ്പത് വയസ്സുകാരി മകളുണ്ട്.

തൈക്കൂടത്ത് വാടകവീട്ടിലാണ് വിമലയും മകളും കുടുംബവും ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. സിനിമയിലെ സുഹൃത്തുക്കളൊക്കെച്ചേർന്ന് ഇപ്പോൾ വിമലയുടെ കുടുംബത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിലും സുമനസ്സുകളുടെ സഹായം കൂടിയുണ്ടെങ്കിലേ മുഴുവൻ പണവും കണ്ടെത്താനാകൂ.

പതിനേഴാം വയസിലായിരുന്നു വിമലയുടെ വിവാഹം. രണ്ട് പെണ്‍മക്കളാണ് വിമലയ്ക്ക്. കുഞ്ഞുങ്ങള്‍ ചെറുതായിരിക്കെ ഭര്‍ത്താവ് നാരായണന്‍ മരിച്ചു.

പിന്നീട് പറക്കമുറ്റാത്ത കുട്ടികളെ വളര്‍ത്താൻ വിമല കുറേയധികം കഷ്ടപ്പെട്ടു. വീട്ടിൽ അച്ചാറുകള്‍ ഉണ്ടാക്കി കൊണ്ടു നടന്നു വിറ്റു. തേയിലക്കമ്പനിയിൽ പണിക്കു പോയി. അങ്ങനെ പല ജോലികൾ. ഇതിനിടെ സ്വന്തം വീട് വില്‍ക്കേണ്ടി വന്നു. രണ്ട് പെണ്‍കുട്ടികളെയും കല്യാണം കഴിപ്പിച്ചയച്ചു. വിനിതയാണ് ഇളയ മകൾ.

ഇതിനിടെ ഒരു സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ഓഫിസിൽ ജോലിക്കു പോകാന്‍ തുടങ്ങി. അവിടെ നിന്നാണ് ഡബ്ബിങ്ങിലേക്കും അഭിനയത്തിലേക്കുമെത്തുന്നത്. ‘മഹേഷിന്റെ പ്രതികാരം’, ‘കുമ്പളങ്ങി നൈറ്റ്സ്’ ഉൾപ്പടെയുള്ള മലയാളം സിനിമകളിലും രണ്ട് തമിഴ് സിനിമയിലും അഭിനയിച്ചു. ചെറു വേഷങ്ങളായതിനാൽ വലിയ പ്രതിഫലം ലഭിക്കില്ല. പരമാവധി കിട്ടിയിട്ടുള്ളത് ഒരു സിനിമയ്ക്ക് 7000 രൂപയാണ്. കൊവിഡ് വന്ന്, സിനിമാ വ്യവസായം പ്രതിസന്ധിയിലായതോടെ വരുമാനം നിലച്ചു. ഇതിനിടെയാണ് മകള്‍ക്ക് വൃക്ക രോഗം സ്ഥിരീകരിക്കുന്നതും ഡയാലിസിസ് വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതും. ഡയാലിസിസിനായി ആദ്യം കഴുത്തിന് സര്‍ജറി നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് വലത് കയ്യിലും ചെയ്‌തെങ്കിലും അതും വിജയിച്ചില്ല. ഏറ്റവുമൊടുവില്‍ ഇടതു കയ്യിൽ സര്‍ജറി ചെയ്തെങ്കിലും പരാജയമായിരുന്നു ഫലം.

ഇതിനിടെ മറ്റൊരു ചതിയുണ്ടായി. വിമലയെയും മകളെയും ഉൾപ്പെടുത്തി, സഹായം അഭ്യര്‍ത്ഥിച്ച് ഒരു വിഡിയോ തയാറാക്കാമെന്നും അതു വഴി സഹായം ലഭിക്കുമെന്നും വിശ്വസിപ്പിച്ച് ഒരാൾ 16000 രൂപ വാങ്ങി. പക്ഷേ, വിഡിയോയ്ക്ക് വലിയ പ്രതികരണം കിട്ടിയില്ല.

കുറേയധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയിൽ വലിയ ബന്ധങ്ങൾ വിമലയ്ക്കില്ല. ‌മധു സി നാരായണനും ദിലീഷ് പോത്തനുമുൾപ്പടെയുള്ള സംവിധായകരും ഉൾപ്പടെ കുറേപ്പർ ഇതിനോടകം വിമലയെ സഹായിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്.