ADVERTISEMENT

വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവനടനായും മലയാളികൾക്ക് പ്രിയങ്കരനായിരുന്ന നടൻ അനിൽ മുരളിയുടെ മരണം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. പോലീസ് വേഷങ്ങളിൽ തിളങ്ങിയ അനിൽ മുരളിയുടെ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു വാൽക്കണ്ണാടിയിലെ ‘തമ്പാൻ ’ . പക്ഷേ അതിനും വർഷങ്ങൾക്കു മുൻപ് അദ്ദേഹം സിനിമയിൽ എത്തിയിരുന്നു. വിനയൻ സംവിധാനം ചെയ്ത ‘കന്യാകുമാരിയിൽ ഒരു കവിത’ ആയിരുന്നു ആദ്യ ചിത്രം. അനിൽ മുരളിയുടെ അപ്രതീക്ഷിത വിയോഗത്തിൽ അദ്ദേഹവുമൊത്തുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ വിനയൻ.

‘കന്യാകുമാരിയിലൊരു കവിതയുടെ ഡിസ്കഷൻ തിരുവനന്തപുരത്ത വച്ചായിരുന്നു. അവിടെ ഹൈലാൻഡ് ഹോട്ടലിൽ ചർച്ചകളുമായിരുന്നപ്പൊ ഒരു പയ്യൻ എന്നെ കാണാൻ വന്നു, അനിൽ മുരളി. വില്ലൻ വേഷമൊക്കെ ചെയ്യാൻ പറ്റുമെന്ന് തോന്നില്ല, ഒരു പാവം ചെറുപ്പക്കാരൻ. നല്ല പെരുമാറ്റം. ആ സമയത്ത് ചില സീരിയലുകളിലൊക്കെ അഭിനിയിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അവന്റെ അഭിനയവും പെരുമാറ്റവും എല്ലാം ഇഷ്ടമായതുകൊണ്ടാണ് അവന് ആ സിനിമയിൽ ചാൻസ് കിട്ടിയത്. പിന്നീട്, പല വട്ടം അവന് പറ്റിയ റോളുകൾ വരുമ്പോൾ ഞാൻ വിളിച്ചു. അപ്പോഴൊക്കെ അവൻ മറ്റ് സിനിമകളുടെ തിരക്കിൽ പെട്ട് കിടക്കുകയായിരുന്നു. ഞാൻ അവസാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതിയിൽ പക്ഷേ, അവൻ അഭിനയിച്ചു.

ADVERTISEMENT

ഈ വേർപാട് തീരെ പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് വിലക്കുണ്ടായിരുന്നപ്പോഴും അവനെന്നെ വിളിച്ചിരുന്നു. ഞാൻ അഭിനിയിക്കാം ‘സാർ, എന്റെ ഗുരുവാണെ’ന്ന് പറയും എന്നൊക്കെ. അന്നവനോട് ഞാൻ പറഞ്ഞു, ഗുരു നിന്റെ കഞ്ഞിയിൽ പാറ്റയിട്ട അവസ്ഥയാകും. അതുകൊണ്ട് ഒന്നും വേണ്ടെന്ന്. മരിക്കുന്നതിന് കുറച്ചു നാളുകൾ മുൻപ് എന്നെ വിളിച്ചു, പുതിയ സിനിമ ‘19–ാം നൂറ്റാണ്ടിൽ’ വേഷമുണ്ടാകില്ലെയെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു വേഷമുണ്ടാകും. പക്ഷേ, നീ ശരീരം നന്നായൊന്നു മിനുക്കണം എന്ന്. അവൻ ക്ഷീണിതനായിരുന്നു, പക്ഷേ ആ സമയത്ത് എനിക്കറിയില്ലായിരുന്നു അവനിത്ര വയ്യാതിരിക്കുകയാണെന്ന്. ഞാൻ ആശുപത്രിയിൽ വിളിച്ചപ്പോൾ കരൾ മാറ്റിവയ്ക്കാനുള്ള സിറ്റുവേഷൻ പോലും കഴിഞ്ഞുപോയെന്നാണ് മനസിലായത്. എനിക്ക് മണിയെ ഓർമ വന്നു, അതെ അകാലത്തിൽ നഷ്ടപ്പെട്ടുപോയ മറ്റൊരാൾകൂടി. എനിക്ക് പ്രിയപ്പെട്ട അനിൽ മുരളി.’

ADVERTISEMENT
ADVERTISEMENT