ഒരു ദിവസം ഒന്നും പറയാതെ പാഞ്ചു പോയി...അച്ഛനും അമ്മയും അനിയനുമൊന്നും ഇപ്പോഴും ആ യാഥാർഥ്യത്തോട് പൊരുത്തപ്പെടാനായിട്ടില്ല. പാട്ടിൽ ലയിച്ച്, ഈ വീടിനുള്ളിലെവിടെയോ അവനിരിക്കുന്നുണ്ടെന്ന് അവരോരുത്തരും വിശ്വസിക്കുന്നു. തന്റെ നെഞ്ചില്‍ ചാഞ്ഞ് അവൻ കിടക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയിൽ അച്ഛന്‍ ഉറക്കം വിട്ടുണരുന്നു...ചേട്ടന്റെ കുപ്പായങ്ങളണിഞ്ഞ് അനിയൻ ആ സാന്നിധ്യത്തെ ആവോളം തന്നിലേക്ക് ചേർത്തു പിടിക്കുന്നു... എന്തു പറഞ്ഞാലും അമ്മ തന്റെ പാഞ്ചുക്കുട്ടനിലെത്തി നിൽക്കുന്നു...ഒടുവിൽ അവരെല്ലാം വിതുമ്പലോടെ തിരിച്ചറിയുന്നു...ഇല്ല...അവനില്ല....

തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂരിന്റെ മകന്‍ മാധവ് വിനോദിന്റെ മരണം അപ്രതീക്ഷിതമായിരുന്നു. ഒക്ടോബർ 14 നാണ് തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ഇരുപതുകാരനായ മാധവ് ജീവൻ വെടിഞ്ഞത്. വിനോദ് – തുഷാര ദമ്പതികളുടെ മൂത്ത മകനാണ് പാഞ്ചു എന്നു വിളിക്കുന്ന മാധവ്. അനിയൻ വിനായക് ഒമ്പതാം ക്ലാസ് വിദ്യാർഥി.
‘‘ജനിച്ചപ്പോഴേ അവന് ബ്രെയിനിൽ ചെറിയ പ്രശ്നമുണ്ടായിരുന്നു. ആറ് മാസത്തിൽ അത് ഓപ്പറേറ്റ് ചെയ്ത് ഭേദമാക്കി. ആളിന് മൊത്തത്തിൽ അൽപ്പം സ്പീഡ് കുറവായിരുന്നു. മറ്റു കുട്ടികളുടെ അത്ര ആക്ടീവായിരുന്നില്ല. സംഗീതമായിരുന്നു അവന്റെ ജീവൻ. പാട്ടുകളും വീടുമായിരുന്നു ലോകം.

രണ്ട് മാസം മുമ്പ് അവന് ചെറിയ ഫിറ്റ്സ് വന്നു. ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് തലയ്ക്കുള്ളിൽ ഒരു ചെറിയ ഗ്രോത്ത് ഉണ്ടെന്ന് കണ്ടു പിടിച്ചത്. പെട്ടെന്ന് ഓപ്പറേറ്റ് ചെയ്യണം എന്നു പറഞ്ഞു. വൈകാതെ അവനെ ക്ഷീണം ബാധിച്ചു തുടങ്ങി. സർജറി നടന്നു. വിജയിച്ചു. നോർമലായി തിരിച്ച് വീട്ടിൽ വന്ന് അവൻ പാട്ടും പരിപാടികളിലേക്കുമൊക്കെ കടന്നപ്പോഴാണ്....
ഒരു ദിവസം രാവിലെ, അവൻ എന്റെ അടുത്ത് കിടക്കുകയായിരുന്നു. പെട്ടെന്നൊരു ഒരു ശബ്ദമുണ്ടാക്കി. നോക്കുമ്പോൾ കണ്ണുകൾ മുകളിലേക്ക് മറിയുന്നു. ഫിറ്റ്സ് പോലെ കാണിച്ചു....മൊത്തം ഒരു പത്ത് സെക്കൻഡ്... എല്ലാം കഴിഞ്ഞു... ഉടൻ ആശുപത്രിയിലെത്തിച്ച്, വെന്റിലേറ്ററിലാക്കിയെങ്കിലും വൈകിയിരുന്നു. ബ്രെയിനിനുള്ളിൽ ബ്ലീഡിങ്... എന്തു വേണമെന്ന് നിങ്ങൾക്കു തീരുമാനിക്കാം എന്നു പിറ്റേ ദിവസം ഡോക്ടർ പറഞ്ഞു. വെന്റിലേറ്ററില്‍ രണ്ടോ മൂന്നോ ദിവസം കൂടി തുടർന്നാലും അവന്‍ തിരിച്ചു വരില്ലെന്ന് ഉറപ്പായിരുന്നു. ഞാനെന്ത് പറയണമെന്നറിയാതെ തകർന്നു. അപ്പോഴും എന്റെ ഭാര്യയ്ക്കും ബന്ധുക്കൾക്കുമൊന്നുമറിയില്ല, അവന്‍ ഗുരുതരാവസ്ഥയിലാണെന്ന്. അവൻ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് അവർ. ഓപ്പറേഷനൊക്കെ കഴിഞ്ഞ് സുഖപ്പെട്ടു വന്ന കുട്ടി മരണത്തിലേക്ക് പോകുമെന്ന് അവരാരും ചിന്തിക്കുന്നില്ലല്ലോ... അവരെ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കണം. എന്തു പറയും...ഒരു ദിവസം കൂടി നോക്കാമെന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു. എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല. അവൻ തിരിച്ചു വന്നാലോ...ഒരു ദിവസം കൂടി എന്റെ മോനെ എനിക്ക് ജീവനോടെ കാണാന്‍ പറ്റുമല്ലോ...പക്ഷേ...അവൻ തിരിച്ചു വരില്ലെന്ന് ഡോക്‌ടർമാർക്ക് ഉറപ്പായിരുന്നു. ബ്രെയിൻ ഡെത്താണ്. എന്നിട്ടും എന്റെ സമാധാനത്തിന് അവർ വെയ്റ്റ് ചെയ്തു. അവസാനമായി ഞാനും ഭാര്യയും കൂടി അവനെ കയറി കണ്ടു...അപ്പോഴും അവൾക്ക് അറിയില്ലായിരുന്നു, അവനെ ഇനി ജീവനോടെ തിരികെക്കിട്ടില്ലെന്ന്...’’.– ഒരു വലിയ കരച്ചിലിലേക്ക് വിനോദ് മുങ്ങിപ്പോയി...വാക്കുകള്‍ കിട്ടാതെ ആ പിതാവ് വിതുമ്പിക്കൊണ്ടേയിരുന്നു...

എല്ലാം പാഞ്ചു
എല്ലാവരുടെയും പെറ്റായിരുന്നു പാഞ്ചു. നല്ല പരിചയമുള്ളവരോടു മാത്രമേ അടുക്കൂ. വീട്ടിൽ എപ്പോഴും അവന്റെ കാര്യങ്ങൾക്കായിരുന്നു മുൻഗണന. അനിയന്‍ എപ്പോഴും ചേട്ടന്റെ നിഴല് പോലെ ഒപ്പമുണ്ടാകും. പാഞ്ചു പോയത് അവന് താങ്ങാനായിട്ടില്ല. എപ്പോഴും ഓരോന്നു ചെയ്യുമ്പോഴും ചേട്ടന്റെ ഓർമകളാണ്. ചേട്ടന്റെ ഉടുപ്പുകളിട്ടാണ് ഇപ്പോൾ അവന്‍ നടക്കുന്നത്. ഭാര്യ എന്തു പറഞ്ഞാലും പാഞ്ചുവിലേക്ക് എത്തും. കരയും. ഞാൻ അവളുടെ അടുത്തു നിന്നു മാറിയിട്ടേയില്ല....
ദക്ഷിണാമൂർത്തി സ്വാമിക്ക് പാഞ്ചുവിനെ വലിയ ഇഷ്ടമായിരുന്നു. അവനെ കാണാൻ വീട്ടിൽ വരുമായിരുന്നു. ഒപ്പമിരുത്തി അവന് വേണ്ടി മാത്രം അദ്ദേഹം പാടും...അദ്ദേഹത്തെ അവന് ജീവനായിരുന്നു...അതൊക്കെയോർക്കുമ്പോൾ...
ശരത് നായകനായി തിയറ്ററുകളിലെത്തിയ ‘മിഷൻ സി’ ആണ് വിനോദ് സംവിധാനം ചെയ്ത പുതിയ ചിത്രം.