‘ജ്വാലയായി’യിലെ ലിസി എന്നതിനപ്പുറം മറ്റൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ല, യമുനയെ മലയാളി പ്രേക്ഷകർ തിരിച്ചറിയാൻ. മലയാളം ടെലിവിഷൻ സീരിയലുകളുടെ ചരിത്രത്തിൽ ആ പരമ്പരയും അതിലെ കഥാപാത്രങ്ങളും അത്രത്തോളം നിറഞ്ഞു നിൽക്കുന്നു.

മലയാളത്തിൽ മെഗാസീരിയലുകളുടെ തുടക്കം മുതൽ യമുന അഭിനയരംഗത്തുണ്ട്. രണ്ട് പതിറ്റാണ്ട് പിന്നിട്ട് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി ആ അഭിനയ യാത്ര ഇപ്പോഴും തുടരുന്നു.
ഇപ്പോഴിതാ, ഒരു പുതിയ ജീവിതത്തിലേക്കു കടന്നിരിക്കുകയാണ് മലയാളത്തിന്റെ ഈ പ്രിയതാരം. കഴിഞ്ഞ ദിവസം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് താരം വിവാഹിതയായി. അമേരിക്കയില്‍ സൈക്കോ തെറപ്പിസ്റ്റാണ് താരത്തിന്റെ ജീവിത പങ്കാളി ദേവൻ രാഘവൻ അയ്യങ്കേരിൽ. യമുനയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ താരത്തിന് ആമി, ആഷ്മി എന്നീ രണ്ട് പെൺമക്കളുണ്ട്.
വിവാഹ വിശേഷങ്ങളെക്കുറിച്ച് ‘വനിത ഓൺലൈനി’ൽ മനസ്സ് തുറക്കുകയാണ് യമുന.
‘‘കഴിഞ്ഞ ഏഴാം തീയതി മൂകാംബികയിൽ വച്ചായിരുന്നു വിവാഹം. ഒരു പൊതു സുഹൃത്ത് വഴി വന്ന ആലോചനയാണ്. പക്കാ അറേഞ്ച്ഡ്. മാവേലിക്കരയാണ് അദ്ദേത്തിന്റെ നാട്. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റാണ്’’. – യമുന പറഞ്ഞു തുടങ്ങി.

‘‘ആറു മാസം മുൻപേ ഈ ആലോചനയെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും ഉടൻ മറ്റൊരു വിവാഹത്തിന് ഞാൻ താൽപര്യം കാണിച്ചിരുന്നില്ല. കൊറോണയുടെ പ്രശ്നങ്ങളൊക്കെ വന്നപ്പോൾ സുഹൃത്തുക്കൾ വീണ്ടും നിർബന്ധിച്ചു. രണ്ട് പെൺമക്കളാണ് വളർന്നു വരുന്നത്, ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാൽ ശരിയാവില്ല എന്ന് പ്രിയപ്പെട്ടവരൊക്കെ കർശനമായി പറഞ്ഞു. ഒറ്റയ്ക്ക് രണ്ട് പെൺകുട്ടികളെ വളർത്തിയെടുക്കുമ്പോൾ പലരേയും പല ആവശ്യങ്ങൾക്കും ആശ്രയിക്കേണ്ടി വരും. എല്ലാക്കാലവും അതു പറ്റില്ല. അങ്ങനെയാണ് ഒരു കൂട്ട് വേണം എന്നു തോന്നിത്തുടങ്ങിയത്’’.– യമുന പറയുന്നു.
അവർ പറഞ്ഞു, ‘അമ്മ ഒറ്റയ്ക്കാവരുത്...’
ഞങ്ങൾ തമ്മിൽ ആദ്യം സംസാരിച്ച ശേഷം അദ്ദേഹം ആവശ്യപ്പെട്ടത് എന്റെ മക്കളോട് സംസാരിക്കണം എന്നാണ്. അദ്ദേഹം മക്കളോട് സംസാരിച്ച്, അവരുടെ അഭിപ്രായം ചോദിച്ച്, അവർ കംഫർട്ട് ആയി. ‘ഓക്കെ അമ്മാ...’ എന്ന് അവർ പറഞ്ഞ ശേഷമാണ് തീരുമാനം എടുത്തത്.

എന്റെ മൂത്ത മോൾ ഇപ്പോൾ പത്താം ക്ലാസിലാണ്. അവൾ വളരെ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന ആളാണ്. ധാരാളം വായിക്കും. എഴുതും. ഞങ്ങളുടെ ജീവിതത്തിൽ എന്തു തീരുമാനത്തിനും അവളുടെ അഭിപ്രായം കൂടി ഞാൻ ഗൗരവമായി പരിഗണിക്കാറുണ്ട്. എന്നെ പല കാര്യങ്ങളിലും ഉപദേശിക്കുന്നതും അവളാണ്.
ഈ വിവാഹക്കാര്യം വന്നപ്പോൾ, ‘‘അമ്മ ഒറ്റയ്ക്കാവരുത്...’’ എന്നാണ് മക്കള്‍ രണ്ടും പറഞ്ഞത്. നേരത്തെയും പല പ്രപ്പോസൽസും വന്നപ്പോഴും,‘‘അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല. ഒരു തീരുമാനം എടുക്കണം’’ എന്നവർ പറഞ്ഞിട്ടുണ്ട്. ഇത് എല്ലാം കൊണ്ടും ഒത്തു വന്നപ്പോൾ അവർക്കും വലിയ സന്തോഷമായി.

ഞാനും അദ്ദേഹവും മറ്റൊരു ഫ്ലാറ്റിലാണ്. മക്കൾ എന്റെ അമ്മയ്ക്കൊപ്പവും. ഞാൻ രണ്ടിടത്തായി നിൽക്കും. മക്കളുടെ വ്യക്തി സ്വാതന്ത്യം മുൻനിർത്തിയാണ് ഈ തീരുമാനം. അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങിയാൽ ഞാൻ മക്കൾക്കൊപ്പമാകും മുഴുവൻ സമയവും. അഭിനയരംഗത്തും സജീവമായി തുടരും.