മനസ്സിന്റെ കോണിൽ അണയാതെ കിടക്കുന്ന കനൽകട്ട പോലയാണ് ആഗ്രഹങ്ങൾ. ജീവിതത്തിന്റെ വേഗപ്പാച്ചിലിൽ, കുടുംബത്തിന്റെയും ഉത്തരവാദിത്വങ്ങളുടെയും തിരക്കിൽ, പലപ്പോഴും പലരും അതിനെ പരിഗണിക്കാറില്ല. കാലം കടന്നു പോകുമ്പോൾ, എന്നോ ഉപേക്ഷിച്ച ആ ആഗ്രഹത്തെയോർത്ത് നഷ്ടബോധത്തോടെ വ്യസനിക്കുന്നവരാണ് കൂടുതലും. എന്നാൽ അതില്‍ ഒരാളാകാൻ സിനോബിയയും, അവളെ ആ നിരാശയിലേക്കു തള്ളിവിടാൻ ജീവിത പങ്കാളി നവീൻ ജാസ്മിനും തയാറായിരുന്നില്ല. അതുകൊണ്ടാണല്ലോ മലയാളിയുടെ ചുണ്ടിലും മനസ്സിലും നിറഞ്ഞു നിൽക്കുന്ന ‘ദൃശ്യം 2’ വിലെ ‘ഒരേ പകൽ...’ എന്ന മനോഹര ഗാനത്തിലൂടെ വേറിട്ട ഒരു ശബ്ദാനുഭവം സംഗീതലോകത്ത് സുപരിചിതമായത്.
റിലീസിനൊരുങ്ങുന്ന ‘ദൃശ്യം 2’ വിലെ ഒരേയൊരു ഗാനമാണ് അനിൽ ജോൺസൺ ഈണം പകർന്ന്, സിനോബിയ സഫർ ആലപിച്ച ‘ഒരേ പകൽ...’. പാട്ട് ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു.
ഇപ്പോഴിതാ, തന്റെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിൽ ‘വനിത ഓൺലൈനോട്’ സിനോബിയ സഫർ മനസ്സ് തുറക്കുന്നു– സംഗീത–വ്യക്തി ജീവിതത്തെക്കുറിച്ച്.
‘‘നാട് തിരുവനന്തപുരത്താണ്. പഠിച്ചതും വളർന്നതുമൊക്കെ ഗൾഫിലായിരുന്നു. കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നു ബിടെക്ക് കഴിഞ്ഞു. വിവാഹത്തിനു ശേഷം എം.ബി.എ എടുത്തു. പിന്നീട് 6 വർഷം ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ ജോലി ചെയ്തു. അതിനിടെ വോയിസ് ഓവർ ആർട്ടിസ്റ്റായി. പിന്നീട് ജോലി വിട്ട് പൂർണമായും സംഗീതത്തിലേക്ക് ശ്രദ്ധ തിരിച്ചു. പാഷൻ സംഗീതമാണ്. ജോലിയിൽ ഞാൻ അത്ര തൃപ്തയായിരുന്നില്ല. രണ്ടും കൂടി ഒന്നിച്ചു കൊണ്ടു പോകാൻ സാധിക്കില്ല എന്നു തോന്നിയപ്പോൾ പാട്ടിൽ കൂടുതല്‍ അവസരങ്ങൾ തേടിയാണ് ജോലി ഉപേക്ഷിച്ചത്’’. – സിനോബിയ പറഞ്ഞു തുടങ്ങിയതിങ്ങനെ.

ഒടുവിൽ ജോലി വിട്ടു
കുട്ടിക്കാലം മുതൽ പാടും. കോളജ് ബാൻഡിൽ ഉണ്ടായിരുന്നു. കുറച്ചു കാലം ശാസ്ത്രീയമായി പഠിച്ചു. പിന്നീട് പഠനത്തിന്റെയും കുടുംബത്തിന്റെയുമൊക്കെ തിരക്കിൽ തുടരാനായില്ല. വിവാഹം കഴിഞ്ഞ്, ജോലി കിട്ടി, ആദ്യത്തെ കുഞ്ഞ് ജനിച്ച ശേഷമാണ് പാട്ടില്‍ സജീവമാകണമെന്ന ആഗ്രഹം വീണ്ടും മനസ്സിൽ നിറഞ്ഞത്. എന്റെ കുട്ടി വലുതാകുമ്പോൾ അവന്റെ പാഷൻ പിന്തുടരാൻ അവനോട് പറയണമെങ്കിൽ ഞാനും അതു ചെയ്ത് കാണിക്കണ്ടേ.
ഒന്നര വർഷം ആലോചിച്ച ശേഷമാണ് ജോലി വിടാം എന്നു തീരുമാനിച്ചത്. അച്ഛൻ സഫറുള്ള ഖാനും ചേട്ടന്‍ ആസിഫും അദ്ദേഹത്തിന്റ ഭാര്യ ഐഷയും എന്റെ ഭർത്താവ് നവീൻ ജാസ്മിനും അദ്ദേഹത്തിന്റെ അച്ഛന്‍ ഉസ്മാനും സഹോദരി നഫിനയും ഡോക്ടർമാരാണ്. ഞാനും എന്റെ ഉമ്മ സൂഫിയയും ഭർത്താവിന്റെ ഉമ്മ സീനത്തും മാത്രമാണ് ഡോക്ടർമാർ അല്ലാത്തത്.

ജോലി വിട്ട് പാട്ടിനു വേണ്ടി ശ്രമിക്കുന്നു എന്നു പറഞ്ഞപ്പോൾ എന്റെ വീട്ടില്‍ എല്ലാവർക്കും അതു ശരിയാകുമോ എന്ന സംശയമുണ്ടായിരുന്നു. പക്ഷേ, നവീൻ എനിക്കൊപ്പം നിന്നു. ‘നിന്റെ ആഗ്രഹം പോലെ നീ ചെയ്യൂ’ എന്നാണ് അദ്ദേഹം പറഞ്ഞത്. അതാണ് എന്നെ കരുത്തയാക്കിയതും ഇതു വരെ എത്തിച്ചതും. എന്നോടൊപ്പം എപ്പോഴും അദ്ദേഹത്തിന്റെ പിന്തുണയുണ്ടെന്നതാണ് എന്റെ ആത്മവിശ്വാസം.
ജോലി വിട്ട ശേഷം ഡെമോസ് ഒക്കെ റെക്കോഡ് ചെയ്തു തുടങ്ങി. മത്സരങ്ങൾക്കും പങ്കെടുക്കാൻ തുടങ്ങി. പാട്ട് വീണ്ടും ജീവിതത്തിൽ നിറഞ്ഞു.
ആദ്യം ക്യൂൻ
വോയിസ് ഓവർ ആർട്ടിസ്റ്റായി ധാരാളം പരസ്യങ്ങൾക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. കുറേ ജിങ്കിളുകളും പാടി. ആദ്യം സിനിമയിൽ പാടിയത് ‘ക്യൂൻ’ലെ ‘സാറേ...’ എന്ന ഗാനമാണ്. ചിത്രത്തിന്റെ സംവിധായകൻ ഡിജോ ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയിൽ നേരത്തേ ഉണ്ടായിരുന്നു. പാട്ടുകാരെ അന്വേഷിക്കുന്നു എന്ന ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടാണ് ഡെമോ അയച്ചത്. അവർക്ക് ഇഷ്ടപ്പെട്ടു. ജേക്ക് ബിജോയ് സാറാണ് അതിന്റെ സംഗീത സംവിധായകൻ. അതിനു ശേഷം കൈലാസ് മേനോൻ സംഗീതമൊരുക്കിയ അറബിക് സിനിമയിൽ ഒരു ഇംഗ്ലീഷ് പാട്ട് പാടി. അദ്ദേഹത്തിന്റെ ചില ആൽബങ്ങൾക്കു വേണ്ടിയും ജിങ്കിൾ പാടി. എന്റെ സ്കൂൾ ഫ്രണ്ടാണ് ചാരു ഹരിഹരരൻ. ചാരുവിന്റെ ‘ഒരു കരീബിയൻ ഉഡായിപ്പ്’ എന്ന ചിത്രത്തിലും പാടി. പരസ്യ മേഖലയിലെ ബന്ധം വച്ചാണ് അനിൽ ജോൺസന്റെ നമ്പർ കിട്ടിയതും വിളിച്ചതും. ആ വിളി വെറുതേയായില്ല. ഒരു ദിവസം അദ്ദേഹം വിളിച്ചു. ‘ഒരു വലിയ പടമുണ്ട്. അതിൽ ഒരു പാട്ട് പാടാമോ’ എന്നു ചോദിച്ചു. ഞാൻ ഓക്കെ പറഞ്ഞു. പിന്നീടാണ് ‘ദൃശ്യം 2’ ആണ് സിനിമയെന്ന് പറഞ്ഞത്. സത്യത്തിൽ ഒരു നിമിഷം എന്റെ ഹൃദയം സന്തോഷത്താൽ നിലച്ചു. പാട്ട് കേട്ട് എല്ലാവരും നല്ലത് പറയുന്നു. വലിയ സന്തോഷം.
രണ്ടു മക്കളാണ് ഞങ്ങൾക്ക്. മോൻ റയാന് അഞ്ചരവയസ്സ്. മകൾ ഐറയ്ക്ക് രണ്ടര വയസ്സ്.