
അന്ധനായി അഭിനയിക്കുകയെന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയൊരു ചാലഞ്ച് തന്നെയാണ്. അഭിനയിക്കുന്ന രണ്ടാമത്തെ സീരിയലിൽ തന്നെ അത്തൊരമൊരു ചാലഞ്ച് നേരിടേണ്ടിവന്നയാളാണ് സജിൻ ജോൺ. മഴവിൽ മനോരമയിലെ ‘ചാക്കോയും മേരിയും’ എന്ന സീരിയലിൽ അന്ധനായി അഭിനയിക്കുന്നതിന്റെ വിശേഷങ്ങളുമായി സജിൻ ജോൺ സംസാരിക്കന്നു.


‘ചെറുപ്പം മുതലേ അഭിനയം എന്നു പറഞ്ഞ് നടക്കാലായിരുന്നു. ചാൻസ് ചോദിച്ചിട്ടു കിട്ടാതായപ്പോഴും മടുത്തില്ല. അവസാനം കോളജിൽ അധ്യാപകനായി ജോലി ചെയ്ത സമയത്താണ് മഴവിൽ മനോരമയിലെ ‘ഭ്രമണം’ സീരിയലിൽ അവസരം കിട്ടുന്നത്. സീനിയർ നടൻ മുകുന്ദൻ ചെയ്ത കഥാപാത്രത്തിന്റെ ചെറുപ്പം അഭിനിയിക്കാനാണ് വിളി വന്നത്. കിട്ടിയ അവസരം , ഹരിലാൽ എന്ന വേഷം എന്നെക്കൊണ്ടാവുന്ന നിലയിൽ ചെയ്തു. പിന്നീടാണ് ‘ചാക്കോയും മേരിയിലെ’ അന്ധനായ കഥാപാത്രം എന്നെതേടി വന്നത്. അന്ധന്റെ വേഷമെന്ന് കേട്ടപ്പോൾ സന്തോഷമായി. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന എന്റെ ആഗ്രഹം കൊണ്ടാകാം.
മോഹൻലാലാണ് എന്റെ ഇഷ്ട നടൻ. അന്ധനായി അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ എന്റെ മനസിലേക്ക് ആദ്യം വന്നത് ഒപ്പത്തിലെയും ഗുരുവിലെയും ലാലേട്ടനെയാണ്. അദ്ദേഹത്തെ പോലെ ചെയ്തെന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. പക്ഷേ, അദ്ദേഹത്തിൽ നിന്നും പഠിച്ചതുകൊണ്ടാണ് ഞാൻ ഈ വേഷം എന്നെകൊണ്ടാവുന്ന നിലയിൽ ചെയ്യുന്നത്. കൂടെയഭനിയിക്കുന്ന എല്ലാവരുടെയും സഹായം കൂടെ ഉളളതുകൊണ്ടാകാം എല്ലാവർക്കും കഥാപാത്രത്തെ ഇഷ്ടപ്പെടുന്നത്.
പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് വീട്, അച്ഛൻ യോഹന്നാനും അമ്മ ഗ്രേസിക്കുട്ടിയുമാണ് എന്റെ പ്രധാന സപ്പോർട്ട്. അധ്യാപനത്തിൽ നിന്ന് ലീവെടുത്ത് അഭിനയത്തിന്റെ പിറകേ പോകുമ്പോഴും അവരുടെ സ്നേഹവും സപ്പോർട്ടും ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഹാപ്പിയായി ഇരിക്കാൻ കഴിയുന്നത് ’ സജിൻ പറയുന്നു.
‘ജോൺ ഡാനിയൽ ഫോട്ടോഗ്രഫിയാണ്’ സജിന്റെ ഈ മനോഹര ചിത്രങ്ങൾക്ക് പിന്നിലുള്ളത്.