കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയെയും നായകൻമാരാക്കി ടി.പി ഫെല്ലിനി ഒരുക്കുന്ന ദ്വിഭാഷാ ചിത്രം ‘ഒറ്റ്’ന്റെ റിലീസ് തീയതി മാറ്റി. തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങൾ മൂലമാണ് റിലീസ് തീയതി മാറ്റുന്നതെന്ന് സംവിധായകൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. രണ്ടു ഭാഷകളിൽ നിർമിച്ചിരിക്കുന്ന ചിത്രമായതിനാൽ ഒരേ ദിവസം റിലീസ് ചെയ്യാൻ വേണ്ടിയാണു തീയതി മറ്റുന്നതെന്നും ഫെല്ലിനി പറഞ്ഞു. പുതുക്കിയ റിലീസ് തീയതി പിന്നീട് അറിയിക്കും. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.
‘ഇതൊരു നീണ്ട യാത്രയായിരുന്നു. ഒരു ടീമായി ഒറ്റക്കെട്ടായുള്ള അധ്വാനമാണ് ഈ സിനിമ. രാജ്യത്തെ സിനിമ പ്രേമികളെയാകെ മനസ്സിൽ കണ്ടുള്ള വലിയ രീതിയിലുള്ള നിർമാണം ആയതിനാൽ, റിലീസ് ചെയ്യുന്നതിന് ഒന്നും തടസമാകരുത്. ആഗോളതലത്തിൽ ഒറ്റ്, രണ്ടഗം എന്നിവ ഒന്നിച്ച് വന്ന് നിങ്ങൾക്ക് ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു. പിന്തുണയും അനുഗ്രഹങ്ങളും തേടുന്നു....’ ഫെല്ലിനി കുറിച്ചതിങ്ങനെ.
ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്.
ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ്.സഞ്ജീവാണ്. ഈഷ റെബ്ബയാണ് നായിക.
ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിങ്ങ്.