ADVERTISEMENT

അന്തരിച്ച വിഖ്യാത സംവിധായകൻ കെ.ജി ജോർജിനെ ഭാര്യയും മക്കളും അവസാനകാലത്ത് വൃദ്ധസദനത്തിലാക്കിയെന്ന ആരോപണത്തിനെതിരെ, സത്യാവസ്ഥ വിശദീകരിച്ച് അദ്ദേഹത്തിന്റെ ഭാര്യ സെൽമ ജോർജ് രംഗത്തെത്തിയിരുന്നു. ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽസിഗ്നേച്ചർ എന്ന കെയർ സെന്ററിൽ ആണ് ജോർജ് താമസിച്ചിരുന്നത്.

ഇപ്പോഴിതാ, തങ്ങൾക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ജി ജോർജിന്റെ മകൾ താര ജോർജും രംഗത്തെത്തിയിരിക്കുകയാണ്.

ADVERTISEMENT

അദ്ദഹത്തെ വൃദ്ധസദനത്തിൽ തള്ളിയതല്ലെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സിഗ്നേച്ചർ എന്ന കെയർ സെന്ററിൽ എല്ലാ സൗകര്യങ്ങളോടും കൂടി പാർപ്പിച്ചിരുന്നതാണെന്നുമാണ് താര വിശദീകരിക്കുന്നത്. സിഗ്നേച്ചർ ഒരു ചാരിറ്റി സ്ഥാപനമല്ല പണം വാങ്ങി അന്തേവാസികൾക്ക് വിദഗ്ധ ശുശ്രൂഷ നൽകുന്ന റീഹാബിലിറ്റേഷൻ സെന്ററാണ്. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് എല്ലാം ചെയ്തതെന്നും താര വ്യക്തമാക്കുന്നു.

‘ഡാഡിയുടെ സിനിമകൾ നോക്കിയാൽ അറിയാം, ഡാഡി ഒരുപാട് പുതിയ ചിന്താഗതിയുള്ള ആളാണ്. അദ്ദേഹം പണ്ടേ ഞങ്ങളോട് പറയുമായിരുന്നു,‘വയസ്സാകുമ്പോൾ ഞാൻ ഒരിക്കലും കുടുംബത്തിന് ഒരു ഭാരമാകില്ല. ഞാൻ ഇതുപോലെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കുമെന്ന്’. അത് ഡാഡിയുടെ തന്നെ തീരുമാനം ആയിരുന്നു. അങ്ങനെയാണ് സിഗ്നേച്ചർ എന്ന സെന്ററിൽ അദ്ദേഹം എത്തിയത്.

ADVERTISEMENT

ഇതൊരു വൃദ്ധസദനം ഒന്നും അല്ല. ഇവിടുത്തെ ഉടമസ്ഥൻ അലക്‌സും അദ്ദേഹത്തിന്റെ ഭാര്യയും ഒരു കുടുംബാംഗത്തെ പോലെയാണ് ഡാഡിയെ നോക്കിയിരുന്നത്. ഞങ്ങൾ ഡാഡിയെ ഇടയ്ക്കിടെ വീട്ടിൽ കൊണ്ടുപോകും. പക്ഷേ, ഡാഡി ഇങ്ങോട്ട് തന്നെ വരണമെന്നു പറയുമായിരുന്നു. ഡാഡി എപ്പോഴും പറയുന്ന ഒരു കാര്യമുണ്ടായിരുന്നു, ‘ഞാൻ സിനിമ എടുത്തിരുന്ന കാലത്ത് സിനിമാക്കാർ എല്ലാം എന്നെ കാണാൻ വരുമായിരുന്നു. പക്ഷേ ഞാൻ സിനിമ ചെയ്യൽ നിർത്തിയപ്പോൾ ആരും എന്നെ തിരിഞ്ഞു നോക്കിയില്ല. ഒരു ഫോൺകോൾ ചെയ്യുകയോ വന്നുകാണുകയോ ചെയ്തിട്ടില്ല’.

വീട്ടിൽ ഇരിക്കുമ്പോൾ ഡാഡി ഡിപ്രസ്സ്ഡ് ആകുന്നുണ്ടായിരുന്നു. ഇവിടെ സിഗ്നേച്ചറിൽ എത്തിയതിനു ശേഷം വളരെ ഉന്മേഷവാനായിരുന്നു. ഇവിടെ വന്നതിനു ശേഷം ആശുപത്രിയിൽ ആകുമ്പോൾ തിരിച്ച് എവിടെ പോകണം എന്ന് ചോദിച്ചാൽ ഇവിടെ തന്നെ വരണം എന്ന് ഡാഡി തന്നെയാണ് പറയുന്നത്. ഇവിടെ വന്നു താമസിക്കുക എന്നുള്ളത് ഡാഡിയുടെ തീരുമാനം ആയിരുന്നു. എല്ലാം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആണ് നടക്കുന്നത്’.– ടോക്സ് ലെറ്റ്മി ടോക് എന്ന ചാനലിനു നൽകിയ അഭിമുഖത്തില്‍ താര പറഞ്ഞു.

ADVERTISEMENT
ADVERTISEMENT