‘കാതൽ’ എന്ന സിനിമയെ പ്രശംസിച്ച്, വർഷങ്ങൾക്ക് മുൻപ് ‘മൈ ലൈഫ് പാർട്ണർ’ എന്ന സിനിമ ചെയ്തപ്പോൾ തനിക്ക് സംഭവിച്ച ദുരനുഭവം പങ്കുവച്ച് സംവിധായകൻ എം.ബി. പദ്മകുമാർ.
‘മൈ ലൈഫ് പാർട്ണർ’ എന്ന സിനിമ ചെയ്തപ്പോൾ അനുഭവിച്ച മാനസിക സംഘർഷം വല്ല വളരെ വലുതായിരുന്നു. ഒരു സ്വവർഗ പ്രണയ സിനിമ ഞാൻ ചെയ്തു എന്നു പറഞ്ഞ് സമൂഹം കല്ലെറിഞ്ഞു. എന്റെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവരോട് പറഞ്ഞത് പച്ച മലയാളത്തിൽ പറഞ്ഞാൽ തുണ്ട് സിനിമയുടെ സംവിധായകന്റെ മക്കൾ ആണ് എന്നാണ്. അത് എന്റെ മനസ്സിനെയും ശരീരത്തെയും വല്ലാതെ കുത്തി നോവിച്ചിരുന്നു എന്ന് എം.ബി. പദ്മകുമാർ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.
40 തിയറ്റർ ആ സിനിമ റിലീസ് ചെയ്യാനായി കിട്ടിയിട്ട് പലരും ആ സിനിമ എടുത്തുമാറ്റിയിട്ട് പിന്നീട് ഗർഭശ്രീമാൻ എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്. അതിന് പലരും പറഞ്ഞ കാരണം ഈ സിനിമയിൽ ഏതെങ്കിലും ഒക്കെ സൂപ്പർ താരങ്ങളുടെ സാന്നിധ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് തിയറ്റർ തരാം എന്നാണ്. തിയറ്ററുകൾ കിട്ടാത്തതുകൊണ്ട് മൂന്ന് നാല് മൾട്ടിപ്ലക്സിൽ മാത്രം ഒതുങ്ങിപ്പോയ ഒരു സിനിമയായിരുന്നു അത്. പക്ഷേ ആ വർഷത്തെ സംസ്ഥാന അവാർഡ് ആ സിനിമയ്ക്കാണ് കിട്ടിയത് 4 അവാർഡുകൾ ആ സിനിമയ്ക്ക് ലഭിച്ചു സിനിമയ്ക്കും നല്ല നടനും ഒക്കെ അവാർഡ് കിട്ടി.
ആ സിനിമയുടെ നിർമാതാവ് ആ സിനിമയ്ക്ക് വേണ്ടി ഒരുപാട് ത്യാഗം ചെയ്തിരുന്നു. അദ്ദേഹം ആർക്കും അതിന്റെ റൈറ്റ്സ് ഓൺലൈനിൽ കൊടുത്തു. അവർ അത് കഷണം കഷണം ആക്കി ചില ഭാഗങ്ങൾ ആക്കിയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. അവിടെ പോലും സിനിമ കൃത്യമായി ഒരു പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്നും എം.ബി. പദ്മകുമാർ പറഞ്ഞു.
‘‘എന്തായാലും ഇനിയും ഇതുപോലെയുള്ള വിഷയങ്ങൾ മലയാള സിനിമയിൽ വരട്ടെ മമ്മൂട്ടി സാറിന്റെ പെർഫോർമൻസിനു ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. അസാധ്യമായിട്ടാണ് അദ്ദേഹം ആ സിനിമ ചെയ്തത്. ഒരിക്കൽ കൂടി പറയുന്നു നിങ്ങൾ പറ്റുമെങ്കിൽ മൈ ലൈഫ് പാർട്ണർ എന്ന സിനിമ കൂടി കാണണം. കണ്ടിട്ട് അഭിപ്രായം രേഖപ്പെടുത്തണം എല്ലാവർക്കും നല്ലതു വരട്ടെ.’’. –പദ്മകുമാർ പറഞ്ഞു.