ജീവിതയാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു വളരാൻ മക്കളായ കല്യാണി പ്രിയദർശനെയും സഹോദരൻ സിദ്ധാർഥിനെയും പ്രിയദർശനും ലിസിയും ചേർന്ന് ചെറുപ്പത്തിൽ കുറച്ചുകാലം ഒരു അനാഥാലയത്തിൽ താമസിപ്പിച്ചിരുന്നതായി സംവിധായകൻ ആലപ്പി അഷറഫ്.
കല്യാണിയും പ്രണവും പ്രണയത്തിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കു പിന്നിലെ യാഥാർഥ്യവും സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെ ആലപ്പി അഷറഫ് വെളിപ്പെടുത്തി.
‘വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ച ഈ രണ്ടു കുട്ടികളെയും അവർ വളർത്തികൊണ്ടുവന്നത് ആർഭാടത്തിന്റെ രീതിയിൽ അല്ലായിരുന്നു. സമ്പന്നതയുടെ നടുവിലാണെങ്കിലും അതുമാത്രമല്ല ജീവിതമെന്നും അശരണരുടെയും നിരാലംബരുടെയും മറ്റൊരു മറ്റൊരു ലോകം ഇവിടെ ഉണ്ടെന്നും ആ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തത് ഒരു വ്യത്യസ്ത കാഴ്ചപ്പാടിലൂടെയാണ്. രണ്ടുപേർക്കും തിരിച്ചറിവ് ഉണ്ടായതിനുശേഷം രണ്ടുപേരെയും ഒരാഴ്ചയോളം ഒരു അനാഥാലയത്തിൽ പാർപ്പിക്കുന്നു. അവിടെയുള്ള അനാഥകുട്ടികളോടൊപ്പം അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേർന്ന് അവരോടൊപ്പം ഉണ്ടുമുറങ്ങിയും അവിടെ കഴിയുന്നു. പ്രിയൻ അതിനായി തിരഞ്ഞെടുത്ത സ്ഥലം വിയറ്റ്നാമിലെ ദരിദ്ര പ്രദേശത്തുള്ള ഒരു അനാഥാലയമായിരുന്നു. ബാല്യകാലത്ത് തങ്ങൾ ആഗ്രഹിക്കുന്നത് എന്തും ലഭിച്ചുകൊണ്ടിരിക്കവേ സന്തോഷവും സംതൃപ്തിയും മാത്രമുള്ള ഒരു ലോകത്തു നിന്ന് ഇവിടെ വന്നപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി. ഉറ്റവരുടെയും ഉടയവരുടെയും സ്നേഹങ്ങളും പരിലാളനകളും ലഭിക്കാത്ത ബാല്യങ്ങളും ഉള്ളതാണ് ഈ ലോകമെന്ന്. കുഞ്ഞുനാളിലെ അങ്ങനെയൊക്കെയുള്ള ജീവിതങ്ങൾ കണ്ടതുകൊണ്ടാകണം ഷർട്ട് ഒക്കെ കീറിയാലും ഒരു ആക്ഷേപവുമില്ലാതെ അവൻ അത് ഇട്ടുകൊണ്ട് നടക്കുമെന്ന് ലിസി പറയുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന്റെ ഗുണമാണ് അവരുടെ മാതാപിതാക്കൾ പരസ്പരം വേർപിരിഞ്ഞിട്ടും അവർക്കത് ഉൾക്കൊള്ളാൻ സാധിച്ചത്. അത് ഒരുവിധത്തിലും അവരെ തളർത്തിയതുമില്ല. കാരണം ലോകത്തിൽ ഇങ്ങനെയൊക്കെ നടക്കുമെന്നുള്ള തിരിച്ചറിവ് അവർക്കുണ്ടായിരുന്നു’.– അഷറഫ് പറഞ്ഞു.
‘ഒരു വിഭാഗം ആൾക്കാർക്ക് അറിയേണ്ടത് കല്യാണിയെ മോഹൻലാലിന്റെ മകൻ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്. അത് പലരും ആഗ്രഹിക്കുന്നു ഉണ്ടാകാം പലരും വിശ്വസിക്കുന്നു ഉണ്ടാകാം. ഞാൻ ആ വിവരം ലിസിയോട് തുറന്നു ചോദിച്ചു. ലിസി പറയുന്നു അഷ്റഫ്ക്ക അങ്ങനെ അവർക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ രണ്ടു വീട്ടുകാർക്കും സന്തോഷമുള്ള ഒരു കാര്യമല്ലേ. അവർ തമ്മിൽ അങ്ങനെ ഒരു റിലേഷൻഷിപ്പ് ഇല്ല. ബ്രദർ–സിസ്റ്റർ ബന്ധമാണ് കുഞ്ഞുനാൾ മുതലുള്ളത്. അപ്പു അവരുടെയൊക്കെ ഒരു ഹീറോ പോലെയാണ്. കൂടാതെ അപ്പുവിന് വേറൊരു പ്രണയമുണ്ട്. അത് ജർമനിയിലുള്ള ഒരു കുട്ടിയുമായിട്ടാണ്. കല്യാണിക്ക് ഇതുവരെ ആരുമായും ഒരു പ്രണയവുമില്ല. അതെനിക്ക് ഉറപ്പാണെന്നും ലിസി പറയുന്നു’.– ആലപ്പി അഷറഫ് പറഞ്ഞു.