സൂപ്പർതാരം രജനീകാന്തിനെ നേരിൽ കണ്ടതിന്റെയും ഒപ്പം നിന്നു ഫോട്ടോ എടുത്തതിന്റെയും സന്തോഷം പങ്കുവച്ച് നടൻ കോട്ടയം നസീർ. ജയിലർ 2 ഷൂട്ടിനായി കേരളത്തിലെത്തിയ രജനികാന്തിനെ സെറ്റിലെത്തിയാണ് നസീർ കണ്ടത്. താൻ വരച്ച ചിത്രങ്ങളടങ്ങിയ പുസ്തകവും നസീർ രജനികാന്തിന് സമ്മാനിച്ചു.
‘ഒരു കഥ സൊല്ലട്ടുമാ... വർഷങ്ങൾക്ക് മുൻപ്... കറുകച്ചാലിലെ ഓല മേഞ്ഞ ‘മോഡേൺ’ സിനിമ ടാകീസിൽ ചരൽ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ. പിന്നീട് ചിത്രകാരനായി ജീവിച്ചനാളുകളിൽ എത്രയോ ചുവരുകളിൽ ഈ സ്റ്റൈൽ മന്നന്റെ എത്രയെത്ര സ്റ്റൈലൻ ചിത്രങ്ങൾ വരച്ചിട്ടു. പിന്നീട് മിമിക്രി എന്ന കലയിൽ പയറ്റുന്ന കാലത്ത് എത്രയോ വേദികളിൽ ആ സ്റ്റൈലുകൾ അനുകരിച്ചു. ഇന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ വരച്ച ചിത്രങ്ങൾ അടങ്ങിയ ആർട്ട് ഓഫ് മൈ ഹാർട്ട് എന്ന ബുക്ക് ജയിലർ 2 – ന്റെ സെറ്റിൽ വച്ചു സമ്മാനിച്ചപ്പോൾ ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല. മനസ്സിൽ ഒരു പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു, ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി. അല്ലെങ്കിലും ‘പടച്ചവന്റെ തിരക്കഥ’, അത് വല്ലാത്ത ഒരു തിരക്കഥയാ!’.– നസീർ സോഷ്യൽ മീഡിയയിൽ കുറിച്ചു.