ADVERTISEMENT

തന്റെ കലാജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ഉണ്ണിയേട്ടനെന്ന ഗുരുസ്ഥാനീയന്റെ അകാലവിയോഗത്തിന്റെ വേദനയിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടി സുരഭി ലക്ഷ്മി.

ഉണ്ണിയേട്ടനെ യാത്ര അയയ്ക്കാൻ ഞാൻ പോയില്ല, സാധിക്കുന്നില്ല, ഒരുപാട് കാലം ഈ ലോകത്ത് ഉണ്ടാവേണ്ടിയിരുന്ന ആളായിരുന്നു.

ADVERTISEMENT

ആരാലും തിരിച്ചറിയപ്പെടാത്ത കാലത്ത്, എന്നിലെ കലാകാരിയെ കൃത്യമായ വഴികളിലേക്ക് തിരിച്ചുവിട്ടവർ, എന്റെ കലാജീവിതത്തിൽ എനിക്ക് മറക്കാൻ കഴിയാത്ത,

ഗുരുസ്ഥാനീയർ. പാലാടിക്കുഴിയിൽ വിജയേട്ടനും ഉണ്ണിയേട്ടനും,

ADVERTISEMENT

കുട്ടിക്കാലത്ത് സിനിമാറ്റിക് ഡാൻസ് കളിച്ചു നടന്ന സമയം... എന്നിലെ നർത്തകിയെ തിരിച്ചറിഞ്ഞ വിജയേട്ടൻ എന്നെ ക്ലാസിക്കൽ ഡാൻസ് കലാമണ്ഡലം സത്യവൃതൻ മാഷിന്റെ അടുത്ത് പഠിപ്പിക്കണമെന്ന് എന്റെ വീട്ടുകാരോട് പറഞ്ഞു,

നരിക്കുനിയിൽ നിന്ന് ചേളന്നൂർ ശ്രീകലാലയം വരെ എല്ലാ ആഴ്ചയും അവളെ ആര് കൊണ്ടുപോകും എന്നതായി വീട്ടുകാരുടെ ചോദ്യം, അതൊന്നും നിങ്ങൾ ടെൻഷൻ അടിക്കേണ്ട നമ്മളുടെ ഉണ്ണി കൊണ്ടുപോയിക്കോളും, അവൻ അവിടെയാണ് ഡാൻസ് പഠിക്കുന്നത്, അങ്ങനെ ഉണ്ണിയേട്ടന്റെ കൂടെ ഡാൻസ് പഠിക്കാൻ പോയതും, വെറ്റിലിയും അടക്കയും ദക്ഷിണയും എന്റെ കയ്യിൽ ശെരിയാക്കി വെച്ച് തന്ന്, മാഷിന്റെ കാൽ തൊട്ടു തൊഴു എന്ന് പറഞ്ഞതും, ക്ലാസ് കഴിഞ്ഞ് തിരിച്ചു കൊണ്ടുവന്നതും, ഒക്കെ ഇന്നലെ എന്നതുപോലെ ഓർക്കുന്നു.

ADVERTISEMENT

നാഷണൽ അവാർഡ് ലഭിച്ച സമയത്ത് നരിക്കുനിയിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ ഞാനെന്റെ ഗുരുക്കന്മാരെ എല്ലാവരെയും ആദരിച്ചിരുന്നു. ആ സമയത്ത് ഉണ്ണിയേട്ടന് എത്താൻ സാധിച്ചില്ല. പക്ഷേ അദ്ദേഹത്തിന് വാങ്ങിയ പൊന്നാടയും മൊമെന്റോയും ഞാൻ എന്റെ വീട്ടിൽ സൂക്ഷിച്ചുവച്ചു, പിന്നീട് കുറച്ചു കാലത്തിനുശേഷം അദ്ദേഹത്തെ എന്റെ ചേച്ചിയുടെ വീട് പണിയുടെ സമയത്ത്. ഞാൻ പിടികൂടി, വീട്ടിൽ പോയി സമ്മാനങ്ങൾ എടുത്തു കൊണ്ടുവന്ന് പൊന്നാടയും മൊമെന്റോയും കൊടുത്ത് അദ്ദേഹത്തെ അവിടെ വെച്ച് കൈയ്യോടെ ആദരിച്ചു, കണ്ടുനിന്നവർ കൈയ്യടിച്ചു, അത് ഉണ്ണിയേട്ടന് മാത്രമുള്ള ഒരു കുഞ്ഞു വേദിയായി മാറി.

ഒരു അവകാശവാദങ്ങളും ഇല്ലാതെ ദൂരെ നിന്ന് എന്റെ ഉയർച്ചയിൽ സന്തോഷിച്ചയാൾ,

സുരഭിനെ ഞാൻ എന്നും കാണലുണ്ട്

എവിടെ?

അതാ ആ ബോർഡിൽ,

ഓള് തിരക്കിലായിരിക്കും, ബുദ്ധിമുട്ടിപ്പിക്കേണ്ട, വിവരങ്ങൾ നിങ്ങളെ കാണുമ്പോൾ അറിഞ്ഞാലും മതിയല്ലോ എന്ന് പറഞ്ഞ് വീട്ടുകാരെ കാണുമ്പോൾ എന്റെ എല്ലാ വിശേഷങ്ങളും തിരക്കും,

എന്റെ എന്റെ കലാ യാത്രകളിൽ, കിട്ടുന്ന അംഗീകാരങ്ങളിൽ, മറ്റൊരു ലോകത്ത് നിന്ന് എന്റെ പപ്പയോടൊപ്പം ഏറ്റവും അധികം സന്തോഷിക്കുന്നത് വിജയേട്ടനായിരിക്കും, ഇന്ന് അവരോടൊപ്പം ഇങ്ങളും കൂടില്ലേ....

നൃത്തത്തിന്റെ വലിയ ലോകത്തേക്ക് എന്നെ പിടിച്ചു നടത്തിയതിന്,

എനിക്ക് നൽകിയ അനുഗ്രഹങൾക്, പ്രാർത്ഥനകൾക്ക്, എത്ര പറഞ്ഞാലും തീരാത്ത നന്ദി, പ്രാർത്ഥനകൾ പ്രണാമം’.– സുരഭി കുറിച്ചു.

ADVERTISEMENT