കാവ്യ മാധവന്റെ അച്ഛൻ പി.മാധവന് ആദരാഞ്ജലികൾ അർപ്പിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ‘ഷീ ടാക്സി’യുടെ ഷൂട്ടിന് ഷിംലയിലും കൂർഗിലും അദ്ദേഹത്തോടൊപ്പം ചെലവഴിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു എന്ന് അനൂപ് മേനോൻ കുറിച്ചു.
‘വിട മാധവൻ ചേട്ടാ... ഷീ ടാക്സിയുടെ ഷൂട്ടിനായി ഷിംലയിലും കൂർഗിലും നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’.– അനൂപ് മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
തിങ്കളാഴ്ചയാണ് പി മാധവൻ അന്തരിച്ചത്. 75 വയസായിരുന്നു. കാസർഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ് പി മാധവൻ. മകൾ കാവ്യയ്ക്കും കൊച്ചുമകൾക്കുമൊപ്പം ചെന്നൈയിൽ ആയിരുന്നു പി മാധവൻ താമസിച്ചിരുന്നത്. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മകൻ മിഥുൻ ഓസ്ട്രേലിയയിൽ നിന്നും എത്തിയത്തിനു ശേഷം കൊച്ചിയിലെത്തിച്ചായിരിക്കും പി.മാധവന്റെ സംസ്കാരം നടത്തുക.