ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമയിലെ പ്രിയനായികമാരിൽ ഒരാളായിരുന്നു രൂപിണി. ഹിന്ദി, തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നിങ്ങനെ അഞ്ചു ഭാഷകളില്‍ സാന്നിധ്യം അറിയിച്ച രൂപിണിയുടെ യഥാര്‍ഥ പേര് കോമള്‍ മഹുവാകര്‍ എന്നാണ്.
അഭിഭാഷകനായ കാന്തിലാലിന്റെയും ഡയറ്റീഷ്യനായ പ്രമീളയുടെയും മകളായി ജനിച്ച രൂപിണി നാലാം വയസ്സ് മുതല്‍ നൃത്തപഠനം ആരംഭിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, ഒഡീസി, കഥക് എന്നിങ്ങനെ എല്ലാത്തരം ക്ലാസിക് നൃത്തങ്ങളും അഭ്യസിച്ചു.
ബാലതാരമായാണ് സിനിമയിലെത്തുന്നത്. 1975ല്‍ അമിതാഭ് ബച്ചന്റെ ‘മിലി’യിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കോട്വാൾ സാബ്, ഖുബ്‌സൂറത്ത് എന്നീ സിനിമകളിലും ബാലതാരമായി. 1989ല്‍ മോഹന്‍ലാല്‍ നായകനായ ‘നാടുവാഴികള്‍’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറി. മമ്മൂട്ടിക്കും സുരേഷ് ഗോപിയ്ക്കുമൊപ്പം ‘മിഥ്യ’, മോഹന്‍ലാലിനൊപ്പം നാടോടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ജഗദീഷ് നായകനായ ‘കുണുക്കിട്ട കോഴി’, ശ്രീകുമാരന്‍ തമ്പിയുടെ ‘ബന്ധുക്കള്‍ ശത്രുക്കള്‍’ എന്നീ സിനിമകളിലും തിളങ്ങി. നിനക്ക് തെരിന്ത മനമേ, എന്‍ തങ്കച്ചി പഠിച്ചവള്‍, പുതിയ വാനം, അപൂര്‍വസഹോദരങ്ങള്‍, രാജാ ചിന്നരാജ, പുലന്‍വിചാരണൈ, മധുരൈ വീരന്‍, താലാട്ടു പാടവ, മൈക്കിള്‍ മദന കാമരാജന്‍, മനിതന്‍, കൂലിക്കാരന്‍ എന്നീ ഹിറ്റ് പടങ്ങളിലുൾപ്പടെ എഴുപതോളം സിനിമകളില്‍ അഭിനയിച്ച രൂപിണി‘താമരൈ’ എന്ന തമിഴ് ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. 1995 മുതല്‍ സിനിമകളില്‍ സജീവമല്ലാത്ത രൂപിണി പിന്നീട് യു.എസിലേക്ക് പോയി. അവിടെ നിന്നു നാച്ചുറോപ്പതിയില്‍ നാല് വര്‍ഷത്തെ പഠനവും പരിശീലനവും കഴിഞ്ഞു വന്നു മുംബൈയില്‍ യൂണിവേഴ്‌സല്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ എന്ന സ്ഥാപനം തുടങ്ങി. മോഹന്‍കുമാറാണ് ഭർത്താവ്. അനീഷയാണ് മകള്‍.
രൂപിണിയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. എന്നാകും മലയാളത്തിലേക്ക് ഒരു തിരിച്ചു വരവെന്നാണ് ആരാധകർ ചോദിക്കുന്നത്.