കുഞ്ഞുങ്ങൾക്ക് എളുപ്പത്തിൽ പഠിച്ചു പാടാനൊരു പാട്ടുമായി ഗായിക സൗമ്യ സനാതനൻ. സൗമ്യയുടെ ആദ്യത്തെ ഒറിജിനൽ മ്യൂസിക്ക് വിഡിയോ ആയ ‘2 കുഞ്ഞിക്കുരുവി’ ബാല്യത്തിലേക്കൊരു ഗൃഹാതുരയാത്ര കൂടിയാണ്. കല്ലു സ്ലേറ്റും ചിരട്ടക്കളിപ്പാട്ടങ്ങളും നാട്ടിടവഴിയിലൂടെ ഓടിക്കളിച്ചതും കിണറ്റില്‍ നിന്നു വെള്ളം കോരി കുടിച്ചതും സൈക്കിൾ ടയർ കൊണ്ടു ചക്രംകളിച്ചതും ഒരിക്കൽ കൂടി ഓർമയിലെത്തിക്കുന്നു ഈ പാട്ട്. പുതുതലമുറയ്ക്ക് പരിചിതമല്ലാത്ത ആ കുട്ടിക്കാലം അവർക്കു മുന്നിൽ തുറന്നു കാട്ടുകയും ചെയ്യുന്നു.
സൗമ്യയുടെ മകൾ നീലാംബരിയും ആറുവയസ്സുകാരനായ ഇഹ്സാൻ സിദ്ദിഖും പാടി അഭിനയിച്ച ഈ ഗാനം ഒട്ടും പ്ലാൻ ചെയ്തതല്ലെന്ന് സൗമ്യ. സലാലയിലുള്ള സുഹൃത്ത് സമീറ, മകന് സ്കൂളിൽ പാടാനായി ഒരു പാട്ട് നിർദേശിക്കാമോ എന്നൊരിക്കൽ ചോദിച്ചു. സിനിമാഗാനങ്ങൾ വേണ്ട എന്നും പറഞ്ഞു. സൗമ്യ നിർദേശിച്ച ലളിതഗാനങ്ങൾ പാടാന്‍ ഇഹ്സാന്‍ എളുപ്പമായിരുന്നില്ല. അങ്ങനെയാണ് സ്വന്തമായി ഒരു സിംപിള്‍ ട്യൂൺ ഉണ്ടാക്കിയത്. ഇ.കെ. സോമൻ വരികളുമെഴുതി നൽകി. ഇതുപാടി അയച്ചപ്പോൾ ഇഹ്സാൻ പാടിയത് തിരിച്ചയച്ചു തന്നു. നല്ല രസം തോന്നി. നീലാംബരിക്കും പാട്ട് ഇഷ്ടപ്പെട്ടു. വിഡിയോ സോങ് ആക്കിയാലോ എന്നു തോന്നി.
‘ഇഹ്സാനു വേണ്ടി ഉണ്ടാക്കിയ ട്യൂൺ ആയതുകൊണ്ട് ടഫ് നോട്ടുകളേ ഇല്ല. എത്ര ചെറിയ കുഞ്ഞിനും പാടാം. ആർക്കും പാടാനാകണം, അതാണ് എന്റെയും ആഗ്രഹം.’- സൗമ്യ പറയുന്നു. ‘ടൈറ്റിൽ തീരുമാനിച്ചപ്പോൾ ‘കുഞ്ഞിക്കിളികൾ’ എന്നു വേണ്ടേ എന്നു ചോദിച്ചു പലരും. ‘ദേ, നോക്ക് രണ്ട് കിളി...’ എന്നല്ലേ കുട്ടികൾ പറയാറുള്ളൂ. വ്യാകരണമൊന്നും അവർക്ക് അറിയില്ലല്ലോ. അവരുടെ ചിന്തപോലെ തന്നെയാകട്ടെ വിഡിയോയുടെ പേരും എന്നു തോന്നി. അതാണ് 2 കുഞ്ഞിക്കിളി എന്നിട്ടത്.’
ഷിജിത് ഷാജഹാനാണ് വിഡിയോ സംവിധാനം ചെയ്തത്. ഒമ്പതുകാരി നീലാംബരിയും ഇഹ്സാനും സഹോദരങ്ങളായി സ്ക്രീനിൽ. സമീറയും കുടുംബവും അവധിക്കാലത്ത് നാട്ടിലെത്തിയപ്പോഴാണ് വെള്ളായണിയിലും കള്ളിയൂരുമായി ഷൂട്ട് ചെയ്തത്. വിവേക് വിജയനാണ് ഛായാഗ്രഹണം.
തുമ്പപ്പൂക്കാറ്റിൽ താനേ ഊഞ്ഞാലാടീ... എന്ന പാട്ടിന്റെയും വന്ദേമാതരത്തിന്റെയും അക്കാപെല്ലാ വെർഷനുമായെത്തി ശ്രദ്ധ നേടിയ പിന്നണി ഗായികയാണ് സൗമ്യ സനാതനൻ. സായ്വർ തിരുമേനി, ചതുരംഗം, വസന്തത്തിന്റെ കനൽവഴികൾ എന്നീ ചിത്രങ്ങളിലാണ് പാടിയത്. സംഗീതരംഗത്ത് വേറിട്ട പാതയിലൂടെ നടക്കാൻ ഇഷ്ടപ്പെടുന്ന സൗമ്യ പാട്ടുകാരി മാത്രമല്ല, കംപോസറും തുകൽവാദ്യ കലാകാരിയുമാണ്.