ADVERTISEMENT

കേട്ടാലറയ്ക്കുന്ന സോഷ്യൽ മീഡിയ ആക്രമണങ്ങൾ പോലും പലരും ഗൗനിക്കാതെ വിടുന്നതാണ് പതിവ്. പ്രത്യേകിച്ച് സെലിബ്രിറ്റികൾക്കെതിരെ മോശം പരാമർശങ്ങളും സദാചാര ആക്രമണങ്ങളുമായി ചിലർ എത്താറുണ്ട്. ഇവിടെയിതാ മോശം പരാമർശം നടത്തിയ വ്യക്തിക്ക് കുറിക്കു കൊള്ളുന്ന മറുപടിമായി രംഗത്തെത്തുകയാണ് ഗായിക അഭയ ഹിരൺമയി. കമന്റിലൂടെ മോശമായി പ്രതികരിച്ച വ്യക്തിയുടെ പ്രൊഫൈൽ അടക്കം സോഷ്യൽ മീഡിയക്കു മുമ്പാകെ എത്തിച്ചു കൊണ്ടാണ് അഭയയുടെ പ്രതികരണം. സാജിദ് അബ്ദുൾ ഹമീദ് എന്ന അക്കൗണ്ടിൽ നിന്നാണ് അഭയയ്ക്കെതിരെ മോശം കമന്റ് വന്നത്. ഇയാളുടെ പ്രൊഫൈലിന്റെ സ്ക്രീൻഷോട്ട് അഭയ ഷെയർ ചെയ്തു.

‘സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പമാര്‍ഗ്ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെ തന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ...’ എന്നായിരുന്നു കമന്റ്. പിന്നാലെ സാജിദിനുള്ള മറുപടിയുമായി അഭയ ഹിരൺമയി രംഗത്തെത്തി. 

ADVERTISEMENT

‘സ്ത്രീകൾക്ക് വഴി പിഴക്കാനുള്ള മാർഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റേ പാട്ടും ഡ്രെസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ അപഗ്രഥിച്ചു വിഷകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകൾ അപഗ്രഥനം നടത്തി വിമര്‍ശിക്കാനുള്ളതാണ്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയയും മുഴുവൻ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തിൽ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതു തീർത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കും’, അഭയ കുറിച്ചു.

ആരോടും എന്തും പറയാമെന്ന മനോഭാവമുള്ള ഇത്തരക്കാർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് പലരും പ്രതികരിച്ചു. വിവേക പൂർവം പ്രതികരിച്ച അഭയയെ പിന്തുണച്ചു പലരും രംഗത്തെത്തുകയും ചെയ്തു. മുന്‍പും തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോടു ശക്തമായ ഭാഷയിൽ തന്നെ അഭയ പ്രതികരിച്ചിട്ടുണ്ട്. ഗായികയുടെ വസ്ത്രധാരണം ചൂണ്ടിക്കാണിച്ചാണ് പലരും വിമർശനങ്ങളുമായി എത്തുന്നത്. എന്നാൽ തനിക്ക് ഏറ്റവും സൗകര്യപ്രദമായ എന്ത് വസ്ത്രവും താൻ ധരിക്കുമെന്ന് മുൻപ് അഭിമുഖങ്ങളിലുൾപ്പെടെ അഭയ വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT