Wednesday 17 May 2023 04:11 PM IST : By സ്വന്തം ലേഖകൻ

കൂടെ നിൽക്കുന്ന ആളെ മനസിലായോ? സന്ദേശത്തിലെ അനിയൻ ചെക്കൻ: പരിചയപ്പെടുത്തി ബാദുഷ

badusha-fb-post

മലയാളി ഹൃദയത്തിൽ പ്രതിഷ്ഠിച്ച ക്ലാസിക്കാണ് സന്ദേശം. രാഷ്ട്രീയത്തിലെ ശരികേടുകളെ സരസമായി അവതരിപ്പിച്ച ചിത്രം സത്യൻ അന്തിക്കാടിന്റെ മാസ്റ്റർപീസ് കൂടിയാണ്. രാഘവന്‍ നായരും ഭാര്യ ഭാനുമതിയും മക്കളായ പ്രഭാകരന്‍ കോട്ടപ്പള്ളിയും പ്രകാശന്‍ കോട്ടപ്പള്ളിയും ഇന്നും സ്വീകരണമുറിയില്‍ സഹൃദയരെ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. തിലകൻ, കവിയൂർ പൊന്നമ്മ ശ്രീനിവാസൻ, ജയറാം എന്നിവർ തകർത്തഭിനയിച്ച ചിത്രത്തിന്റെ പ്രമേയം ഇന്നും പ്രസക്തമാണ്.

ചിത്രത്തിലെ യുവ വിപ്ലവകാരിയും രാഘവന്‍ നായരുടെ ഇളയമകനുമായ പ്രശാന്തനെ പ്രേക്ഷകർ മറന്നുകാണില്ല. പുതിയ പാർട്ടിയുണ്ടാക്കുകയും അതിനു വേണ്ടി കൊടി തയ്യാറാക്കുകയും ചെയ്യുന്ന പ്രശാന്തന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഇവിടെയിതാ കാലങ്ങൾക്കിപ്പുറം ആ പഴയ അനിയൻ ചെക്കനെ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുകയാണ് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആ പഴയ ബാലതാരത്തെ ബാദുഷ പരിചയപ്പെടുത്തിയത്. ജയറാമേട്ടന്റെയും ശ്രീനിയേട്ടന്റെയും അനിയനായി അഭിനയിച്ച രാഹുൽ ലക്ഷ്മൺ ഇദ്ദേഹം ഇപ്പോൾ അറിയപ്പെടുന്ന ഒരു ഡോക്ടറാണെന്ന് ബാദുഷ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

എന്റെ കൂടെ നിൽക്കുന്ന ആളെ മനസിലായോ മറ്റാരുമല്ല സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ആക്ഷേപഹാസ്യചിത്രം " സന്ദേശം"

എന്ന സിനിമയിൽ ജയറാമേട്ടന്റെയും ശ്രീനിയേട്ടന്റെയും അനിയനായി അഭിനയിച്ച രാഹുൽ ലക്ഷ്മൺ ഇദ്ദേഹം ഇപ്പോൾ അറിയപ്പെടുന്ന ഒരു ഡോക്ടറാണ്, കഴിഞ്ഞ 32 വർഷത്തിന് ശേഷം വീണ്ടും ക്യാമറക്ക് മുന്നിൽ എത്തുന്നു SN സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ. ഇനിയും അദ്ധേഹത്തിന് ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.