Saturday 23 April 2022 03:50 PM IST

‘എന്താ ജോലി ?’ വിവാഹത്തിനു പിന്നാലെ ചോദ്യങ്ങളുയർന്നു, ഭാഗ്യമില്ലാത്തവനെന്ന പേരും! ജീവിതം പറഞ്ഞ് നവീൻ അറയ്ക്കൽ

V.G. Nakul

Sub- Editor

n5

സിനിമ അന്ധവിശ്വാസങ്ങളുടെ മേഖലയാണെന്നത് പുതിയ വാർത്തയല്ല. പക്ഷേ സീരിയലിലും അങ്ങനെ ചിലതൊക്കെയുണ്ടത്രേ. അത്തരം ചില അനാവശ്യ വിശ്വാസങ്ങളാണ് നവീൻ അറയ്ക്കലിനെ കുറച്ചു കാലം വീട്ടിലിരുത്തിയത്. നവീനുണ്ടെങ്കിൽ സീരിയൽ പാതി വഴി നിൽക്കുമെന്നും റേറ്റിങ് കുത്തനെ ഇടിയുമെന്നുമൊക്കെ ചിലര്‍ കഥകളിറക്കി. പൊതുവേ ഇത്തരം പ്രചരണങ്ങൾക്കു വലിയ സ്വീകാര്യത കിട്ടുന്ന അഭിനയ മേഖലയിൽ അതു കാട്ടു തീ പോലെയാണ് പടർന്നത്. ഫലമോ, നവീന് തീരെ അവസരങ്ങൾ കിട്ടാതായി. വരുമാനം നിലച്ചു. നാണക്കേടും എന്തു ചെയ്യുമെന്ന അങ്കലാപ്പും ചിന്തകളെ വരിഞ്ഞു മുറുക്കി. പക്ഷേ, തളരാൻ തയാറാകാത്ത മനസ്സുമായി ആ ചെറുപ്പക്കാരൻ പൊരുതി. അതിനു ഗുണമുണ്ടായി. ഇപ്പോൾ, തന്റെ മേൽ വീണ അപവാദത്തിന്റെ അവസാന തുള്ളിയും കഴുകിക്കളഞ്ഞ്, റേറ്റിങ്ങില്‍ മുൻ നിരയിലുള്ള സൂപ്പർഹിറ്റ് സീരിയലുകളിലെ അത്യന്താപേക്ഷിത ഘടകമായി മാറിയിരിക്കുകയാണ് നവീൻ. ഇതേക്കുറിച്ച് ചോദിച്ചാൽ നവീൻ പറയുന്നതിങ്ങനെ, ‘‘അനുഭവിച്ച സ്ട്രഗിളുകളുടെയും ചെയ്ത സാക്രിഫൈസുകളുടെയും ഫലമാണെല്ലാം...’’.

നവീൻ അറയ്ക്കൽ എന്ന പേരുകേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്കോടിയെത്തുക ഒരു സുന്ദരനായ വില്ലന്റെ മുഖമാണ്. ‘പ്രണയ’ത്തിലെ പ്രകാശ് വർമ്മ എന്ന കഥാപാത്രം നവീനെ കുടുംബപ്രേക്ഷകരുടെ പ്രിയ താരമാക്കി. ‘ബാലാമണി’യും ‘അമ്മ’യും തുടങ്ങിയ ജനപ്രിയ സീരിയലുകളിലെ ഒന്നിനൊന്നു വേറിട്ട കഥാപാത്രങ്ങളുമായി മിനിസ്ക്രീനിൽ നവീൻ ഇടമുറപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ ‘സത്യ എന്ന പെൺകുട്ടി’യിലും ‘പാടാത്ത പൈങ്കിളി’യിലും നിറഞ്ഞു നിൽ‌ക്കുകയാണ് നവീൻ.

‘‘പാടാത്ത പൈങ്കിളിയിൽ അകാലത്തിൽ വിട്ടുപിരിഞ്ഞ നടൻ ശബരി അവതരിപ്പിച്ച അരവിന്ദ് എന്ന കഥാപാത്രമാണ് എനിക്ക്. ഇപ്പോൾ സത്യയിലും പാടാത്ത പൈങ്കിളിയിലുമായി തിരക്കിലാണ്. ഒപ്പം സ്റ്റാർ മാജിക്കിലും ഉണ്ട്. വലിയ വിജയങ്ങളായ ഇവയ്ക്കൊപ്പം സഹകരിക്കാനാകുന്നത് വലിയ നേട്ടമാണ്.’’.

തന്റെ അഭിനയ – വ്യക്തി ജീവിതത്തെക്കുറിച്ച് നവീൻ അറയ്ക്കൽ ‘വനിത ഓൺലൈനു’മായി സംസാരിച്ചു തുടങ്ങിയതിങ്ങനെ.

ഭാഗ്യമില്ലാത്തവൻ എന്ന പദവി

കോളേജിൽ പഠിക്കുന്ന കാലത്ത് അഭിനയ മോഹമുണ്ടായിരുന്നില്ല. മോഡലിങ്ങും റാംപ് ഷോസും പരസ്യ ചിത്രങ്ങളുമൊക്കെ ചെയ്തിരുന്നു. എന്റെ ബന്ധുവാണ് നടി ഉണ്ണി മേരി. അവരുടെ സഹോദരൻ മാർട്ടിൻ അങ്കിൾ വഴിയാണ് ആദ്യ സീരിയലായ ‘സമയം സംഗമ’ത്തിൽ അഭിനയിച്ചത്. ‘നീയെന്താ അഭിനയരംഗത്ത് ശ്രമിക്കാത്തത്, ഓപ്പണിങ് തന്നാൽ ചെയ്യുമോ’ എന്നാണ് അങ്കിൾ ചോദിച്ചത്. ഒരു പ്രൊഫഷനാകുമല്ലോയെന്ന് ഞാനും കരുതി.

‘സമയം സംഗമ’ത്തിൽ ചെറിയ വേഷമായിരുന്നു. അതു കഴിഞ്ഞ് കുറച്ചു കാലത്തിനു ശേഷമാണ് ‘കായംകുളം കൊച്ചുണ്ണി’ എന്ന സീരിയൽ കണ്ട് അഭിനയത്തോട് വലിയ താത്പര്യം തോന്നിത്തുടങ്ങിയത്. ആക്ഷന്‍ രംഗങ്ങളും അത്തരം കഥാപാത്രങ്ങളും എനിക്കിഷ്ടമായിരുന്നു. അങ്ങനെ ‘കായംകുളം കൊച്ചുണ്ണി’യുടെ തിരക്കഥാകൃത്ത് അനിൽ ജി.എസിനെ പോയി കണ്ടു. ആ സീരിയൽ തീരാൻ കുറച്ച് എപ്പിസോഡുകൾ കൂടിയേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ, അടുത്തതിൽ വിളിക്കാം എന്നു പറഞ്ഞു. ഞാൻ കരുതിയത് ഒഴിവാക്കിയതാണെന്നാണ്. പക്ഷേ, അദ്ദേഹം ‘മിന്നൽ കേസരി’ എന്ന അടുത്ത സീരിയൽ എഴുതിയപ്പോൾ എന്നെ വിളിച്ചു. അതിൽ നായകനായെങ്കിലും സീരിയൽ 50 എപ്പിസോഡിൽ നിന്നു പോയി. ‘നൊമ്പരത്തിപ്പൂ’വെന്ന മറ്റൊരു സീരിയലിന്റെ അവസാന ഭാഗത്തും ചെറിയ വേഷത്തിലെത്തിയെങ്കിലും അതും വിജയമായില്ല. അതോടെയാണ് ഞാൻ ഭാഗ്യമില്ലാത്തവനാണെന്ന പേരു വീണതും പ്രതിസന്ധി തുടങ്ങിയതും.

n2

ബാങ്ക് ജോലി കളഞ്ഞ് ഭാഗ്യ പരീക്ഷണം

എറണാകുളത്ത് കലൂരാണ് നാട്. അഭിനയ പാരമ്പര്യമൊന്നുമില്ലാത്ത, ബിസിനസ്സ് കുടുംബമാണ് എന്റേത്. ഡിഗ്രി കഴിഞ്ഞ് ഒരു വർഷത്തോളം വെബ് ഗൈഡായി ജോലി ചെയ്തു. അതിനു ശേഷം ബാങ്കില്‍ ജോലി കിട്ടി. മൂന്നു മാസം കഴിഞ്ഞപ്പോഴാണ് ‘മിന്നൽ കേസരി’യിൽ അവസരം ലഭിച്ചത്. അതിനിടെ ജോലി വിട്ടിരുന്നു. വിവാഹവും കഴിഞ്ഞു. എന്റെയും സിനിയുടെയും പ്രണയ വിവാഹമാണ്. എന്റെ സുഹൃത്തിന്റെ സുഹൃത്താണ് സിനി. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെട്ടത്.

സീരിയൽ നിന്നു പോകുകയും ഭാഗ്യക്കേടിന്റെ ഭാരം പുറത്തു വീഴുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയിലായി. വിവാഹം കഴിഞ്ഞ ശേഷം ‘‘എന്താ ജോലി...?’’ എന്ന ചോദ്യം ശക്തമായിരുന്നു. വല്ലാത്ത അവസ്ഥയായിരുന്നു അത്. പക്ഷേ കുടുംബവും ഭാര്യയും സപ്പോർട്ട് ചെയ്തു. എന്റെ ലക്ഷ്യവും ആഗ്രഹവും അവർക്ക് മനസ്സിലായി. മുള്ളാണെങ്കിലും മുറുക്കെപ്പിടിക്കാം എന്നു കരുതി. കുറച്ചു കാലം അച്ഛന്റെ ബിസിനസ്സിൽ ഒപ്പം നിന്നെങ്കിലും അഭിനയമായിരുന്നു മനസ്സിൽ. മറ്റൊരു ജോലി കിട്ടിയാലും പാതിയിൽ നിർത്തേണ്ടി വന്നാലോ എന്ന ഭയത്താൽ അതിനു ശ്രമിച്ചില്ല.

n6

അപ്പോഴും ചാൻസ് തേടിക്കൊണ്ടേയിരുന്നു. തിരുവനന്തപുരത്തു വന്നു പോകുന്നതിന്റെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് എറണാകുളത്ത് കൂടുതലായി ശ്രമിക്കാൻ തുടങ്ങി. ചെറിയ ചെറിയ വേഷങ്ങള്‍ പലതും ചെയ്തെങ്കിലും വഴിത്തിരിവായത് ‘ബാലാമണി’യിലെ അവസരമാണ്. അതിലെ ‘അള്ള് രാഘവൻ’ എന്ന കഥാപാത്രമായിരുന്നു എന്റെ റീ എൻട്രി. അത് ഹിറ്റായതോടെ ‘അമ്മ’ യിലേക്കു വിളിച്ചു. അതിലെ സി.ഐ അർജുൻ എന്ന പൊലീസ് കഥാപാത്രവും ഹിറ്റായി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ ഞാൻ ഇരുന്നൂറ് ശതമാനം ഹാപ്പിയാണ്. ഇത്രകാലം ഒരവസരവും എന്നെത്തേടി വന്നതല്ല, ഞാൻ അങ്ങോട്ടു പോയി സ്വന്തമാക്കിയവയാണ്. 2014 മുതൽ 18 വരെ സീരിയലും ടെലിഫിലിമുകളുമുൾപ്പടെ മുപ്പതോളം പ്രൊജക്ടുകൾ ചെയ്തു.

ചാക്കോച്ചന്റെ സഹോദരൻ

‘ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ’, ‘മായാമോഹിനി’ തുടങ്ങി അഞ്ചാറ് സിനിമകൾ ചെയ്തെങ്കിലും ബിഗ് സ്ക്രീനിൽ ഇതു വരെ ഒരു നല്ല ഓപ്പണിങ് കിട്ടിയിട്ടില്ല. ‘പുത്തൂരം പുത്രി ഉണ്ണിയാർച്ച’യിൽ ചാക്കോച്ചന്റെ സഹോദരനായാണ് അഭിനയിച്ചത്.

സ്വന്തം പേരിന്റെ എഡിറ്റർ

എന്റെ യഥാർത്ഥ പേര് നവീൻ തോമസ് എന്നാണ്. പക്ഷേ എല്ലാ മേഖലയിലും ഒരുപാട് നവീൻ തോമസ്സുമാരുണ്ടെന്നു തോന്നിയപ്പോൾ ഞാൻ തന്നെയാണ് നവീൻ അറയ്ക്കൽ എന്നു തിരുത്തിയത്. അതിനൊരു പഞ്ചുണ്ടെന്നു തോന്നി. അറയ്ക്കൽ കുടുംബ പേരാണ്.

n3

ശരീരം മാത്രം പോര

കഴിവതും ജിമ്മിൽ പോകാറുണ്ട്. പരമാവധി വർക്കൗട്ട് മുടക്കാറില്ല. ദിവസവും ഒന്നര മണിക്കൂറൊക്കെ ജിമ്മിൽ ചിലവഴിക്കും. വർക്കുള്ള ദിവസങ്ങളിൽ ജിമ്മിൽ പോക്ക് മുടങ്ങും. അപ്പോൾ രാവിലെ എഴുന്നേറ്റാലുടൻ താമസിക്കുന്ന ഹോട്ടലിന്റെ ടെറസ്സിലേക്കോടും. ചെറിയ ചില എക്സർസൈസുകളൊക്കെ ചെയ്യും. അമിതമായി ഭക്ഷണം കഴിക്കാറില്ല. അതേ സമയം ഭക്ഷണ നിയന്ത്രണവുമില്ല.

ഫിറ്റ്നസ് സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടു വീഴ്ചയുമില്ല. ഒരു നടനെ സംബന്ധിച്ച് അതൊരു വലിയ ഘടകമാണ്. എന്നു കരുതി നല്ല ശരീരം കൊണ്ടു മാത്രം കാര്യമില്ല. മുഖത്തും വല്ലതുമൊക്കെ വരണം.

കുടുംബം

ഭാര്യ സിനി അധ്യാപികയാണ്. രണ്ടു മക്കൾ. മൂത്തയാൾ നേഹ, ഇളയവൻ നിവേദ്. അവരാണ് എന്റെ ശക്തി.