Monday 04 December 2023 12:34 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ഈ അവസ്ഥയിൽ കുറേപേർ സന്തോഷിക്കുന്നതൊക്കെ കണ്ടു’: മുറിവുകൾ ഭേദമായെന്ന് അഭിരാമി: പുതിയ വിഡിയോ

abhirami-suresh-9

മിക്സി പൊട്ടിത്തെറിച്ച് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ഗായിക അഭിരാമി സുരേഷ് ആരോഗ്യം വീണ്ടെടുക്കുന്നു. മുറിവുകൾ ഭേദമായെന്നും  വളരെ കുറച്ച് മരുന്നുകൾ മാത്രം കഴിച്ചാൽ മതിയെന്നും ഇപ്പോൾ വലിയ ആശ്വാസം തോന്നുന്നുവെന്നും ഗായിക വെളിപ്പെടുത്തി. നിരവധി പേരാണ് ഫോൺ കോളിലൂടെയൂം മെസേജുകളിലൂടെയും തന്റെ സുഖവിവരം തിരക്കിയതെന്നും പ്രതീക്ഷിക്കാത്തവർ പോലും വിളിച്ചു സംസാരിച്ചെന്നും അഭിരാമി പറഞ്ഞു.

‘കയ്യുടെ ഭംഗിയൊക്കെ കുറേ പോയിക്കിട്ടി. പക്ഷേ നമുക്ക് അതൊക്കെ റെഡിയാക്കി എടുക്കാവുന്നതേയുള്ളൂ. പിന്നെ ഭംഗിയെന്ന് പറയുന്നത് ഉഉള്ളിലുണ്ടാകേണ്ടതല്ലേ... ഈയൊരു സാഹചര്യത്തിൽ എനിക്ക് മനസിലായ ഒരു കാര്യം, എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ചുറ്റുമുണ്ട് എന്നതാണ്. ഒട്ടും പ്രതീക്ഷിക്കിത്ത ഇടത്തു നിന്നും ഒരുപാട് കോൾ വന്നു. നമ്മുടെ കൂടെ നമ്മൾ വിശ്വസിക്കുന്ന ദൈവം ഉള്ളതുകൊണ്ടാണ്, ഒരാഴ്ച കൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. മൊത്തത്തിൽ ഈ വർഷം ഞങ്ങൾക്ക് നഷ്ടങ്ങളുടേതും വേദനകളുടേതും ആയിരുന്നു. ഞങ്ങളുടെ അച്ഛൻ പോയ വർഷമാണ്.’– അഭിരാമി പറയുന്നു.

തന്നെ സ്നേഹിക്കുന്നവരുടെ പ്രാർഥനയും പിന്തുണയുമാണ് പരുക്കിൽ നിന്നും അതിവേഗം മുക്തി നേടാൻ സഹായിച്ചതെന്നും എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുകയാണെന്നും അഭിരാമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. സ്നേഹിതർക്കു വേണ്ടി ഗാനവും ആലപിച്ച ശേഷമാണ് അഭിരാമി വി‍ഡിയോ അവസാനിപ്പിച്ചത്.

പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ചാണ് ഗായിക അഭിരാമി സുരേഷിന് പരുക്കേറ്റത്. മിക്സിയുടെ ബ്ലേഡ് കൈയ്യിൽ തട്ടി 5 വിരലുകളിലും മുറിവേൽക്കുകയായിരുന്നു. അപകടം വിശദീകരിച്ചുള്ള ഒരു വിഡിയോ അഭിരാമി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കൈവിരലുകളിൽ അൽപം ആഴമേറിയ മുറിവാണ് അഭിരാമിക്ക് ഉണ്ടായിരുന്നത്. ചെറിയ രീതിയിൽ പൊള്ളലുമേറ്റു.