ADVERTISEMENT

സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിലായതിനു പിന്നാലെ, ബാലയ്‌ക്കെതിരായ പരാതിക്കു പിന്നില്‍ ഗൂഢാലോചനയെന്ന് നടന്റെ അഭിഭാഷക. കേസ് റദ്ദാക്കാന്‍ ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു.

‘‘ബാലയുടെ ആരോഗ്യനില മോശമാണ്. തളർന്ന അവസ്ഥയിലാണുള്ളത്. രാവിലെ തന്നെ മരുന്ന് കഴിക്കേണ്ട സാഹചര്യമുണ്ട്. അദ്ദേഹം കരൾ മാറ്റിവച്ച ഒരു രോഗിയാണ്. പ്രത്യേകതരത്തിലുള്ള ഭക്ഷണ രീതികളാലും മരുന്നിനാലുമാണ് അദ്ദേഹം ജീവിച്ചു വരുന്നത്. പൊലീസിന്റെ ഭാഗത്തു നിന്നും എല്ലാരീതിയിലുമുള്ള സഹകരണമുണ്ട്. ഇത് നിലനിൽക്കുന്ന കേസല്ല എന്നാണ് എന്റെ അറിവിൽ നിന്നും മനസ്സിലാകുന്നത്’’.– അഭിഭാഷക പറഞ്ഞു.

ADVERTISEMENT

അഭിഭാഷകയെന്ന നിലയിൽ എഫ്ഐആർ പരിശോധിച്ചിരുന്നു. ജാമ്യം ലഭിക്കാനുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ കോടതിയിൽ ഹാജരാക്കേണ്ടി വരും. അദ്ദേഹം ചോദ്യം ചെയ്യലിന് സഹകരിക്കുന്ന ആളാണ്. ഇത്തരത്തിലൊരു പരാതി വന്നാൽ പൊലീസ് സ്വാഭാവികമായും നടപടി ക്രമങ്ങൾ ചെയ്യേണ്ടി വരുമെന്നും അവർ.

പാലാരിവട്ടത്തെ വീട്ടിൽ നിന്നു കടവന്ത്ര പൊലീസാണ് പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. ബാല നീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്. മകളുമായി ബന്ധപ്പെട്ടുള്ളതടക്കം ബാലയുടെ പരാമർശങ്ങൾ അറസ്റ്റിനു കാരണമായി.
വിവാഹ മോചിതരായെങ്കിലും നടൻ ബാലയുടെയും മുൻഭാര്യയുടെയും ദാമ്പത്യജീവിതത്തിൽ സംഭവിച്ച താളപ്പിഴകൾ വീണ്ടും ആരോപണ പ്രത്യാരോപണങ്ങളായി വാർത്തയിൽ നിറയുകയാണ്. ബാലയ്ക്കെതിരെ മകൾ രംഗത്തെത്തിയതാണ് പുതിയ സംഭവവികാസങ്ങളെ ചൂടുപിടിപ്പിച്ചത്. ഇതിനു ബാല പറഞ്ഞ മറുപടിയും ബാലയ്ക്ക് മുൻ ഭാര്യ കൊടുത്ത മറുപടിയുമൊക്കെ ചർച്ചയാകവേയാണ് ബാലയുടെ അറസ്റ്റ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT