മലയാള സിനിമ കണ്ട അതുല്യപ്രതിഭ അന്തരിച്ച സംവിധായകൻ ഭരതന്റെ 26 ആം ഓർമദിനത്തിൽ ഭരതനെക്കുറിച്ച് ശ്രദ്ധേയ കുറിപ്പുമായി അദ്ദേഹത്തിന്റെ പ്രിയസുഹൃത്ത് പി. പത്മരാജന്റെ മകനും കഥാകൃത്തുമായ അനന്തപത്മനാഭൻ. ഒപ്പം ഭരതന്റെ ചില അപൂർവചിത്രങ്ങളും അനന്തപത്മനാഭൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
അനന്തപത്മനാഭന്റെ കുറിപ്പ് വായിക്കാം:
പ്രയാണത്തിലെ പശുക്കുട്ടി, ഗുരുവായൂർ കേശവനിലെ ആന, രതിനിർവ്വേദത്തിലെ പാമ്പ്, ആരവത്തിലെ സർക്കസ്സ് മൃഗങ്ങൾ, തകരയിലെ വിത്തുകാള, ചാട്ടയിലെ കാലിക്കൂട്ടങ്ങൾ, നിദ്രയിലെയും, മിന്നാമിനുങ്ങിന്റെ മിനുങ്ങുവട്ടത്തിലെയും ലൗ ബേഡ്സ്, ലോറിയിലെ തെരുവ് സർക്കസ്സ് കുരങ്ങൻ, സന്ധ്യ മയങ്ങും നേരത്തിലെയും, കാറ്റത്തെ കിളിക്കൂടിലെയും വളർത്തുനായ്ക്കൾ, അമരത്തിലെ കൊമ്പൻ സ്രാവ്, ഇത്തിരിപൂവേ ചുവന്ന പൂവേയിലെ വേട്ടനായ്ക്കൾ, ഓർമ്മയ്ക്കായിലെ കടപ്പുറത്ത് വെറുതെ അലയുന്ന കുതിര, താഴ്‌വാരത്തിലെയും വൈശാലിയിലെയും മൃതി നോറ്റ കഴുകന്മാർ, ചുരത്തിലെ വനജന്തുജാലം...
ഭരതന്മാമന്റെ ചിത്രങ്ങളിൽ അനിമൽ ലൈഫ് പീലി വീശി നിന്നു. ചിത്രകാരൻ ഒരൊറ്റ ബ്രഷ് സ്റ്റ്രോക്കിൽ വിഹായസ്സിൽ പക്ഷിക്കൂട്ടങ്ങളെ പറത്തിവിടും പോലെ ആ ചലച്ചിത്ര ഭൂമികയിൽ അവ യഥേഷ്ടം മേഞ്ഞു, പാറി നടന്നു...
മരിക്കുന്നതിന് ഒന്ന് രണ്ട് മാസം മുമ്പ് എനിക്കൊരു ഫോൺ വന്നു. ഏതോ ലഹരിയുടെ ശൈലശൃംഗത്തിൽ ചവിട്ടി നിന്ന ശബ്ദം, ‘‘പപ്പൻസ്, (ആ വിളി തുടങ്ങി വെച്ചത് ഭരതന്മാമൻ അല്ലേ. പിന്നെ അല്ലേ അച്ഛൻ ഏറ്റെടുത്തത്. അതെ!) തകര നമുക്ക് ഹിന്ദിയിൽ കാച്ചണം. അതിലെ വിത്തുകാളയെ നമുക്ക് കുതിരയാക്കാം! എന്താ അതിന്റെ ഒരു അനട്ടമിക്ക് ഗ്രേസ്!’’
എന്തിന് തകര ?
‘‘മഞ്ഞുകാലം നോറ്റ കുതിര എന്നൊരു നോവൽ തന്നെ അച്ഛന്റെ ഉണ്ടല്ലൊ. ഗസലുകളുടെ പട്ടുനൂലിഴ കോർത്ത് ഭരതന്മാമന് അതൊരു കാവ്യചിത്രമാക്കാം’’.
അതൊന്നും അവിടെ കേൾക്കുന്നില്ല. പിന്നെയും ശബ്ദം,
‘‘തകര ഒരു ഷുവർ ഫോർമുലയാ. എപ്പോ എവിടെ കൊണ്ടിട്ടാലും അത് പടരും. കുതിര, കുതിരയൊരസ്സല് അനിമലാ.... സോ ഗ്രേസ്ഫുൾ...’’ ഏതോ സ്വപ്നത്തിലേക്ക് ആഴ്ന്നാഴ്ന്ന് പോകുന്ന വാക്കുകൾ..
അതായിരുന്നു അവസാനത്തെ വിളി.
‘ലോറി’ കണ്ടിറങ്ങി വന്ന അച്ഛൻ അമ്മയോട് അത്യധികം ആരാധനയോടെ പറയുന്നത് കേട്ടു,
‘‘കഥ പറയാനുള്ള ഒരു എക്സ്പെർട്ടൈസ് കൂടി ഉണ്ടായിരുന്നെങ്കിൽ ഭരതനെ പിടിച്ചാ കിട്ടില്ലായിരുന്നു’’
ചിത്രങ്ങൾ, വർണ്ണങ്ങൾ, സംഗീതം, കവിത, താളം, ഗാനരചന... ഇങ്ങനെ ഒരാൾ വേറെ ഉണ്ടായിട്ടില്ല നമ്മുടെ സിനിമയിൽ.
ഇന്ന് ഭരതന്മാമൻ പിരിഞ്ഞിട്ട് ഇരുപത്തിയാറ് വർഷം. മലയാള സിനിമയുടെ സമ്പൂർണ്ണ കേശാദിപാദം കലാകാരനെ നമസ്ക്കരിക്കുന്നു (ചിത്രത്തിൽ താടിക്കാലത്തിന് മുമ്പ് ഉള്ള ഭരതൻ. ‘പ്രയാണ’ത്തിന്റെ രചനാകാലം. സ്റ്റിൽസ് : എൻ.എൽ. ബാലകൃഷ്ണൻ)