Monday 14 June 2021 12:31 PM IST

അഭിനയവും സംവിധാനവും അച്ഛൻ, സഹായികളായി മകളും മകനും, നിർമാണം അമ്മ! ‘മതിലുകൾ’ ഒരു സമ്പൂർണ കുടുംബ ചിത്രം

V.G. Nakul

Sub- Editor

anwar-abdullah

2020 ഏപ്രിലിലെ അവധിക്കാലത്ത്, ലോക്ക് ഡൗണില്‍ കുടുങ്ങി നാട്ടില്‍പ്പോകാനാകാതെ, കുടുംബസമേതം താനൂരെ വാടക വീട്ടില്‍ പെട്ടപ്പോൾ എഴുത്തുകാരനും അധ്യാപകനുമായ അന്‍വര്‍ അബ്ദുള്ള കരുതിയിരുന്നില്ല – അത് തനിക്കൊരു മുഴുന്നീള ഫീച്ചര്‍ സിനിമ ചെയ്യാനുള്ള അവസരമാണെന്ന്. സിനിമ മാത്രമല്ല, മനുഷ്യജീവിതമാകെ അത്രകാലം പരിചയിച്ചിട്ടില്ലാത്ത ഒരു അടച്ചിരിപ്പിലേക്ക് ചുരുങ്ങിയപ്പോൾ അക്കാലത്തിന്റെ മടുപ്പിനെ അതിജീവിക്കാന്‍ അന്‍വര്‍ ‘കുടുംബസമേതം’ ഒരു സിനിമ ചെയ്തു. ഒപ്പം പുറത്തു നിന്നൊരാൾ കൂടി മാത്രം – ക്യാമറാമാന്‍ മുഹമ്മദ്.

കഴിഞ്ഞ വർഷം ഓക്ടോബറിൽ പൂർത്തിയായി, ഡിസംബറില്‍ സെന്‍സറിങ് കഴിഞ്ഞ ‘മതിലുകൾ – ലൗ ഇന്‍ ദ ടൈം ഓഫ് കൊറോണ’ എന്ന ആ ‘ചെറിയ–വലിയ’ സിനിമ പ്രതിസന്ധികൾ പലതും കടന്ന് ഒടുവിൽ ഒ.ടി.ടി റിലീസായി പ്രേക്ഷകരെ തേടിയെത്തിയിരിക്കുന്നു. ‘റൂട്സ്’ ൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

‘‘ഒന്നും ചെയ്യാനില്ലാതെയിരുന്നപ്പോൾ മക്കൾ തമാശയ്ക്കാണ് ഒരു സിനിമ ചെയ്താലോ എന്നു ചോദിച്ചത്. ഒരു കൊച്ചു സിനിമ. അഞ്ചു മിനിറ്റോ മറ്റോ ഉള്ളത്. ഒരു കഥ ഉണ്ടാക്കിത്തരാമോ എന്നാണവര്‍ ചോദിച്ചത്. ഞാനുണ്ടാക്കിയ കഥ അല്പം വലുതായിപ്പോയി. ഒരു പ്രവാസി വീട്ടില്‍ ക്വാറന്റൈനിലാകുന്നതും അയാള്‍ നേരിടുന്ന വിഭ്രാന്തദര്‍ശനങ്ങളുമായിരുന്നു ഇതിവൃത്തം. അതു ഞാന്‍ അഭിനയിച്ച്, ഒന്‍പതാംക്ലാസുകാരി മകൾ ദിയ മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത്, നാലാം ക്ലാസുകാരന്‍ മകന്‍ ദീപക് സംവിധാനം ചെയ്ത് പൂര്‍ത്തിയാക്കി. എഡിറ്റു ചെയ്ത റോ മെറ്റീരിയല്‍ കണ്ടപ്പോള്‍ അതു വലിയ ഒരു സിനിമയാക്കിയാലോ എന്നാലോചന മനസ്സില്‍ വന്നു. സുഹൃത്തും ‘ഉടലാഴം’ അടക്കമുള്ള സിനിമകളുടെ ക്യാമാറാമാനുമായ മുഹമ്മദ് ആ കുഞ്ഞ് സിനിമ കണ്ട്, ഇതിൽ ഒരു സാധ്യതയുണ്ട് എന്നു വിലയിരുത്തിയതോടെയാണ് വലിയ സിനിമയ്ക്കുള്ള ശ്രമം തുടങ്ങിയത്’’.– അൻവർ ‘വനിത ഓൺലൈനോട്’ പറയുന്നു.

കുടുംബ ചിത്രം

വീട്ടില്‍ത്തങ്ങി മൂന്നു ദിനരാത്രങ്ങള്‍ ഷൂട്ട്. അങ്ങനെ മതിലുകള്‍ പിറന്നു. ദിയയായിരുന്നു ക്യാമറാ സഹായി. ദീപക്ക് സംവിധാന സഹായിയും. പണമിറക്കിയത് ഭാര്യ സ്മിതയാണ്. ആ അര്‍ത്ഥത്തില്‍ ഇതൊരു ‘കുടുംബചിത്ര’മാണ്.

anwar-abdullah-2

സിനിമ എടുക്കുന്നെങ്കിലും വീട്ടിലെ ജീവിതം അവിടെത്തന്നെ തുടരുകയുമായിരുന്നു. അതായത്, വീട്ടിൽ ഭാര്യയുണ്ട്, എന്റെ ഉമ്മിച്ചയുണ്ട്, സഹായത്തിനുവരുന്ന ഉഷച്ചേച്ചിയുണ്ട്. വീട് പൂര്‍ണാര്‍ത്ഥത്തില്‍ നടക്കുന്നതിനിടെയാണ് ഷൂട്ടിങ്. അടുക്കളയില്‍ പാചകം നടക്കുന്നു. അലക്കും പെറുക്കും തുണിവിരിക്കലും ഒക്കെ നടക്കുന്നു. ഷൂട്ടിനായി, വീട്ടിന്റെ മുറ്റവും തൊടിയും ടെറസും മുകള്‍നിലയിലെ മുറിയും ഹാളുമാണുപയോഗിക്കുന്നത്. സ്വീകരണമുറി, വീട്ടിലെ ജീവിതത്തെ തടസ്സപ്പെടുത്താത്തവിധത്തിലും. ചിലപ്പോള്‍, ഒരു ഫ്രെയിം വയ്ക്കുമ്പോഴായിരിക്കും മുറ്റത്തു തുണി കഴുകി വിരിച്ചിരിക്കുന്നത്. പടത്തിലാണെങ്കില്‍, നായകന്‍ ഏകാന്തവാസത്തിലാണ്. പരമാവധി വരാവുന്ന തുണിയെന്നു പറഞ്ഞാല്‍ അയാളുടെ വേഷങ്ങളും കിടക്കവിരികളുമാണ്. പക്ഷേ, പലതരം വേഷങ്ങള്‍. അവയുണങ്ങി എടുത്തുകൊണ്ടുപോകുന്നതിനനുസരിച്ചാണ് ഏതു സീന്‍, ഏതു ഷോട്ട് എടുക്കണമെന്നു തീരുമാനിക്കുന്നത്. അതുപോലെ, മുകളിലെ നിലയില്‍ ചെല്ലുമ്പോഴായിരിക്കും, അവിടെ, ചേച്ചി മുറി വൃത്തിയാക്കുന്നത്. ഇങ്ങനൊക്കെ രസകരമായാണ് ഷൂട്ടിങ് നീങ്ങിയത്.

ക്യാമറാമാനും ഞാനും

ക്യാമറാമാനായ മുഹമ്മദും ഞാനുമായുള്ള ആത്മബന്ധവും വീട്ടുകാരുടെ പിന്തുണയുമില്ലാതെ ഈ സിനിമ സാദ്ധ്യമാകുമായിരുന്നില്ല. ലഭ്യമായ വസ്തുക്കള്‍, സമയം, ഇടം ഇവയെയാണ് ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചത്. അതുപോലെ, ഏകകഥാപാത്രമായതിനാല്‍, കോംപിനേഷന്‍ സീനുകള്‍ ഇല്ലെന്നതും തുണയായി.

ഒടുവിൽ പരിമിതമായ സാഹചര്യത്തിൽ കൗതുകകരവും ക്ലേശകരവുമായി പൂർത്തിയാക്കിയ ‘മതിലുകൾ – ലൗ ഇന്‍ ദ ടൈം ഓഫ് കൊറോണ’ പ്രേക്ഷകരുടെ മുമ്പിലേക്കെത്തുന്നു. ബാലു മുരളീധരന്‍ നായരാണ് ചിത്രത്തിന്റെ റിലീസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഏകോപനത്തിന് സഹായിച്ചത്.