വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ഗൂഡാലോചനയുണ്ടെന്ന വാദം തള്ളി സിബിഐ ഹൈക്കോടതിയിൽ.
സംഭവ സമയത്ത് ബാലഭാസ്കറിന്‍റെ ഡ്രൈവര്‍ അർജുൻ നാരായണൻ വാഹനമോടിച്ചത് അമിത വേഗത്തിലായിരുന്നതിനാലാണ് അപകടം സംഭവിച്ചതെന്നും അപകടത്തില്‍ അസ്വാഭാവികത ഇല്ലെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണ്.
കേസിന്റെ വിചാരണ തുടരാൻ അനുവദിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ഉണ്ണിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവ് തുടരും.
അപകടം നടന്ന ഉടന്‍ ബാലഭാസകറെ അപായപ്പെടുത്താന്‍ ആരോ ശ്രമിച്ചു എന്നും അസ്വഭാവികതയുണ്ടെന്നും കലാഭവന്‍ സോബി ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ശരിയല്ല എന്നാണ് സിബിഐയുടെ റിപ്പോര്‍ട്ട്. അപകട സമയത്ത് ആദ്യം സ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴിയിലും ആരും ആക്രമിക്കുന്നത് കണ്ടതായി പറയുന്നില്ല.
2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടംബവും സഞ്ചരിച്ചിരുന്ന കാറ് തിരുവന്തപുരം പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍ പെടുന്നത്. രണ്ടു വയസുകാരിയായ മകള്‍ തേജസ്വനി സംഭവ സ്ഥലത്തുവച്ച് മരണപ്പെട്ടിരുന്നു. ദിവസങ്ങളോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബാലഭാസ്കര്‍ ഒക്ടോബര്‍ 2നാണ് മരണത്തിന് കീഴടങ്ങിയത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ലക്ഷിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.