സിനിമയെ കിനാവു കാണുന്ന, അഭിനയത്തെ വികാരമായി മനസ്സില്‍ പേറുന്ന യുവത്വത്തിന് അവർക്കു ചുറ്റുമുള്ളവരോട് തലയുയർത്തി നിന്നു പറയുവാനാകും ‘ഇതാണ് എന്റ ലോകം. അതിനപ്പുറം മറ്റൊന്നും ഞാനാഗ്രഹിക്കുന്നില്ല’ എന്ന്... ആ ആത്മവിശ്വാസം അവരെ വിജയികളാക്കുമെന്നതിന്റെ ഉദാഹരണമാണ് ഭാനുപ്രിയയെന്ന കണ്ണൂർക്കാരി പെൺകുട്ടിയുടെ നേട്ടം. ‘പുറം’ എന്ന തമിഴ് ഹ്രസ്വചിത്രത്തിലൂടെ, 2021 ലെ ഇന്തോ– ഫ്രഞ്ച് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ, ഇന്ത്യൻ വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഭാനുപ്രിയ.
രണ്ടായിരം വർഷം പഴക്കമുള്ള സംഘം കവിതയ്ക്ക് ദൃശ്യഭാഷ്യം ചമച്ചിരിക്കുകയാണ് ‘പുറം’. സംഘം കവയിത്രി ഒക്കുർ മാസാത്തിയാർ രചിച്ച ‘പുറനാനൂറ് 279’ എന്ന കവിതയെ പശ്ചാത്തലമാക്കി കാർത്തികേയൻ മണി സംവിധാനം ചെയ്ത ചിത്രം യുദ്ധത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടിട്ടും തന്റെ ഏകമകൻ അതിയനൊപ്പം സധൈര്യം ജീവിക്കുന്ന, ഒടുവിൽ അവനെ പോർക്കളത്തിലേക്ക് പറഞ്ഞുവിടുന്ന തലൈവിയുടെ കഥയാണ്. 24 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തില്‍ തലൈവിയായി നിറഞ്ഞു നിൽക്കുന്നു ഭാനുപ്രിയ.
‘‘ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘ജുംപലഹരി’ എന്ന ചിത്രത്തിലെ പാട്ട് കണ്ടിട്ടാണ് ‘പുറ’ത്തിലേക്ക് വിളിച്ചത്. കഥ കേട്ടപ്പോൾ താൽപര്യമായി. ‘പുറം’ ഒരു തമിഴ് പ്രൊജക്ടാണ്. എനിക്ക് തമിഴ് വലിയ പിടിയില്ല. സിനിമയ്ക്കു വേണ്ടി പഠിച്ചെടുക്കുകയായിരുന്നു. ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ കിട്ടുന്നു. നിരവധി പുരസ്കാരങ്ങളും ലഭിച്ചു’’. – ഭാനുപ്രിയ ‘വനിത ഓൺലൈനോട്’ പറയുന്നു.

ജുംപലഹരി
മലയാളത്തിൽ ഒന്നു രണ്ടു ഷോർട് ഫിലിംസ് ചെയ്തു. ‘ജുംപലഹരി’ യാണ് ആദ്യ സിനിമ. നായികയാണ്. അതിന്റെ കുറച്ച് വർക്കുകള്‍ കൂടി തീരാനുണ്ട്. സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് സംവിധാനം. പി.ബാലചന്ദ്രന്റെ മകൻ ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷും ചേർന്നാണ് തിരക്കഥ. ഷാലു റഹീമാണ് നായകൻ.
കുടുംബത്തിന്റെ പിന്തുണ
കണ്ണൂരാണ് എന്റെ നാട്. പഠനം കഴിഞ്ഞ് കുറച്ചു കാലം അധ്യാപികയായി ജോലി ചെയ്തു. മൂന്നാല് വർഷമായി സിനിമയെന്ന ലക്ഷ്യത്തിനു വേണ്ടി മുഴുവൻ സമയവും മാറ്റി വച്ചിരിക്കുകയാണ്. ഒപ്പം നൃത്തം പഠിക്കുന്നു. കുച്ചിപ്പുടിയാണ് മെയിൻ. അച്ഛൻ – പുരുഷോത്തമന്‍. അമ്മ – പ്രിയംവദ. ചേച്ചി – പൂർണിമ. കുടുംബത്തിന്റെ പിന്തുണയാണ് കരുത്ത്.

ഭാനുപ്രിയയുടെ ‘voyage of time’ എന്ന ഫോട്ടോഷൂട്ട് സീരിസ് മുൻപ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചിയിലെ പൊതുവിടങ്ങളിൽ ഒറ്റയ്ക്കൊരു പെൺകുട്ടി എന്ന ആശയത്തിലാണ് ആ പരമ്പര ചെയ്തത്. അഭിലാഷ് മുല്ലശ്ശേരിയായിരുന്നു ഫൊട്ടോഗ്രഫർ.