Friday 07 February 2025 10:33 AM IST : By സ്വന്തം ലേഖകൻ

‘മലയാള സിനിമ തകർച്ചയുടെ വക്കില്‍, ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം’: വൻ പ്രതിസന്ധിയിലേക്ക് സിനിമ ലോകം

suresh

മലയാള സിനിമ തകർച്ചയുടെ വക്കിലെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട ഗതികേടിലാണെന്നും നിർമാതാവ് ജി. സുരേഷ് കുമാർ. നിർമാതാക്കളുടേയും വിതരണക്കാരുടെയും എക്സിബിറ്റേഴ്‌സിന്റെയും ഫെഫ്കയുടെയും സംയുക്ത യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കുന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനുവരിയില്‍ പുറത്തിറങ്ങിയ 28 ചിത്രങ്ങളിൽ ഒരു സിനിമ മാത്രമാണ് സാമ്പത്തികമായി വിജയിച്ചത്. ബാക്കിയെല്ലാം നഷ്ടം. ഇപ്പോൾ ഇറങ്ങിയ രണ്ടു ചിത്രങ്ങൾ തരക്കേടില്ലാതെ പോകുന്നുണ്ട്, അതിന്റെ കണക്കുകൾ അടുത്ത മാസമേ കിട്ടൂ. കഴിഞ്ഞ മാസത്തെ നഷ്ടം മാത്രം 110 കോടി രൂപ വരും. ഇങ്ങനെ മുൻപോട്ട് പോയാൽ ഇൻഡസ്ട്രി തകർന്നടിയും. ഒരു രീതിയിലും ഒരു നിർമാതാവിന് സിനിമ എടുക്കാൻ പറ്റാത്ത അവസ്ഥയാണ് വരുന്നത്. പ്രൊഡക്ഷൻ കോസ്റ്റ് ക്രമാതീതമായി വർദ്ധിച്ചു. ഏറ്റവും വലിയ പ്രശ്നം ആർട്ടിസ്റ്റുകളുടെ പ്രതിഫലമാണ്. ഇവരൊക്കെ വാങ്ങുന്ന പ്രതിഫലം മലയാള സിനിമയ്ക്ക് താങ്ങാൻ കഴിയുന്നതിന്റെ പത്തിരട്ടിയാണ്. ഇവർക്കൊന്നും യാതൊരു പ്രതിബദ്ധതയും ഈ ഇൻഡസ്ട്രിയോട് ഉണ്ടെന്നു തോന്നുന്നില്ല. പല സാങ്കേതിക പ്രവർത്തകരും വീട്ടിൽ പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ്. താഴെക്കിടയിലുള്ള 60 ശതമാനത്തിൽ അധികം ടെക്‌നീഷ്യൻസിന് ജോലിയില്ല. സർക്കാറിന്റെ ഭാഗത്തു നിന്ന് ഒരു രീതിയിലുള്ള സഹകരണവും ഇല്ല’.– സുരേഷ് കുമാർ പറഞ്ഞു.

ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം ഉണ്ടാകും. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം.