Monday 09 August 2021 10:02 AM IST

‘ഈ പാട്ടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് പറയില്ലെന്ന് ഞാൻ തീരുമാനിച്ചതാണ്’! ‘നൻമയുള്ള ലോകമേ...’ വിവാദത്തിൽ ഇഷാൻ ദേവ് പറയുന്നു

V.G. Nakul

Sub- Editor

ishan-dev

പ്രളയകാലത്ത് അതിജീവനത്തിന്റെ സംഗീതമായി മലയാളികൾ നെഞ്ചോടു ചേർത്ത പാട്ടാണ് ‘നൻമയുള്ള ലോകമേ...’. കവിയും മാധ്യമപ്രവർത്തകനുമായ ജോയ് തമലം എഴുതി, ഇഷാൻ ദേവ് ഈണമിട്ടു പാടിയ ഈ ഗാനം ഇപ്പോഴൊരു വിവാദമുയർത്തിയിരിക്കുന്നു.

സംഗീത സംവിധായകനായ ഇഷാൻ ദേവ് പാട്ടിന്റെ ക്രെഡിറ്റ് ഒറ്റയ്ക്ക് സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്നും ഇഷാന്‍ കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ പാട്ടുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്നുമാണ് ജോയ് തമലം ഉൾപ്പ‍ടെയുള്ളവർ ആരോപിക്കുന്നത്. അഭിമുഖത്തിന്റെ വിഡിയോയ്ക്ക് താഴെ കമന്റായി ജോയ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയതോടെ സംഭവം വിവാദമായി.

എന്നാല്‍ പാട്ടിന്റെ മുഴുവന്‍ ക്രെഡിറ്റും സ്വന്തം പേരിലാക്കാനുള്ള ശ്രമങ്ങളൊന്നും തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് ഇഷാന്‍ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘‘ആ പാട്ടിന്റെ വരികളെഴുതിയത് ജോയ് തമലമാണ്. അത് ഞാൻ എവിടെയും നിഷേധിച്ചിട്ടില്ല. മുൻപ് ഞങ്ങള്‍ സുഹൃത്തുക്കളുമായിരുന്നു. എന്നാൽ ഇപ്പോള്‍ ആ ബന്ധത്തിൽ അകൽച്ചയുണ്ട്. എന്നെ വളരെയധികം വേദനിപ്പിച്ച ഒരു സംഭവമാണ് അതിനു കാരണം. അതുകൊണ്ടു തന്നെ ഈ പാട്ടുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലൊന്നും അദ്ദേഹത്തിന്റെ പേര് പറയില്ലെന്നും, സുഹൃത്ത് എന്നു മാത്രം വിശേഷിപ്പിക്കുമെന്നും തീരുമാനിച്ചതാണ്. അത്രേയുള്ളൂ കാര്യം. എന്നു വച്ച് ആ പാട്ട് അദ്ദേഹമല്ല എഴുതിയതെന്നാകില്ലല്ലോ. പേര് ഞാൻ പറയില്ല. അതിനുള്ള അവകാശം എനിക്കുണ്ട്. അതുകൊണ്ട് ഇപ്പോൾ ഈ വിവാദം ഒരു അനാവശ്യസൃഷ്ടിയാണ്’’.– ഇഷാന്‍ പറയുന്നു.

മറ്റൊരാളുടെ അധ്വാനം തട്ടിയെടുക്കേണ്ടതില്ല

മറ്റൊന്ന്, ഞാൻ ക്രെഡിറ്റ് തട്ടിയെടുത്തു എന്ന ആരോപണമാണല്ലോ. എന്നെ പരിചയമുള്ള, എന്നോടൊപ്പം പ്രവർത്തിച്ചവരോടു ചോദിച്ചാലറിയാം. കോറസ് പാടാൻ വരുന്നവർക്കു പോലും കൃത്യമായ ക്രെഡിറ്റ് കൊടുക്കുന്ന ആളാണ് ഞാൻ. 16 വയസ്സു മുതൽ സംഗീതവുമായി അടുത്തു നിൽക്കുന്ന എനിക്ക് മറ്റൊരാളുടെ അധ്വാനം തട്ടിയെടുക്കേണ്ട ആവശ്യമില്ല. ഇപ്പോൾ ഈ വിവാദം ചിലരുടെ സ്വകാര്യ താൽപര്യമാണ്.

കോപ്പി റൈറ്റ് എനിക്ക്

‘നൻമയുള്ള ലോകമേ...’യുടെ കോപ്പി റൈറ്റ് എനിക്കാണ്. പ്രതിഫലം വാങ്ങാതെ ചെയ്തതാണ്. ഞാനാണ് ഓഡിയോ റിലീസ് ചെയ്തതും. അഭിമുഖത്തിൽ, ഇ പാട്ട് എങ്ങനെയുണ്ടായി, കംപോസ് ചെയ്തപ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന വികാരമെന്ത് എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. അഭിമുഖം കാണുന്നവർക്ക് അത് മനസ്സിലാകും. അതിനെയാണ് വളച്ചൊടിച്ചിരിക്കുന്നത്.