Thursday 13 April 2023 10:43 AM IST

അന്ന് വീടിന്റെ വാതിലിൽ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു, കടം നൽകിയവർ വീട്ടിൽ കയറിയിറങ്ങി; എന്നിട്ടും ജിജി തോറ്റില്ല, ഇന്ന് കടങ്ങൾ എല്ലാം തീർത്ത് സംരംഭകയായി

V.G. Nakul

Sub- Editor

jiji 1

ചുരുങ്ങിയ കാലത്തിനിടെ മലയാള സിനിമയിൽ സജീവസാന്നിധ്യമായി, ഒരു പിടി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മരണത്തിലേക്കു കടന്നു പോയ താരമാണ് സന്തോഷ് ജോഗി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മരണം. ഇന്ന് സന്തോഷ് ജോഗി വിടപറഞ്ഞ് 13 വർഷം തികയുമ്പോൾ, താരത്തിന്റെ പത്നി ജിജി ജോഗി മുൻപ് ‘വനിത ഓൺലൈന്’ നൽകിയ ഒരു അഭിമുഖം വീണ്ടും പ്രസിദ്ധീകരിക്കുന്നു.

മറ്റൊരു സ്വപ്നം കൂടി ജിജി യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ഒരു ചുവരിന്റെ വ്യത്യാസത്തിൽ, രണ്ടു മുറികളിലായി ജിജിയുടെ രണ്ട് ഇഷ്ടങ്ങൾ... പക്ഷേ ഈ നേട്ടങ്ങളിലേക്ക് അവർ താണ്ടിയ ദൂരം പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും അതിജീവനത്തിന്റെയും പത്തുവർഷങ്ങളാണ്. തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് ജിജിയുടെ ഉത്തരം ലളിതം, ‘‘അത്ഭുതം തോന്നുന്നു...’’

ജിജി ജോഗിയെ മലയാളി അറിയും. ജീവിതത്തിന്റെ ഏതോ ഒരു തിരിവിൽ വച്ച് മരണത്തിന്റെ തുരുത്തിലേക്ക് സ്വയം ഇറങ്ങിപ്പോയ നടൻ സന്തോഷ് ജോഗിയുടെ ഭാര്യ. സന്തോഷ് ജീവനൊടുക്കുമ്പോൾ 25 വയസ്സായിരുന്നു ജിജിയുടെ പ്രായം.

ഭർത്താവ് മരിച്ച് ഒരു വർഷം തികയും മുമ്പേ, നാലും രണ്ടും വയസ്സുള്ള പിഞ്ചു പെൺകുഞ്ഞുങ്ങളെയും തന്റെ മാതാപിതാക്കളെയും ചേർത്തു പിടിച്ചു തെരുവിലേക്കെന്ന പോലെ വീടുവിട്ടിറങ്ങുമ്പോൾ തന്നെ മൂടിയ ഇരുളില്‍ നിന്നു പ്രതീക്ഷയുടെ വെട്ടത്തിലേക്കു ജിജി നടന്നു നീങ്ങിയതിനെ ബഹുമാനത്തോടെയല്ലാതെ ആർക്കും വിവരിക്കുവാനാകില്ല.

ഇപ്പോൾ, ‘സാപ്പിയൻ ലിറ്ററേച്ചർ’ എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും ‘സ്വാസ്ഥ്യ’ എന്ന കൗൺസിലിങ് ആൻഡ് സൈക്കോ തെറാപ്പി സെന്ററിന്റെയും അമരക്കാരിയാണ് ജിജി.

തന്റെ അതിജീവന യാത്രയെക്കുറിച്ച് ജിജി ‘വനിത ഓൺലൈനോട്’ മനസ്സ് തുറക്കുന്നു.

പണ്ടേ ഒപ്പം കൂടിയ ഇഷ്ടം

ഡിഗ്രി കാലം മുതൽ സൈക്കോളജി പഠിക്കണമെന്നു വലിയ ആഗ്രഹമായിരുന്നു. പുതുക്കാട് ഒരു കോളജിലാണ് കോഴ്സ് ഉണ്ടായിരുന്നത്. എന്റെ അപ്പച്ചന് വാർക്കപ്പണിയായിരുന്നു. ആ കോളജിൽ അപ്പച്ചന് പണിയുള്ളപ്പോൾ വെക്കേഷൻ സമയത്ത് ഞാനും ഒപ്പം പോകും. കോളജൊക്കെ നടന്നു കാണും. അങ്ങനെ അവിടെ സൈക്കോളജിക്കു ചേരണമെന്നു വലിയ മോഹമായിരുന്നു. പക്ഷേ, പല കാരണങ്ങളാൽ സാധിച്ചില്ല. ജീവിത സാഹചര്യങ്ങളും മാറി. പിന്നീടു ഞാൻ പഠിച്ചത് സുവോളജിയും ബയോ ടെക്നോളജിയുമൊക്കെയാണ്. ഒടുവിൽ അടുത്ത കാലത്താണ് ഇഷ്ടമുള്ളത് പഠിക്കാം എന്നു തീരുമാനിച്ചതും അപ്ലൈഡ് സൈക്കോളജിയിൽ പി.ജിയും, കൗൺസിലിങ് ആൻഡ് സൈക്കോ തെറാപ്പിയിൽ ഡിപ്ലോമയും എടുത്തത്.

പണ്ടു മുതൽ ഞാൻ കുഴപ്പമില്ലാത്ത ഒരു കേൾവിക്കാരിയാണെന്ന് പലരും പറയാറുണ്ട്. നമ്മുടെ ജീവിതത്തിൽ ഒരാൾ കേൾക്കാൻ ഉണ്ടാകുക എന്നത് വളരെ പ്രധാനമാണെന്ന് എനിക്കു തോന്നുന്നു. അങ്ങനെ ഒരാൾ ഉള്ളതിന്റെ സന്തോഷവും ഇല്ലാത്തതിന്റെ ബുദ്ധിമുട്ടും അറിഞ്ഞിട്ടുണ്ട് ഞാൻ. അതും ഈ മേഖലയിലേക്കു കടക്കുന്നതിൽ പ്രചോദനമായി.

കൗൺസിലിങ് സെന്ററും പബ്ലിക്കേഷനും എന്നെ സംബന്ധിച്ച് അതിജീവനത്തിന്റെ കൂടി ഭാഗമാണ്. രണ്ടും വലിയ സാമ്പത്തിക നേട്ടം കിട്ടുന്ന സംരംഭങ്ങളല്ല. അതുകൊണ്ടു തന്നെ വരുമാനം, ലാഭം എന്നതിനൊക്കെ അപ്പുറം എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നു എന്ന തരത്തിലാണ് ഞാനവയെ സമീപിക്കുന്നത്.

jiji 2

ഇരുട്ടു മൂടിയ ദിനങ്ങൾ

ജോഗി മരിക്കുമ്പോൾ വീടിനു മുമ്പിൽ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു. കടങ്ങൾ വേറെയും. എനിക്കു ജോലിയുണ്ടെങ്കിലും ശമ്പളം കുറവായിരുന്നു. ജോഗിയുടെ മരണ ശേഷം ബാങ്ക് ഉദ്യോഗസ്ഥരും പണം കൊടുക്കാനുള്ളവരും എല്ലാ ദിവസവും വീടിനു മുന്നിൽ വരാൻ തുടങ്ങി. ഒടുവിൽ എങ്ങനെയെങ്കിലും വീട് വിറ്റ് കടങ്ങൾ തീർത്ത് എങ്ങോട്ടെങ്കിലും പോയാൽ മതി എന്ന ചിന്തയായി.

എന്റെ വീടായിരുന്നു അത്. ഷോർട് ഫിലിമിനു വേണ്ടിയാണ് ജോഗി അതിന്റെ പ്രമാണം പണയം വച്ച് ലോൺ എടുത്തത്. ഒടുവിൽ ചെറിയ വിലയ്ക്ക് വീട് വിറ്റ് ബാങ്കിലെ കടം വീട്ടി. ജോഗി മരിച്ച് ഒരു കൊല്ലത്തിനുള്ളില്‍ നാലും രണ്ടും വയസ്സുള്ള മക്കളെയും എന്റെ അച്ഛനമ്മമാരെയും കൊണ്ടു തെരുവിലേക്കെന്ന പോലെ ഇറങ്ങുകയായിരുന്നു. ആ സമയത്ത് ജോഗിയുടെ കുടുബവും വാടക വീട്ടിലായിരുന്നു. ഞങ്ങളും ഒരു വാടക വീട്ടിലേക്കു മാറി.

അതിജീവനം

പൂജ്യത്തിൽ നിന്നു ജീവിതം തിരികെ പിടിക്കാൻ ശ്രമിക്കുകയായിരുന്നു അതിനു ശേഷം ഞാൻ. സീതാറാം ആയുർവേദ ഫാർമസിയില്‍ ചെറിയ ജോലിയുണ്ടായിരുന്നെങ്കിലും ആ വരുമാനം കൊണ്ടു ചെലവ് നടക്കുമായിരുന്നില്ല. രണ്ടു ചെറിയ കുട്ടികള്‍, അമ്മ നിത്യരോഗി, കടങ്ങള്‍... അങ്ങനെയാണ് ജോലി കഴിഞ്ഞുള്ള സമയം ഹോം ട്യൂഷൻ എടുക്കാൻ തുടങ്ങിയത്. 5 മണിക്ക് ജോലി കഴിഞ്ഞാൽ രാത്രി 10 വരെ പല വീടുകളിലായി കുട്ടികൾക്ക് ട്യൂഷനെടുക്കും. ഒപ്പം ഓൺലൈനിൽ ചെറിയ ചെറിയ ജോലികളും ചെയ്തു. അങ്ങനെ പതിയെപ്പതിയ ജീവിതത്തിലേക്കു തിരികെ കയറുകയായിരുന്നു. കടങ്ങൾ വീട്ടിത്തുടങ്ങി, കുറച്ചു സ്ഥലം വാങ്ങി, വീടു പണി തുടങ്ങി... തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ഒരു അത്ഭുതം പോലെ തോന്നുന്നു.

ഞങ്ങൾ ഇപ്പോൾ തൃശൂർ പനമുക്കിലെ സ്വന്തം വീട്ടിലാണ് താമസം. 2010 ൽ തുടങ്ങിയ വീടിന്റെ പണി ഈ വർഷമാണ് പൂർത്തിയായത്. വീട് പണി തുടങ്ങി ചുവരുകളും വാതിലുകളും വച്ചപ്പോൾ തന്നെ ഞങ്ങൾ അവിടെ താമസം തുടങ്ങിയിരുന്നു.

അക്കാലത്ത് ഞാൻ എന്റെ മക്കളെ കണ്ടിട്ടില്ലെന്നു പറയാം. രാവിലെ അവർ ഉണരും മുമ്പേ ഞാൻ പോകും. രാത്രി അവർ ഉറങ്ങിക്കഴിഞ്ഞാണ് മടങ്ങി എത്തുക. എന്റെ അച്ഛനും അമ്മയുമാണ് അവരെ വളർത്തിയത്. ഇടയ്ക്ക് ജോഗിയുടെ വീട്ടിലേക്കും പോകും.

പ്രശ്നങ്ങൾ തീർന്നു തുടങ്ങിയതോടെ 2014ൽ ഞാൻ ഹോം ട്യൂഷൻ നിർത്തി. മറ്റൊരു ജോലിക്കു ചേർന്നു. ഈ കാലത്ത് തന്നെയാണ് സൈക്കോളജി പഠിക്കാനും പബ്ലിക്കേഷൻ തുടങ്ങാനുമൊക്കെ തീരുമാനിച്ചത്. കുറച്ചു കടങ്ങൾ കൂടി ബാക്കിയുണ്ട്. അതും ഉടൻ വീട്ടണം. ഇപ്പോൾ സീതാറാമിൽ ടെക്നിക്കൽ മാനേജരായാണ് ഞാൻ ജോലി ചെയ്യുന്നത്.

jiji 3

സാപ്പിയൻ ലിറ്ററേച്ചർ

പുസ്തകങ്ങളോടുള്ള ഇഷ്ടമാണ് എന്നെ പബ്ലിഷറാക്കിയത്. പ്രവീണിനെയും ജയദേവൻമാഷിനെയും പോലെ എഴുത്തും വായനയുമായി ബന്ധപ്പെട്ടു നിൽക്കുന്ന കുറച്ചു സുഹൃത്തുക്കളാണ് ഒപ്പം നിന്നത്. 2018 ൽ 4 പുസ്തകങ്ങൾ ഒന്നിച്ച് പ്രസിദ്ധീകരിച്ചു കൊണ്ടാണ് സാപ്പിയൻ ലിറ്ററേച്ചർ ലോഞ്ച് ചെയ്തത്. മനോഹരമായി, നല്ല പുസ്തകങ്ങൾ ചെയ്യണം എന്നതാണ് ലക്ഷ്യം. 2019 ൽ കേരള സാഹിത്യ അക്കാഡമിയുടെ ദേശീയ പുസ്തകോൽസവത്തിൽ മികച്ച പുസ്തക നിർമിതിക്കുള്ള അവാർഡ് സാപ്പിയൻ ലിറ്ററേച്ചറിന് കിട്ടി. ഇപ്പോൾ 30 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കുറേ പുസ്തങ്ങളുടെ ജോലികൾ നടക്കുന്നു. എം.എൻ പ്രവീണ്‍ കുമാർ ആണ് സാപ്പിയൻ ലിറ്ററേച്ചറിന്റെ എഡിറ്റർ.

സാപ്പിയൻ ലിറ്ററേച്ചറിന്റെയും ‘സ്വാസ്ഥ്യ’ യുടെയും ഓഫിസുകൾ ഒരു ചുമരിന്റെ വ്യത്യാസത്തിലാണ്. വീട്ടിൽ ‘വൈഖരി’ എന്ന പേരിൽ പുസ്തകങ്ങൾ സൗജന്യമായി വായിക്കാൻ നൽകുന്ന ഒരു ഗ്രന്ഥശാലയും പ്രവർത്തിക്കുന്നു.

നിനക്കുള്ള കത്തുകള്‍

സന്തോഷിനെക്കുറിച്ച് എഴുതിത്തുടങ്ങിയത് പുസ്തകം ചെയ്യണം എന്ന ആഗ്രഹത്തോടെയല്ല. എനിക്ക് ജോഗിയോടുള്ള കമ്യൂണിക്കേഷൻ പോലെയാണ് ആ കുറിപ്പുകൾ ഫെയ്സ്ബുക്കിൽ എഴുതിയത്. പിന്നീട് ഗ്രീൻ പെപ്പർ പബ്ലിക്കയുടെ ബിനുവാണ് ‘നിനക്കുള്ള കത്തുകള്‍’എന്ന പേരില്‍ അവ പുസ്തകമാക്കാം എന്നു പറഞ്ഞത്. അത് നന്നായി സ്വീകരിക്കപ്പെട്ടു. രണ്ടാം പതിപ്പ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു.

സന്തോഷിന്റെ മരണം എന്നെ ശൂന്യമായ അവസ്ഥയിൽ എത്തിച്ചു. ആ ഇരുട്ടിൽ നിന്നുള്ള മോചനം കൂടിയായിരുന്നു എഴുത്ത്. ആ സമയത്തൊക്കെ എഴുതുമ്പോൾ ജോഗിയോട് സംസാരിക്കും പോലെ എനിക്കു തോന്നിയിരുന്നു.

jiji 4

തീരാത്ത വേദനകൾ

പലപ്പോഴും ഞാൻ പരാജയപ്പെട്ട ഒരു കാമുകിയാണെന്നു തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പോക്കിനൊപ്പം ഒപ്പം പോകുന്ന ആളായിരുന്നു ഞാൻ. ആ വഴിയിൽ ചോദ്യം ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടില്ല. അതിന് പലരും എന്നെ വിമർശിച്ചിട്ടുണ്ട്. ഇപ്പോഴും ഞാൻ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഇടുമ്പോൾ, ചിലർ അതിന് താഴെ, ‘അയാൾ മരിക്കുന്ന സമയത്ത് തിരിഞ്ഞു നോക്കാത്ത ഒരു സ്ത്രീയാണ്’ എന്നു കമന്റിടും. ജോഗി മരിച്ച്, ഡെഡ്ബോഡി വീട്ടിൽ ഉള്ള സമയത്ത് കുറച്ചു കൂട്ടുകാർ വന്ന് എന്നെ കുറേ ഭീഷണിപ്പെടുത്തി. അന്ന് 25 വയസ്സാണ് എന്റെ പ്രായം. ഇന്നത്തെ ധാരണകൾ ഒന്നിനെക്കുറിച്ചും അന്നില്ല. നമ്മൾ ഒരാളെ സ്നേഹിച്ചു. അയാളെ കേന്ദ്രബിന്ദു ആക്കി, ചുറ്റിപ്പറ്റി ജീവിച്ചു.

ജോഗിക്ക് ഡിപ്രഷന്‍ ആയിരുന്നോ എന്ന് ഇപ്പോഴും എനിക്കുറപ്പില്ല. എന്നെ പരിചയപ്പെടുന്നതിനു മുന്നേ പലതവണ ആത്മഹത്യാ ശ്രമം നടത്തിയിട്ടുള്ള ആളാണ്. ഞങ്ങൾ ഒന്നിച്ച ശേഷമുള്ള ആദ്യ ശ്രമത്തിൽ ജോഗി പോയി....പത്ത് വർഷം....മക്കള്‍ ചിത്രലേഖ, കപില. ജോഗിയാണ് രണ്ടു പേർക്കും പേരിട്ടത്. രണ്ടു പേരും അച്ഛനെപ്പോലെ കലയില്‍ താൽപര്യമുള്ളവരാണ്.