Saturday 11 September 2021 11:48 AM IST

‘അതെന്താ എന്നെ വിളിക്കാത്തത്, എനിക്കൊരു വേഷം തന്നേ പറ്റൂ...’: ചോദിച്ച് വാങ്ങിയ റോൾ പൂർത്തിയാക്കി അദ്ദേഹം പോയി: ഞെട്ടൽ മാറാതെ കണ്ണൻ താമരക്കുളം

V.G. Nakul

Sub- Editor

ramesh-valiyasala-4

രണ്ട് ദിവസം മുമ്പ് തന്റെ ലൊക്കേഷനിൽ നിന്നു സന്തോഷത്തോടെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു പോയ മനുഷ്യന്റെ മരണ വാർത്തയാണ് ഇന്നു രാവിലെ കണ്ണന്‍ താരമക്കുളത്തെ തേടിയെത്തിയത്. അതിന്റെ വേദനയും ഞെട്ടലും ഇപ്പോഴും കണ്ണനെ വിട്ടു പോയിട്ടില്ല.

നടൻ രമേശ് വലിയശാലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും സീരിയൽ ലോകവും. നാടകരംഗത്തു നിന്നെത്തി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സീരിയൽ–സിനിമ രംഗത്ത് സജീവമായ രമേശ് മലയാളികൾക്ക് ആമുഖങ്ങൾ ആവശ്യമില്ലാത്ത അഭിനേതാവാണ്.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വരാൽ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു രണ്ട് ദിവസം മുൻപ് വരെ രമേശ്. തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് അദ്ദേഹം ജീവനൊടുക്കിയത്. ഇപ്പോഴും ആ സത്യം രമേശിന്റെ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവർക്കും വിശ്വസിക്കുവാനായിട്ടില്ല. അവർ വേദനയോടെ ചോദിക്കുന്നു– ‘എന്തിന് രമേശ് ആത്മഹത്യ ചെയ്തു ?’

‘‘മൂന്ന് ദിവസം അദ്ദേഹം ലൊക്കേഷനിലുണ്ടായിരുന്നു. പ്രകാശ് രാജ് സാറുമൊക്കെയുള്ള കോംപിനേഷന്‍ സീനായിരുന്നു. ഭയങ്ക ഹാപ്പിയായിരുന്നു. കുറേ നാളിനു ശേഷം സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവേശമുണ്ടായിരുന്നു. എന്നെ കെട്ടിപ്പിടിച്ച്, സന്തോഷത്തോടെയാണ് പോയത്. അടുത്ത പടത്തിലും വിളിക്കണം എന്നൊക്കെ പറഞ്ഞിരുന്നു. എന്താണ് പെട്ടെന്നിങ്ങനെ സംഭവിക്കാനുള്ള കാരണമെന്ന് മനസ്സിലാകുന്നില്ല’’. – കണ്ണൻ താമരക്കുളം ‘വനിത ഓൺലൈനോട്’ പറയുന്നു.

പ്രിയസുഹൃത്ത്

ഇരുപതു വർഷത്തിലേറെയായി ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ‘മിന്നാരം’ എന്ന സീരിയലിലൊക്കെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് ഒരു ഇടവേള വന്നു. വർഷങ്ങൾക്കു ശേഷം അടുത്തിടെ, ഒന്നര മാസം മുൻപ്, എന്നെ വിളിച്ചു. ‘എനിക്ക് നിങ്ങളുടെ സിനിമയിൽ അഭിനയിക്കണം, അതെന്താ എന്നെ വിളിക്കാത്തത്. എനിക്കൊരു വേഷം തന്നേ പറ്റൂ’ എന്നു പറഞ്ഞു. അപ്പോഴാണ്, അയ്യോ അടുത്ത സുഹൃത്തായിട്ടും ഇത്ര നാളും ഒരു റോൾ കൊടുത്തില്ലല്ലോ എന്നു ചിന്തിച്ചത്. വരാലില്‍ അത്യാവശ്യം നല്ല കഥാപാത്രമായിരുന്നു. നന്നായി അഭിനയിക്കുകയും ചെയ്തു. അദ്ദേഹത്തെ കാസ്റ്റ് ചെയ്തത് നന്നായി എന്ന് ഞാനും അനൂപ് മേനോനും തമ്മിൽ പറയുകയും ചെയ്തു. ‘വിരുന്ന്’ലും ഒരു വേഷം വേണം എന്നു പറഞ്ഞിരുന്നു.

ബാക്കിയുണ്ടായിരുന്നെങ്കിൽ

നോർമലി ഓപ്പണ്‍ മൈൻഡഡ് ആയ ആളാണ് അദ്ദഹം. പക്ഷേ, എന്തെങ്കിലും പ്രശന്ങ്ങളുള്ളതായി അടുത്തൊന്നും ആരോടും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആർക്കും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല.

പടത്തിലെ തന്റെ ഭാഗം തീർത്തിട്ടാണ് അദ്ദേഹം പോയത്. ഇപ്പോൾ എനിക്കു തോന്നുന്നത്, കുറച്ച് കൂടി സീനുകൾ ബാക്കിയുണ്ടായിരുന്നെങ്കില്‍ അതിന്റെയെങ്കിലും പേരിൽ മാറിച്ചിന്തിച്ചേനെ എന്നാണ്. എന്തു ചെയ്യാൻ പറ്റും. സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി അറിയില്ല. ആദ്യ ഭാര്യ മരിച്ചത് അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിരുന്നു. പിന്നീട് രണ്ടാമതൊരു വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു.

മാറാത്ത ഞെട്ടൽ

‘വിരുന്ന്’ സിനിമയുടെ നിർമാതാവ് ഗിരീഷേട്ടനാണ് എന്നെ വിളിച്ച് വിവരം പറഞ്ഞത്. ഉറക്കത്തിൽ നിന്നുണർന്ന്, ഞാൻ‌ ഞെട്ടലോടെ ആ ഇരുപ്പ് ഒരു മണിക്കൂർ ഇരുന്നു. വലിയ ഷോക്കായിപ്പോയി. എന്റെ ലൊക്കേഷനിൽ നിന്നു സന്തോഷത്തേ പോയ ഒരാളുടെ മരണ വാർത്ത ദിവസങ്ങൾക്കകം കേൾക്കുകയെന്നത് എത്രമാത്രം ഞെട്ടലുണ്ടാക്കുമെന്ന് ചിന്തിച്ചു നോക്കൂ.