നടി മീര നന്ദന്‍ വിവാഹിതയാകുന്നു. ശ്രീജുവാണ് വരന്‍. വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച്, മീര സോഷ്യൽ മീഡിയയിൽ സന്തോഷം കുറിച്ചു. ലണ്ടനിൽ ആണ് ശ്രീജുവിന് ജോലി.
വിവാഹനിശ്ചയത്തിൽ കാവ്യ മാധവൻ, ആൻ അഗസ്റ്റിൻ, സ്രിന്ദ എന്നിവർ പങ്കെടുത്തു. ‘ഇനി ഒന്നിച്ചുള്ള ജീവിതം’ എന്ന കുറിപ്പോടെ മീര തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്.
‘ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ജീവിതകാലത്തേക്കുള്ള ഒരു വാഗ്ദാനത്തിലേക്ക് മീരയും ശ്രീജുവും എത്തിയത്. മാതാപിതാക്കൾ പരസ്പരം സംസാരിച്ചതിനു ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരായിരിക്കുമെന്ന് കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയെയും പോലെ തന്നെ… എന്നാൽ അതിന്റെതായ പ്രത്യേകതകളുമുണ്ട്; അവർ കണ്ടുമുട്ടുന്നു, പ്രണയത്തിലാകുന്നു, അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ചിലവഴിക്കാൻ തീരുമാനിക്കുന്നു’ എന്നാണ് ചടങ്ങിന്റെ ഫൊട്ടോഗ്രഫി നിര്‍വഹിച്ച ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരിക്കുന്നത്.
അവതാരകയായി കരിയർ തുടങ്ങിയ മീര ദിലീപിന്റെ നായികയായി മുല്ലയിലൂടെയാണ് സിനിമയിലെത്തിയത്. ഇപ്പോൾ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് റേഡിയോ ജോക്കിയായി ജോലി ചെയ്തുവരികയാണ് താരം. ഈ വർഷം പുറത്തിറങ്ങിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മീര എത്തിയിരുന്നു. കൊച്ചി എളമക്കര സ്വദേശിയാണ്.