Monday 24 May 2021 11:18 AM IST

പേര് വന്നത് ‘ഒഥല്ലോ’യിലെ കഥാപാത്രത്തിൽ നിന്ന്, അഭിനയമാണോ നിലപാടാണോ പ്രധാനം എന്നു ചോദിച്ചാൽ മനുഷ്യൻ എന്നാകും ഉത്തരം; സുമേഷ് ഇനി ആക്ടർ മൂർ

V.G. Nakul

Sub- Editor

moor-new-1

മുറിച്ചിട്ടാൽ അവൻ മുറികൂടി വരും. അവന് പേരില്ല. പേരിനപ്പുറം അവനൊരു പ്രതീകമാണ്. ഒടുങ്ങാത്ത, തളരാത്ത പോരാട്ടത്തിന്റെ പ്രതീകം. രോഹിത് വി.എസ് സംവിധാനം ചെയ്ത ‘കള’ കണ്ടവരാരും ടൊവീനോ തോമസിന്റെ ഷാജിയോട് ഒരു പകല്‍ മുഴുവൻ പൊരുതി നിന്ന യുവനടന്റെ സ്വാഭാവിക പ്രകടനത്തിന്റെ വീറും തിളക്കവും മറക്കില്ല. ആ വീറും തിളക്കവുമാണ് മൂർ എന്ന നടന്റെ കരുത്ത്. അഭിനയത്തിൽ മാത്രമല്ല, ജീവിതത്തിലും ആ ജൈവികത ഈ ചെറുപ്പക്കാരൻ നെഞ്ചേറ്റുന്നുണ്ട്. ഉണ്ണി എന്നാണ് മൂറിന് വീട്ടുകാർ നൽകിയ പേര്. സ്കൂളിൽ ചേർത്തപ്പോൾ അധ്യാപകർ അത് സുമേഷ് എന്നാക്കി. നാടകം ജീവിതത്തിന്റെ ഭാഗമായപ്പോൾ കൂട്ടുകാർ സമ്മാനിച്ച പേരാണ് മൂർ. അങ്ങനെ സുമേഷ് മൂർ ആയി. ഇനി ആ സുമേഷ് വേണ്ട എന്നാണ് തീരുമാനം. ‘ആക്ടർ മൂർ’ എന്ന് അറിയപ്പെടാനാണ് ആഗ്രഹം. തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിന് മൂർ നൽകിയിരിക്കുന്ന ‘ബോൺ ടു ആക്ട്’ എന്ന പേരിൽ നിന്ന് അഭിനയത്തോടുള്ള മൂറിന്റെ പാഷൻ മനസ്സിലാക്കാം.

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്ത് ചെറുപുഴ സ്വദേശിയാണ് മൂർ. ഇടത്തരം ജീവിതസാഹചര്യങ്ങളില്‍ നിന്നാണ് നാടകത്തിന്റെയും സിനിമയുടെയും ലോകത്തേക്ക് ഈ ചെറുപ്പക്കാരന്റെ വരവ്. അഭിനയം മൂറിന് ചോരയിൽ കലർന്ന വികാരമാണ്. അച്ഛന്‍ സുരേഷ് നടനാണ്. അഭിനയത്തെ പ്രാണനു സമം പ്രണയിക്കുന്നയാൾ. മൂറിന്റെ അമ്മ മിനി. ഒരു സഹോദരി – സുമിഷ. ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പതിനെട്ടാം പടി’യാണ് ആദ്യ ചിത്രം. ചിത്രത്തിൽ നായകനായി ആദ്യം പരിഗണിച്ചിരുന്നതും മൂറിനെയാണ്. എന്നാൽ ചില കാരണങ്ങളാൽ അതു മാറിയപ്പോൾ മൂറിനു വേണ്ടി ശങ്കർ രാമകൃഷ്ണൻ ഒരു കഥാപാത്രത്തെ അധികം എഴുതിച്ചേർക്കുകയായിരുന്നു – അമ്പൂട്ടി. രണ്ടാം ചിത്രം ‘കള’ വഴിത്തിരിവായി. ‘കള’ യിലെ കഥാപാത്രം സൂപ്പർഹിറ്റായതോടെ ധാരാളം അവസരങ്ങൾ മൂറിനെ തേടിയെത്തുന്നു. എന്നാൽ കിട്ടുന്ന വേഷങ്ങളെല്ലാം സ്വീകരിക്കാന്‍ ഈ ചെറുപ്പക്കാരൻ തയാറല്ല.

moor-new-2

ഷാജികൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യിലേയ്ക്കും മൂറിന് ക്ഷണമുണ്ടായിരുന്നു. അത് സ്വീകരിച്ചില്ല. ‘നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ്. കറുത്തവര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ അന്നുമില്ല ഇന്നുമില്ല. അതുകൊണ്ട് ആ വേഷം വേണ്ടെന്നുവച്ചു’ എന്നാണ് അതെക്കുറിച്ച് മൂർ വിശദീകരിക്കുന്നത്. മൂറിന്റെ ഈ നിലപാട് സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നു. ‘‘അഭിനയമാണോ നിലപാടാണോ പ്രധാനം എന്നു ചോദിച്ചാൽ മനുഷ്യൻ എന്നാകും ഞാൻ പറയുക. അടിസ്ഥാനപരമായി അതിനാണല്ലോ മുൻഗണന. അഭിനയം ഇഷ്ടപ്പെട്ട് ചെയ്യുന്ന ഒരു കാര്യം. നിലപാടിൽ നിന്നു വിട്ടു പോയി അതു ചെയ്യേണ്ട ഒരു സാഹചര്യമില്ല. ഇതുവരെ ഞാന്‍ വിശ്വസിച്ചിരുന്നത്, ഞാൻ പറയുന്നതൊക്കെ വെറുതെ കാറ്റത്ത് ഊതുന്നതു പോലെയാണെന്നാണ്. പക്ഷേ, അങ്ങനെയല്ല. ആളുകൾ അത് ഗൗരവത്തോടെ പരിഗണിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. അതിൽ വലിയ സന്തോഷം തോന്നുന്നു. കഴി‍ഞ്ഞ ദിവസം ഒരാൾ എന്നെ വിളിച്ചിട്ട് ഒരു തിരക്കഥ അയച്ചു തന്നു. ഒരു ആദിവാസി ഊരിലെ പയ്യന്റെ കഥയാണ്. അവന് അപ്പനുണ്ട്, കാമുകിയുണ്ട്...അതായത്, നമ്മള്‍ ഇന്ദുചൂഢനെയും നീലകണ്ഠനെയുമൊക്കെ കണ്ട പോലെ ആദിവാസി ഊരിലെ പയ്യനെയും ഹീറോയായി പരിഗണിക്കാൻ പറ്റുന്നുണ്ടല്ലോ. ആൾക്കാർ അങ്ങനെ മനസ്സിലാക്കുന്നത് വളരെ ആവേശം നൽകുന്നതാണ്. ഇപ്പോഴും ‘കള’യിലെ എന്റെ കഥാപാത്രത്തെ വില്ലൻ ആയി പരിഗണിക്കുന്നവരുണ്ട്. അത് എത്രയോ വർഷങ്ങളായി നമുക്കുണ്ടായ ഒരു ബോധത്തിന്റെ ഭാഗമാണ്’’. – മൂർ ‘വനിത ഓൺലൈനോട്’ പറയുന്നു.

കളയുടെ അധ്വാനം

ഞാൻ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍ ധാരാളം മനുഷ്യരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പല ജീവിതമുള്ളവരാണ്. അവരാണ് എന്നെ പരുവപ്പെടുത്തിയത്. ആ ജീവിതം സമ്മാനിച്ചവയും പുസ്തകങ്ങളിൽ നിന്നു രൂപപ്പെട്ടവയും ഞാൻ അഭിനയിച്ച നാടകങ്ങൾ നൽകിയവയുമൊക്കെയായ തിരിച്ചറിവുകളാണ് എന്റെ കരുത്ത്. അങ്ങനെയാണ് ഞാൻ എന്റെ നിലപാടുകളിലേക്കെത്തിയത്. ‘കള’യുടെ അസോസിയേറ്റ് ഡയറക്ടര്‍ ആണ് ചിത്രത്തിലേക്ക് വിളിച്ചത്. രോഹിത്തേട്ടന്റെ ഫ്‌ളാറ്റിലെത്തി കഥ കേട്ടു. ചെയ്യാമെന്ന് സമ്മതിച്ച് നേരെ വണ്ടി കയറിയത് അട്ടപ്പാടിയിലേക്കാണ്. അട്ടപ്പാടിയുടെ ഭൂപ്രകൃതിയെ അറിയുക, മരംകയറ്റം പഠിക്കുക, അവിടുത്തെ ജീവിതസാഹചര്യങ്ങള്‍ പരിചയപ്പെടുക ഇതൊക്കെയായിരുന്നു ഉദ്ദേശ്യം. വലിയ ശാരീരിക അധ്വാനം വേണ്ടി വന്നു ‘കള’യിൽ. ശരീരത്തെ ആകെ തളർത്തി. എന്റെ പെണ്ണായിരുന്നു അതിൽ നിന്ന് എന്നെ വീണ്ടെടുത്തത്. അവൾ നൽകിയ പിന്തുണ വലുതായിരുന്നു. ഷൂട്ടിനിടെ കാലിന്റെ എല്ലൊടിഞ്ഞു. നേരെയായി, ഷൂട്ട് തുടങ്ങിയിട്ടും ഓടുമ്പോഴൊക്കെ കാലില്‍ നീര് വരും. ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് ആശുപത്രിയിൽ പോയി പ്ലാസ്റ്ററിട്ടിട്ട്, പിറ്റേന്ന് രാവിലെ ഷൂട്ടിന്റെ സമയത്ത് അതൊഴിച്ച് അഭിനയിക്കുകയൊക്കെയായിരുന്നു. 35 ദിവസത്തോളം ഷൂട്ടുണ്ടായിരുന്നു. ടൊവീനോ അടിപൊളിയാണ്. രോഹിത്തേട്ടനും ടൊവിയും തമ്മിൽ സംസാരിക്കുന്നത് ഞാൻ കേൾക്കുമ്പോൾ, ടൊവി ക്യാരക്ടറിനെക്കുറിച്ച് ഡീറ്റെയിൽ ആയി ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആളാണെന്ന് മനസ്സിലായിട്ടുണ്ട്. നമ്മളെ കൂടെ നിർത്തുന്ന ആളാണ്.

moor-new-3

മൂര്‍ ജനിക്കുന്നു

‘പതിനെട്ടാം പടി’ക്കു വേണ്ടി സൈക്കിൾ പോളോ പഠിച്ചിട്ടുണ്ട്. സ്കൂൾ ഓഫ് ഡ്രാമയിൽ വച്ച് കളരിയും കൂടിയാട്ടവും പരിശീലിച്ചിരുന്നു. അതിന്റെയൊക്കെ ഗുണം ഇപ്പോൾ കിട്ടി. മൂർ എന്ന പേര് കൂട്ടുകാർ തന്നതാണ്. ഞാൻ ‘ഒഥല്ലോ’ എന്ന നാടകത്തിൽ മൂർ എന്ന കഥാപാത്രമായി അഭിനയിച്ച ശേഷം വന്നതാണിത്. ഒരു പഴയ ആഫ്രിക്കൻ കമ്യൂണിറ്റിയാണ് മൂർ. ‘പതിനെട്ടാം പടി’യിൽ നിന്ന് എന്നെ പുല്ലു പോലെ ഒഴിവാക്കാമായിരുന്നു. അങ്ങനെയൊരു കഥാപാത്രം അധികം എഴുതിച്ചേർക്കേണ്ട ആവശ്യമില്ല. എന്റെ പാഷൻ മനസ്സിലാക്കിയാകും ശങ്കറേട്ടൻ ആ കഥാപാത്രത്തെ എനിക്കു വേണ്ടി പരുവപ്പെടുത്തിയത്. നായകനാകുമെന്ന് ആഗ്രഹിച്ചിരുന്നു. അല്ല എന്നറിഞ്ഞപ്പോൾ വിഷമം തോന്നിയില്ല. ഒരു ദിവസം ഞാൻ ശങ്കറേട്ടന്റെ കാലിൽ തൊട്ട് തൊഴാൻ ഒരുങ്ങിയപ്പോള്‍ അദ്ദേഹം തടഞ്ഞു. ‘അത് ചെയ്യരുത്. ഞാൻ നിന്നിൽ കാണുന്നത് നിന്റെ പരമ്പരകളെയുമാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ബഹുമാനം വലിയ സന്തോഷവും ആത്മവിശ്വാസവും നൽകി.