Friday 06 September 2024 02:19 PM IST : By സ്വന്തം ലേഖകൻ

ആ ദിവസം നിവിൻ ചേട്ടനൊപ്പം ഞാനും അഭിനയിച്ചു: പിന്തുണച്ച് പാർവതി ആർ. കൃഷ്ണ

nivin-pauly

നടൻ നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പറഞ്ഞതിനു പിന്നാലെ നിവിനെ പിന്തുണച്ച് നടി പാർവതി ആർ. കൃഷ്ണ.

2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണ്. 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിനീത് പറഞ്ഞത്. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ പോളിക്കൊപ്പം ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ സെറ്റിൽ താനുമുണ്ടായിരുന്നുവെന്നാണ് പാർവതി പറയുന്നത്.

‘‘ഞാനൊരു വിഡിയോ കാണിക്കാം. ഇത് ഡിസംബർ 14നെടുത്ത വിഡിയോയാണ്. ആ വിഡിയോ കാണുമ്പോൾ നിങ്ങൾക്കു മനസ്സിലാകും ഇത് ഏതിന്റെ ഷൂട്ട് ആയിരുന്നു എന്നത്. വിനീതേട്ടന്റെ ‘വർഷങ്ങൾക്കുശേഷം’ എന്ന സിനിമയിൽ ഞാനും ചെറിയൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഡിസംബർ 14ന് നിവിൻ ചേട്ടന്റെ കൂടെയാണ് ഞാനത് ചെയ്തത്.

ആ പറയുന്ന സ്റ്റേജിലെ ഷൂട്ടിൽ ഞാനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ വാർത്ത കണ്ടിട്ട് പലരും എനിക്ക് മെസ്സേജ് അയച്ചിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം ഞാൻ തുറന്നു പറഞ്ഞത്.’’– പാർവതി പറയുന്നു.

സംവിധായകൻ പി.ആർ. അരുൺ, നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവരും സംഭവത്തിൽ നിവിനെ പിന്തുണച്ചെത്തി.