ഗുരുവായൂർ സാന്ദീപനി മാതൃസദനം സന്ദർശിച്ചതിന്റെ അനുഭവം കുറിച്ച് നടി സീമ ജി.നായർ.
‘ശുഭദിനം. എന്റെ പ്രിയപ്പെട്ട കുറെ ഇടങ്ങളിൽ, ഒരിടം ആണ് ഗുരുവായൂർ സാന്ദീപനി മാതൃസദനം. ഇടക്കിടെ അവിടുത്തെ അമ്മമാരുടെ അടുക്കലേക്കു ഞാൻ ഓടിയെത്തും, കുറച്ചു നേരം അവിടെ അവരുടെ കൂടെ ഇരിക്കുമ്പോൾ എന്തെന്നറിയാത്ത സന്തോഷം ആണ്. ഇത് സാവിത്രിയമ്മ, ഇപ്പോൾ കാൻസർ എന്ന കൂട്ടുകാരനെ കൂടെ കൂട്ടിയിരിക്കുവാണ്, അമ്മയെ കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ, എന്നെ അമ്മ ആശ്വസിപ്പിച്ചു, അസാമാന്യ ധൈര്യത്തോടെ, എന്നോട് പറഞ്ഞത് എനിക്കൊന്നുമില്ല മോളേ എന്നയിരുന്നു, ഞാൻ കൂടെയിരുന്ന അത്ര സമയവും നിറഞ്ഞ ചിരിയായിരുന്നു മുഖത്ത്, എന്റെ നെഞ്ച് വിങ്ങുമ്പോളും ഞാൻ അത് പുറത്തു കാണിച്ചില്ല. അവിടുന്നിറങ്ങാൻ നേരം അമ്മ ഒരു പാട്ട് പാടി (അമ്മ നന്നായി പാടും) ‘മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ മലരായി വിടരും നീ’. എനിക്കേറെ ഇഷ്ടപെട്ട പാട്ട്. അമ്മക്കും അതിഷ്ടമായിരിക്കും, അതാണല്ലോ അത് തന്നെ പാടിയത്’.– സീമ ഫെയ്സ്ബുക്കിൽ കുറിച്ചു.