കെ.ജി. ജോർജിനെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ച് ഭാര്യയും മക്കളും ഗോവയിൽ സുഖവാസത്തിനു പോയി എന്ന വിമർശനങ്ങൾക്കു മറുപടിയുമായി കെ.ജി. ജോർജിന്റെ ഭാര്യയും ഗായികയുമായ സെൽമ ജോർജ്.
മക്കൾ രണ്ടുപേരും ദോഹയിലും ഗോവയിലുമാണ്. ഡോക്ടർ അടക്കമുള്ള എല്ലാവിധ സൗകര്യങ്ങളും ഉള്ളതുകൊണ്ടാണ് ജോര്‍ജിനെ സിഗ്നേച്ചർ എന്ന സ്ഥാപനത്തിലാക്കിയതെന്നും മരിക്കുന്നതുവരെ അദ്ദേഹത്തെ നല്ല രീതിയിലാണ് നോക്കിയതെന്നും സെൽമ പ്രതികരിച്ചു.
ഞാനും മക്കളും എന്റെ ഭർത്താവിനെ നന്നായിട്ടാണ് നോക്കിയത്. സിഗ്നേച്ചർ എന്ന സ്ഥാപനത്തിൽ അദ്ദേഹത്തെ എത്തിച്ചത് അവിടെ ഡോക്ടർമാരും നഴ്സുമാരും ഫിസിയോതെറാപ്പിസ്റ്റുകളുമുൾപ്പടെ അത്യാധുനിക ചികിത്സകൾ എല്ലാം ഉള്ളതിനാലാണെന്നും സെൽമ പറഞ്ഞു.
‘ഞാൻ ദിവസവും ദൈവത്തോട് പ്രാർഥിക്കാറുള്ളത് അദ്ദേഹത്തെ ഇട്ട് കഷ്ടപ്പെടാതെ അങ്ങ് വിളിക്കണേ എന്നാണ്. ആ പ്രാർഥന ഇപ്പോൾ ദൈവം കേട്ടു എനിക്കിപ്പോൾ സമാധാനമെയുള്ളൂ. അദ്ദേഹം മരിക്കുമ്പോൾ കുഴിച്ചിടരുതെന്ന് എപ്പോഴും പറയുമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ അദ്ദേഹത്തിന്റെ ശരീരം ദഹിപ്പിക്കുക തന്നെ ചെയ്തു’ .– സെൽമ ജോർജ് പറയുന്നു.