Wednesday 27 October 2021 02:45 PM IST

അടച്ചിട്ട കാലത്ത് 50 ലക്ഷം ചെലവ്: ഈ നിലയിൽ ഇനിയും നഷ്ടത്തിനാണ് സാധ്യത: തിയറ്ററുകൾ വീണ്ടും തുറക്കുമ്പോൾ...

V.G. Nakul

Sub- Editor

theater

50 ശതമാനം പ്രേക്ഷകരെ ഉൾപ്പെടുത്തി, കേരളത്തിലെ തിയറ്ററുകൾ ഇന്നു മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. സിനിമാ വ്യവസായത്തെ സംബന്ധിച്ച് വലിയ പ്രതിസന്ധികൾക്കിടെ ആശ്വാസം പകരുന്ന നീക്കം. എന്നാൽ ഇതുകൊണ്ടൊന്നും നിലവിൽ തിയറ്റർ മേഖല നേരിടുന്ന ദുരിതകങ്ങൾക്കു പരിഹാരമുണ്ടാകില്ലെന്നാണ് സൂചന.

കോവിഡിന്റെ രണ്ടാം തരംഗം കടുത്തപ്പോൾ, 2021ഏപ്രിൽ ഇരുപതിനായിരുന്നു തിയറ്ററുകൾ വീണ്ടും അടച്ചത്. അതിനു മുമ്പ് 10 മാസത്തോളം അടച്ചിട്ടിരുന്നതിന്റെ പ്രയാസങ്ങളിൽ നിന്നു ബുദ്ധിമുട്ടിയെങ്കിലും തിരിച്ചു വരുന്നതിനിടെയാണ് രണ്ടാം ലോക്ക് ഡൗൺ കാര്യങ്ങളെ കൂടുതൽ കുഴപ്പത്തിലാക്കിയത്. ഇതോടെ, തിയറ്റർ മേഖലയുമായി ബന്ധപ്പെട്ടു പണിയെടുക്കുന്ന തൊഴിലാളികളിൽ പലരും മറ്റു പല തൊഴിലുകളും തേടി. നിരവധിയാളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. പലരും കടക്കെണിയിലായി. അതിനിടെ സിനിമാ മേഖലയിലും മാറ്റങ്ങൾ വന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ പോലെ പുതിയ കാഴ്ചാ ശീലങ്ങള്‍ പ്രേക്ഷകർക്കും പരിചിതമായിത്തുടങ്ങി. ഒപ്പം കോവിഡ് ഭയവും....

ഇപ്പോൾ വീണ്ടും പ്രവർത്തനം തുടങ്ങിയെങ്കിലും നിരവധി വെല്ലുവിളികളാണ് തിയറ്റർ ഉടമകളെ കാത്തിരിക്കുന്നത്. പലരും വലിയ സാമ്പത്തിക ബാധ്യതകളിലാണ്. പോയ 6 മാസവും തന്റെ തിയറ്റർ എന്നെന്നേക്കുമായി പൂട്ടിപ്പോകാതെ സംരക്ഷിക്കാൻ ഓരോ ഉടമയും ലക്ഷങ്ങളാണ് മുടക്കിയത്.

‘‘അമ്പത് ശതമാനം പ്രേക്ഷകരെയാണ് ഇപ്പോൾ തിയറ്ററിനുള്ളിൽ അനുവധിച്ചിരിക്കുന്നത്. ഇതു വച്ച് ഒരിക്കലും ലാഭമുണ്ടാകില്ല. നഷ്ടമുണ്ടാകുകയും ചെയ്യും. തുറക്കുകയെന്നതാണല്ലോ ഇപ്പോഴത്തെ ആവശ്യം. വേറെ മാർഗമില്ല. ആറ് മാസത്തിലേറെ രണ്ടാം ഘട്ടത്തിൽ അടഞ്ഞു കിടന്നു. രണ്ടും കൂടി ചേർത്ത് ഒന്നര വർഷം പ്രവർത്തിച്ചിട്ടില്ല. ഇനിയും അടച്ചിട്ടാൽ പറ്റില്ല’’.–തിരുവനന്തപുരം നഗരത്തിലെ പ്രധാന തിയറ്ററുകളിലൊന്നായ ‘ശ്രീ പത്മനാഭ’യുടെ ഉടമ ഗിരീഷ് ചന്ദ്രൻ ‘വനിത ഓൺലൈനോ’ട് പറഞ്ഞു.

‘‘തുറന്ന ശേഷമുള്ള പ്രേക്ഷക പ്രതികരണം കുഴപ്പമില്ല. നൂൺ ഷോയ്ക്ക് ‘നോ ടൈം ടു ഡൈ’(ജെയിംസ്ബോണ്ട്) കാണാൻ കുറച്ചേറെ ആളുകളുണ്ട്. തമിഴിൽ നിന്നു ‘ഡോക്ടർ’ കൂടി വരുന്നതോടെ സജീവമാകും എന്നാണ് പ്രതീക്ഷ. ‘ഡോക്ടർ’ക്ക് നല്ല ബുക്കിങ് വന്നിട്ടുണ്ട്. മലയാളത്തില്‍ നിന്നുള്ള സിനിമകൾ വന്നാലെ ഒരു യഥാർഥ ചിത്രം തെളിയൂ. ‘കുറുപ്പും’ ‘അണ്ണാത്തെ’യുമൊക്കെയാണ് വലിയ പ്രതീക്ഷ നൽകുന്ന റിലീസുകൾ.

കഴിഞ്ഞ രണ്ട് അടച്ചിടലുകളിലുമായി എനിക്ക് ഏകദേശം 50 ലക്ഷം രൂപ തിയറ്ററിലേക്ക് ഇൻവസ്റ്റ് ചെയ്യേണ്ടി വന്നു. ക്ലീനിങ്, വൈദ്യുതി, മെയിന്റനൻസ്, തൊഴിലാളികളുടെ ശമ്പളം എല്ലാം കൂടി ചേർത്ത് വലിയ തുകയാണ് ചെലവാക്കിയത്.

സ്ഥിരം തൊഴിലാളികളെയാരെയും പിരിച്ചു വിട്ടിട്ടില്ല. അവരെ ശമ്പളം നൽകി നിലനിർത്തുകയായിരുന്നു. കരാർ തൊഴിലാളികളിൽ പലരും മറ്റു തൊഴിലുകള്‍ ചെയ്താണ് പിടിച്ചു നിന്നത്. എല്ലാ തിയറ്ററുകളുടെയും അവസ്ഥ കഷ്ടത്തിലാണ്. മെയിന്റെയ്ൻ ചെയ്ത് മുന്നോട്ടു പോകുന്ന തിയറ്ററുകൾക്ക്, പ്രദർശനമില്ലാതെ റൺ ചെയ്യാൻ ശരാശരി 2 ലക്ഷം രൂപയോളം മാസം വേണം. പോസ്റ്റർ ഒട്ടിക്കുന്നവർ, കാന്റീൻ നടത്തിപ്പുകാർ, ജീവനക്കാർ തുടങ്ങി ഒരുപാടു മനുഷ്യരെയാണ് ഇത് ബാധിച്ചത്’’. – ഗിരീഷ് പറയുന്നു

തിയറ്ററുകൾ വീണ്ടും തുറക്കുമ്പോൾ മലയാളത്തില്‍ നിന്നുൾപ്പടെ, ചെറുതും വലുതുമായ ധാരാളം ചിത്രങ്ങൾ റിലീസ് കാത്ത് അണിയറയിൽ അവസാനഘട്ട മിനുക്കുപണികളിലാണ്. സ്റ്റാർ ആണ് മലയാളത്തിൽ നിന്ന് ആദ്യ റിലീസ്. തൊട്ടു പിന്നാലെ ദുൽഖർ സൽമാന്റെ കുറുപ്പ്, ആന്റണി വർഗീസിന്റെ അജഗജാന്തരം എന്നിവയുമെത്തും. എങ്കിലും എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു വലിയ വിജയത്തിലൂടെയേ തിയറ്ററുകളെ പുനർജീവിപ്പിക്കാനാകൂ. നൂറു ശതമാനം പ്രേക്ഷകരെ തിയറ്ററിൽ അനുവധിക്കുന്നതുൾപ്പടെയുള്ള ഇളവുകൾ ഘട്ടം ഘട്ടമായി ലഭിക്കും എന്ന പ്രതീക്ഷയിലാണ് തിയറ്റർ ഉടമകൾ.