ഒരു ക്ലിനിക്കൽ സൈക്കോളിസ്റ്റിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന പുതിയ വെബ് സീരിസാസണ് ‘ഉള്ളം’ . സ്ഥരിം കുറ്റാന്വേഷണ രീതികളിൽ നിന്നും വ്യത്യസ്തമായി രോഗത്തിന്റെ സാഹചര്യത്തിലൂടെയും അവയുണ്ടാക്കാൻ ഇടയുള്ള അപകടങ്ങളിലൂടെയും കഥ മുന്നോട്ട പോകുന്നുവെന്നതാണ് ഈ സീരീസിന്റെ പ്രത്യേകത. ഒരു സൈക്കോളജിസ്റ്റിന്റെ കേസ് ഡയറി എന്നാണ് അണിയറക്കാർ ‘ഉള്ള’ത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ

‘സിനിമയേക്കാൾ പ്രാധാന്യത്തെടെ നമുക്ക് വിഷയങ്ങളവതരിപ്പിക്കാൻ പറ്റുന്നൊരു മേഖലയാണ് ഇന്ന് വെബ് സീരിസ്സുകൾ . ക്ലിനിക്കൽ സൈക്കോളജിയിലൂടെ പറഞ്ഞു പോകുന്ന ഉള്ളം അഞ്ച് എപ്പിസോഡുകളായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിലോരോന്നിലും വ്യത്യസ്ത മാനസിക തലങ്ങൾ ചർച്ചചെയ്യുന്ന കേസുകളിലൂടെയുള്ള യാത്രയാണ് . എന്നാൽ ഇവ അഞ്ചിനെയും ബന്ധിപ്പിക്കുന്ന ഒരു കോമൺ പോയന്റായൊരു ‘വില്ലൻ’ ഫാക്ടറും സീരിസിലുണ്ട്. ഭയം എടുത്തുചാട്ടം, ആവർത്തനം സംശയം, മിഥ്യ എന്നിങ്ങനെ ഓരോ മാനസികനിലകളെയും പറ്റി ചർച്ചചെയുന്നതാണ് ഓരോ എപ്പിസോഡുകളും. അതുകൊണ്ട് തന്നെ ഒരു കണ്ടന്യൂവിറ്റി ഫീലും ഈ എപ്പിസോഡുകൾക്കുണ്ട്. ’ സംവിധായകൻ ആയില്യൻ കരുണാകരൻ പറയുന്നു.

‘ പതിനേഴ് വർഷത്തോളമായി ക്ലിനിക്കൽ സൈക്കോളജി രംഗത്താണ്. ഈ കാലയളവിൽ ഞാൻ കണ്ടിട്ടുള്ള പല രോഗികളുടെയും സംശയങ്ങൾ ഒന്നുതന്നെയാണ്. ഒന്നിലും ഒരു മാറ്റവും സംഭവിക്കാറില്ല. ഒരു പക്ഷേ, അവരുടെ രോഗങ്ങൾക്കും ലക്ഷണങ്ങൾക്കും ചികിത്സയില്ലെന്ന് തോന്നുന്നതുകൊണ്ടാകാം ഇത്തരക്കാരുടെ സംശയങ്ങളെല്ലാം ആവർത്തിക്കപ്പെടുന്നത്. ആ ചിന്തയാണ് നമ്മുടെ ആളുകളെ പല കാര്യങ്ങളിലും ബോധവൻമാരാക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് നൽകിയത്. ആദ്യം ഒരു പുസ്തകം പുറത്തിറക്കാമെന്ന് വിചാരിച്ചു, പിന്നീടാണ് വെബ് സീരിസ്സെന്ന ആശയം മുൻപിലേക്ക് വന്നത്. എല്ലാവരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ കേൾക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. അതിലേറെ സന്തോഷം സീരിസ്സിലൂടെ പലർക്കും ക്ലിനിക്കൽ സൈക്കോളജിയെക്കുറിച്ചുള്ള തെറ്റിധാരണ മാറി എന്നറിയുമ്പോഴാണ്’ വെബ് സീരീസ്സിന്റെ തിരക്കഥാകൃത്തായ സൈലേഷ്യ പറയുന്നു.
ലോക്ഡൗണിന് മുൻപ് ഷൂട്ടിങ് പൂർത്തിയാക്കിയ സീരീസിൽ ഡാൻസറും കഥകളി ആർടിസ്റ്റുമായി നീത മനോജാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് . മനോരമ മാക്സിലൂടെ ഈ ക്ലിനിക്കൽ സൈക്കോളജി സീരീസ് ‘ഉള്ളം’ കാണാൻ സാധിക്കും.