Monday 04 December 2023 02:48 PM IST : By സ്വന്തം ലേഖകൻ

‘ഈ തൊട്ടിൽ ഞങ്ങളുടെ പൂർവികർ തലമുറകളായി കൈമാറി വന്നത്...’: തൊട്ടിലിന്റെ കഥ പറഞ്ഞ് ഉത്തര ഉണ്ണി

uthara-unni

മകൾ ധീമഹിയെ താരാട്ടുപാടി ഉറക്കുന്ന തൊട്ടിലിന്റെ കഥ പറഞ്ഞ് നടി ഉത്തര ഉണ്ണി. പാരമ്പര്യമായി കൈമാറി വന്ന തൊട്ടിലിൽ താനും തന്റെ അമ്മയും മുത്തച്ഛന്മാരും മുതുമുത്തച്ഛൻ കൊച്ചപ്പൻ തമ്പുരാനും ഉറങ്ങിയിരുന്നുവെന്നും രാജഭരണകാലത്ത് രാജകുടുംബത്തിലെ കുഞ്ഞുങ്ങളെ താരാട്ടിയുറക്കിയിരുന്ന തൊട്ടിലാണിതെന്നും നടി ഊർമിള ഉണ്ണിയുടെ മകൾ കൂടിയായ ഉത്തര ഉണ്ണി പറയുന്നു.

‘മകൾ ഈ ഐശ്വര്യമുള്ള തൊട്ടിലിനോട് വിടപറയാൻ സമയമായെന്നു തോന്നുന്നു. അവൾ ഇപ്പോൾ കഴിയുന്നത്ര വേഗത്തിൽ ഉരുളാൻ ശ്രമിക്കുകയാണ്. പറക്കാൻ ശ്രമിക്കുന്നതുപോലെ അവളുടെ കൈകളും കാലുകളും തൊട്ടിലിനു പുറത്തേക്ക് ഇടുകയാണ്. ഈ തൊട്ടിൽ ഞങ്ങളുടെ പൂർവികർ തലമുറകളായി കൈമാറി വന്നതാണ്. ഞാൻ, എന്റെ അമ്മ, മുത്തശ്ശി, മുത്തച്ഛൻ അങ്ങനെ ഞങ്ങൾ എല്ലാവരും കിടന്ന തൊട്ടിലാണിത്. എനിക്കറിയാവുന്ന ചരിത്രം ഇത്രമാത്രം.

തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാൾ ജനിച്ചത് എന്റെ മുത്തച്ഛൻ കൊച്ചപ്പൻ തമ്പുരാൻ താമസിക്കുന്ന അതേ കൊട്ടാരത്തിലാണ്, ചങ്ങനാശ്ശേരിയിലെ ലക്ഷ്മിപുരം കൊട്ടാരം. തടി കൊണ്ടുള്ള പുരാതനമായ ഈ തൊട്ടിലിൽ ആരൊക്കെയാണ് നീന്തിത്തുടിച്ചതെന്ന ചരിത്രം ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു. എന്നാൽ എന്റെ മകൾ ധീമഹി ഈ തൊട്ടിലിനു പുറത്ത് അവളെ കാത്തിരിക്കുന്ന ലോകത്തേക്ക് പറന്നിറങ്ങാൻ പോവുകയാണ്’.– ഉത്തര ഉണ്ണി കുറിച്ചു.

ഇരയിമ്മൻ തമ്പി രചിച്ച ‘ഓമനത്തിങ്കൾ കിടാവോ...’ എന്ന പാട്ടിനൊപ്പമാണ് ഉത്തര ഉണ്ണി മകൾ തൊട്ടിലിൽ കിടക്കുന്ന ചിത്രങ്ങൾ പങ്കുവച്ചത്.