Tuesday 23 May 2023 11:38 AM IST : By സ്വന്തം ലേഖകൻ

‘രണ്ടു വർഷമായി ഞങ്ങൾ വേർപിരിഞ്ഞ് ജീവിക്കുന്നു, എത്രയായാലും എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം’: വീണ

veena-nair

നടിയും ബിഗ് ബോസ് താരവുമായ വീണ നായരുടെ വിവാഹ മോചന വാർത്തകളുമായി ബന്ധപ്പെട്ട് പല പ്രചാരണങ്ങളും സോഷ്യൽ മീ‍ഡിയയിലുണ്ട്. പലപ്പോഴും തെറ്റായ വാർത്തകള്‍ പല മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. ഭർത്താവ് ആർജെ അമനുമായി നിയമപരമായി വേർപിരിഞ്ഞുവെന്നും രണ്ടു പേരും അവരവരുടേതായ വഴിക്കു തിരിഞ്ഞുവെന്നുമൊക്കെ വാർത്തകളും തലക്കെട്ടുകളുമായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇതാദ്യമായി തന്റെ വിവാഹ വിവാഹമോചന വാർത്തകളോടു പ്രതികരിച്ച് രംഗത്തെത്തുകയാണ് മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

രണ്ടു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണു കഴിയുന്നതെന്നും എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറഞ്ഞു. തന്റെ കൂടെ ഏഴെട്ടു വർഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണെന്നും പെട്ടെന്ന് അതിൽനിന്നു വിട്ടു പോരാൻ പറ്റില്ലെന്നും വീണ പറയുന്നു.

‘നമ്മൾ റിലേഷൻ തുടങ്ങുന്നത് അത് അവസാനിപ്പിക്കാൻ വേണ്ടിയിട്ടില്ല. പക്ഷേ പല വിധ സാഹചര്യങ്ങൾ കൊണ്ട് മുന്നോട്ടു പോകാനാകില്ല. അപ്പോൾ നമ്മൾ പതിയെ ആ ബന്ധത്തിൽ നിന്നും അകലും. ഏഴെട്ടു വർഷം എന്റെ കൂടെ ഉണ്ടായിരുന്ന ആളാണ് അദ്ദേഹം. പെട്ടെന്നൊരു ദിവസം എനിക്ക് ആ ബന്ധത്തിൽ നിന്നും വിട്ടുമാറാനാകില്ല. സമയം എടുക്കും. നാളെ ഞാന്‍ വേറൊരു റിലേഷനിലായാല്‍ തന്നെയും ഈ റിലേഷൻ നമുക്ക് മറക്കാൻ പറ്റില്ല. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണത്. അമ്പാടിയുടെ അച്ഛൻ ആർജെ അമന്‍ തന്നെയാണ്. അത് തേയ്ച്ചു മായ്ച്ചു കളയാനാകില്ല. ആ ബഹുമാനം എനിക്ക് എപ്പോഴും ഉണ്ടാകും. പക്ഷേ ഞങ്ങള്‍ കഴിഞ്ഞ രണ്ടു വർഷമായി സെപ്പറേറ്റഡ് ആണ്. പക്ഷേ ഞങ്ങള്‍ മകന്റെ കാര്യത്തിൽ എല്ലാം പ്രോപ്പറായി ഇടപെടുന്നുണ്ട്. ഞാനിപ്പോള്‍ എന്റെ മോന്റെ കാര്യങ്ങൾ നോക്കി ഹാപ്പിയായി പോകുകയാണ്.’– വീണ പറയുന്നു.

veena-1

‘രണ്ടു വർഷമായി ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നത്. അമൻ ഇപ്പോൾ നാട്ടിലുണ്ട്. മോനെ കാണാറുണ്ട്, കൊണ്ടു പോകാറുണ്ട്. അവൻ അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോയി എൻജോയ് ചെയ്യാറുണ്ട്. അവന് അവരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് അച്ഛനും അമ്മയുമില്ല. അവന് അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്നേഹം അറിയണമെങ്കിൽ അവിടെത്തന്നെ പോകണം. നാളെ അവൻ വലുതാകുമ്പോൾ എന്നോട് എന്തുകൊണ്ട് എനിക്ക് പോകാൻ പറ്റിയില്ല എന്നൊന്നും ചോദിക്കരുത് എന്നുണ്ട്. എന്റെ ലൈഫിലെ പ്രശ്നങ്ങൾ ഞാൻ എക്സ്പീരിയൻസ് ചെയ്ത കാര്യങ്ങളാണ്. രണ്ടു ഭാഗത്തും എന്തെങ്കിലും കാര്യങ്ങൾ ഉള്ളതു കൊണ്ടായിരിക്കാം രണ്ടു വഴിക്ക് പിരിയുന്നത്. ഞങ്ങൾ ഇപ്പോഴും ഡിവോഴ്സ് ആയിട്ടില്ല. പൂർണമായും ആ ബന്ധം വേണ്ട എന്ന തീരുമാനത്തിൽ എത്തിയിട്ടില്ല. ഇപ്പോഴും ക്ലൈമാക്സ് ആയിട്ടില്ല. ഞാൻ പോലും അറിയാത്ത വാർത്തകൾ വന്നു.’– വീണ പറയുന്നു.

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയങ്കരിയാണ് വീണ നായർ. ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർഥിയായും വീണ ആരാധകരെ നേടി. അടുത്തിടെ ഭർത്താവ് ആർജെ അമനുമായി വേർപിരിഞ്ഞെന്ന വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വീണയുടെ വിശദീകരണം.