ADVERTISEMENT

പാട്ടിൽ ‘പഞ്ചാര’യിട്ട പോലാണു സുജാത പാടുന്നത്. കേൾക്കുന്നവർ ആ മധുരത്തിൽ അലിഞ്ഞുപോകും. വരികളിലും ലയത്തിലും അതിമധുരം നിറച്ചു സുജാത പാടിത്തുടങ്ങിയിട്ട് 50 വർഷമായി. എങ്കിലും മലയാളിക്കു സുജാത കൊഞ്ചിച്ചിരിക്കുന്ന ബേബിയാണ്.

1975ൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന സിനിമയ്ക്കു വേണ്ടി ആദ്യമായി റെക്കോർഡിങ് സ്റ്റുഡിയോയിൽ നിൽക്കുമ്പോൾ ബേബി സുജാതയ്ക്ക് ഒന്നു മാത്രമേ അറിയൂ, പഠിപ്പിച്ചു തന്നത് അതുപോലെ പാടുക. പക്ഷേ, പാട്ടിന്റെ 50 വർഷത്തിൽ വനിതയോടു സംസാരിക്കുമ്പോൾ പാട്ടിന്റെ എൻസൈക്ലോപീഡിയയാണു മുന്നിലെന്നു തോന്നിപ്പോയി.

ADVERTISEMENT

‘‘ഞാനും ശ്വേതയും ഒന്നിച്ചൊരു സിംഗിൾ ഇതുവരെ വന്നിട്ടില്ല. എന്റെ 50ാം വർഷം ആഘോഷിക്കുന്നത് അങ്ങനെയൊരു പാട്ടിലൂടെയാണ്. മുൻപു ശ്വേത എന്നെപറ്റി ‘അമ്മ’ എന്ന പാട്ടു പാടിയിട്ടുണ്ട്. ഇക്കുറി അൾട്ടിമേറ്റ് മദർ – പ്രകൃതി ആണ് തീം. എസ്.രമേശൻ നായർ വരികളെഴുതി വിദ്യാസാഗർ സംഗീതം ചെയ്തു ഞാനും ശ്വേതയും കൂടി പാടിയ ‘മാതേ...’ എന്ന പാട്ട് ഉടൻ പുറത്തിറങ്ങും.’’ പാട്ടും സിനിമയും ചിരിയും സന്തോഷവും നിറഞ്ഞ 50 വർഷത്തെ ഓർമകൾ കേൾക്കാം.

സുജാത പാടുമെന്ന് ആദ്യം പറഞ്ഞത് ആരാണ് ?

ADVERTISEMENT

ഒന്നാം ക്ലാസ് മുതൽ ബിഎ വരെ പഠിച്ചത് എറണാകുളം സെന്റ് തെരേസാസിലായിരുന്നു. ഏഴാം വയസ്സിൽ പാട്ടു പഠിക്കാൻ തുടങ്ങി. അതിനൊരു കാരണമുണ്ട്. കോളജിൽ പഠിക്കുമ്പോൾ അമ്മ നന്നായി പാടുമായിരുന്നെന്ന് അമ്മയുടെ കൂട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്. ‘ദേവിയുടെയത്രയൊന്നും മോളു പാടില്ല’ എന്നായിരുന്നു അക്കാലത്ത് അവരുടെ അ ഭിപ്രായവും. അമ്മയുടെ സഹോദരിയായ ഗിരിജ ചേച്ചി (രാധിക തിലകിന്റെ അമ്മ) ഡാൻസിൽ വലിയ പ്രതിഭയായിരുന്നു. അമ്മയുടെ കസിൻസെല്ലാം കലാകാരികളും കലാകാരന്മാരുമായിരുന്നു.

ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ ലൂസീനയാണു സ്കൂൾ പ്രാർഥനാഗാനം പാടാൻ എന്നെ ചുമതലപ്പെടുത്തിയത്. അമ്മയുടെ ചേച്ചി ലീല വല്യമ്മയാണു പാട്ടു മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചത്. അങ്ങനെയൊരിക്കൽ എറണാകുളത്തെ ഒരു സ്റ്റേജിൽ പാടുന്നത് അമ്മയുടെ കൂട്ടുകാരിയായ മോഹനം ആ ന്റി കണ്ടു. ‘മോള്‍ അസ്സലായി പാടി, പാട്ടു പഠിപ്പിക്കണം കേട്ടോ’ എന്ന് അമ്മയോടു പറഞ്ഞത് ആന്റിയാണ്. കല്യാണസുന്ദരം ഭാഗവതരും നെയ്യാറ്റിൻകര വാസുദേവൻസാറും ഓച്ചിറ ബാലകൃഷ്ണൻ സാറുമാണു ഗുരുക്കന്മാർ.

ADVERTISEMENT

സ്കൂൾ കലോത്സവത്തിൽ ലളിതഗാനവും പദ്യപാരായണവുമായിരുന്നു എന്റെ ഐറ്റംസ്. ലോകമേ തറവാട്, എനിക്കീ ചെടികളും പൂക്കളും പുഴുക്കളും കൂടി തൻ കുടുംബക്കാർ... എന്റെ ഗുരുനാഥൻ എന്ന കവിത അഞ്ചു രാഗത്തിൽ ചിട്ടപ്പെടുത്തി തന്നതു ഗുരുനാഥനായ നെയ്യാറ്റിൻകര വാസുദേവൻ സാറാണ്. ആ സംസ്ഥാന കലോത്സവത്തിനു തിരുവനന്തപുരത്തു നിന്നുവന്ന ഒരു കുട്ടിക്കാണു പദ്യപാരായണത്തിൽ ഒന്നാം സമ്മാനം കിട്ടിയത്. അതാണ് ഇന്നത്തെ ഗായിക അരുന്ധതി.

പിന്നെയൊരിക്കൽ സംസ്ഥാന കലോത്സവം മാവേലിക്കരയിൽ നടക്കുന്നു. സമാപന സമ്മേളനത്തിൽ വിജയികളുടെ പരിപാടികൾ അവതരിപ്പിക്കും. ലളിതഗാനത്തിനു സമ്മാനം കിട്ടിയ ‘ഇന്നത്തെ മോഹനസ്വപ്നങ്ങളേ... ഈയാംപാറ്റകളേ...’ എന്ന പാട്ടു ‍ഞാൻ പാടി. വർഷങ്ങൾക്കു ശേഷം സിനിമയിലൊക്കെ പാടി പ്രശസ്തയായ കാലത്തു നടൻ സോമനെ കണ്ടു. ‘നീല ഫ്രോക്കിട്ടു സ്റ്റേജിൽ നിന്നു പാട്ടുപാടുന്ന ആ പഴയ സുജാതയെയാണ് എനിക്കു കൂടുതലിഷ്ടം...’ എന്നു പറഞ്ഞു സോമേട്ടൻ ഈ പാട്ടിന്റെ വരികൾ മൂളി. മാവേലിക്കരക്കാരനായ സോമേട്ടൻ അന്നു കാണികളിൽ ഒരാളായി ഉണ്ടായിരുന്നത്രേ.

അമ്മ പാടുമായിരുന്നോ ?

അമ്മ ദേവി നന്നായി പാടുമായിരുന്നു, പക്ഷേ, അന്നത്തെ കാലത്തൊന്നും ആരും പിന്തുണയ്ക്കാൻ ഉണ്ടായിരുന്നില്ല. അമ്മ പറവൂരുകാരിയാണ്. വിവാഹം കഴിച്ചു കൊണ്ടുപോയതു സേലത്തേക്കും. വർഷങ്ങൾക്കു മുൻപേ സേലത്തേക്കു കുടിയേറിയ മലയാളി കുടുംബമാണ് അച്ഛന്റേത്. അനസ്തെറ്റിസ്റ്റ് ഡോക്ടർ ആയിരുന്നു അ ച്ഛൻ ഡോ. വിജയേന്ദ്രൻ. എനിക്കു രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നെ അമ്മ എറണാകുളത്തേക്കു തിരി ച്ചു വന്നു. രവിപുരത്ത് അച്ഛൻ വീടുപണി പൂർത്തിയാക്കിയിരുന്നു. കസിൻസായിരുന്നു കൂട്ട്. അനു, രവി ചേട്ടൻ, രഘു ചേട്ടൻ, രാധിക, ഉമ, മാലിനി, പത്മജ, ലക്ഷ്മി, ബാലു.

അച്ഛന്റെ വീട്ടുകാരെല്ലാം ചെന്നൈയിലാണ്. എല്ലാ വെക്കേഷനും അച്ചാച്ഛന്റെ വീട്ടിലേക്കു പോകും. അവിടെയുമുണ്ട് കസിൻസ്. വിനോദ്, വിദ്യ, സുനു, രാജീവ്, സുമി ചേച്ചി, ജയൻ ചേട്ടൻ... അച്ചാച്ഛന്റെ അമ്മാവനാണ് ജി. വേണുഗോപാലിന്റെ മുത്തച്ഛൻ. വേണു ചേട്ടൻ, സഹോദരി രാധിക, വല്യമ്മയുടെ മക്കളായ വിനയൻ ചേട്ടനും ലതിക ചേച്ചിയുമൊക്കെയായി കുട്ടിക്കാലം രസമായിരുന്നു.

അച്ഛൻ മരിക്കുമ്പോൾ അമ്മയ്ക്ക് 26 വയസ്സേ ഉള്ളൂ. പിന്നീടുള്ള ജീവിതം എനിക്കു വേണ്ടിയായിരുന്നു. വീടും അത്യാവശ്യം സമ്പാദ്യവും അച്ഛനുണ്ടായിരുന്നു. അമ്മ നന്നായി ചിത്രം വരയ്ക്കും. ലേഡീസ് ക്ലബ് പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പെയിന്റിങ്ങുകൾ അവിടെ വിൽക്കാന്‍ വയ്ക്കുന്നതും സാരിയിൽ പെയിന്റ് ചെയ്തു കൊടുക്കുന്നതുമൊക്കെയായിരുന്നു അമ്മയുടെ രസങ്ങൾ.

മറ്റൊരു കാര്യം പറയാം. ഞാൻ ഗാനമേളയിൽ പാടി തുടങ്ങിയ കാലത്ത് ‘മകളെ പാടിച്ചു സമ്പാദിക്കുകയാണ്...’ എന്നു ചിലരൊക്കെ അടക്കം പറയുന്നത് അമ്മയുടെ ചെവിയിലെത്തി. അതോടെ അമ്മയൊരു ദൃഢനിശ്ചയമെടുത്തു. ഒരു പാട്ടിനു പോലും പ്രതിഫലം വാങ്ങില്ല. അന്നുതൊട്ടു വിവാഹം കഴിയുന്നതു വരെ ഞാൻ ഗാനമേളയ്ക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല.

കലാഭവൻ വഴിയാണോ പാട്ടിൽ സജീവമായത് ?

കലാഭവനിലെ കുട്ടികളുടെ ട്രൂപ്പായ ബാലഗാനമേളയിൽ സെലക്‌ഷൻ കിട്ടിയതാണു പാട്ടിലെ വഴിത്തിരിവ്. ആബേലച്ചനാണു ട്രൂപ്പിലേക്കു വിളിച്ചത്. മല്ലീകേ മല്ലികേ മാലതീ മല്ലികേ..., ഇന്നലെ നീയൊരു സുന്ദരഗാനമായെൻ..., ഗോപുര മുകളിൽ... ഒക്കെയായിരുന്നു അന്നത്തെ പാട്ടുകൾ. പാടുന്നതു മാത്രമല്ല, പരിപാടിയുടെ അവതാരകയും ഞാനാണ്. ഉണ്ണിക്കിടാങ്ങൾ പിഴച്ചു കാൽവയ്ക്കിലും... കണ്ണിനു കൗതുകമുണ്ടാം പിതാക്കൾക്ക്... എന്ന വരികൾ പാടിയാണു പാട്ടിലേക്കു കടക്കുക. ഫുൾ പ്രോഗ്രാമായിരുന്നു അന്ന്. പത്മജ, ജെൻസി, ലില്ലി പിന്നെ ഞാനുമായിരുന്നു പാട്ടുകാർ. ഗിറ്റാറിസ്റ്റായ എമിൽ ഐസക്കും വയലിനിസ്റ്റായ റെക്സ് ചേട്ടനുമായിരുന്നു കുട്ടി ടീമിനു പ്രാക്ടീസ് തരുന്നത്. അവരാണ് എന്റെ കരിയറിൽ നിർണായക ഇടപെടൽ നടത്തിയ ആദ്യ രണ്ടുപേർ.

ഒരിക്കൽ എറണാകുളത്ത് ഒരു ഹോട്ടലിൽ വച്ചു ദാസേട്ടനെ കണ്ടു. ദാസേട്ടൻ കൈ കഴുകാൻ പോയപ്പോൾ ഞാൻ പിന്നാലെ ഓടി ചെന്നത്രേ. അതുകണ്ടു ദാസേട്ടൻ ചിരിച്ചുകൊണ്ടു എന്റെ ചുമലിൽ തട്ടി. അന്നു വൈകിട്ടു കുളിക്കാൻ എനിക്കു മടിയായിരുന്നത്രേ, ദാസേട്ടന്റെ കൈതൊട്ട ചുമലിൽ വെള്ളമൊഴിച്ചു കഴുകാനാകില്ലല്ലോ.

sujatha-66

പിന്നെയും ഒന്നുരണ്ടു വർഷം കഴിഞ്ഞാണ് അടുത്ത കൂടിക്കാഴ്ച. അച്ഛന്റെ അമ്മാവന്റെ മകളുടെ വിവാഹം ഗുരുവായൂരിൽ നടക്കുന്നു. അവിടെ ദാസേട്ടന്റെ ഗാനമേളയുണ്ട്. അമ്മാവൻ എന്നെ സ്റ്റേജിലേക്കു കൂട്ടിക്കൊണ്ടുപോയി, ഒരു പാട്ടുപാടിക്കാമോ എന്ന അപേക്ഷയുമായി.

ദാസേട്ടൻ എന്നെ കൈപിടിച്ചു സ്റ്റേജിലേക്കു കയറ്റി. മഴവിൽക്കൊടി കാവടി... എന്ന പാട്ടാണ് അന്നു പാടിയത്.

ബേബി സുജാതയായി അരങ്ങേറിയതെങ്ങനെ ?

അതിനൊരു ഫ്ലാഷ്ബാക്കുണ്ട്. ദാസേട്ടന്റെ പാട്ടിന്റെ പത്തു വർഷം ഒരിക്കൽ കലാഭവൻ ആഘോഷിച്ചു. അന്നു ജയേട്ടനും (പി. ജയചന്ദ്രൻ) ജാനകിയമ്മയുമായിരുന്നു അതിഥികൾ. ജയേട്ടനെ പൂവു കൊടുത്തു സ്വീകരിച്ചത് ഞാനാണ്. പരിപാടിയുടെ ഭാഗമായി ബാലഗാനമേളയിൽ ഇന്നലെ നീയൊരു... ഞാൻ പാടി. രണ്ടുമൂന്നു പാട്ടു കഴിഞ്ഞപ്പോഴേക്കും മഴ പെയ്തു. കാണികൾ സ്റ്റേജിലേക്ക് ഇരച്ചു കയറിയതോടെ സ്റ്റേജ് പൊളിഞ്ഞു.

അന്നു ദാസേട്ടനും പ്രഭ ചേച്ചിയും എന്റെ കൈപിടിച്ചാണ് ഓടിയത്. ഇപ്പോഴും ഞാൻ തമാശയായി പറയും, അന്നു ഞാൻ നിങ്ങളുടെ കൂടെ കൂടിയതാ എന്ന്.

കലാഭവന്റെ കലാമത്സരങ്ങൾക്ക് ഒരിക്കൽ ജഡ്ജായി വരുന്നത് ദാസേട്ടനാണ് എന്നറിഞ്ഞു ഞാനും പേരുകൊടുത്തു. ചെസ്റ്റ് നമ്പർ വിളിച്ചപ്പോൾ പാടാനായി ചെന്ന എന്നെ കണ്ട് ആകെ പ്രശ്നം, ബാലഗാനമേളയിൽ പാടുന്നയാൾക്കു മത്സരിക്കാൻ ആകില്ലത്രേ. ദാസേട്ടന്റെ മുന്നിൽ പാട്ടുപാടണമെന്നു പറഞ്ഞു ഞാൻ കരഞ്ഞു കുളമാക്കി. പക്ഷേ, അനുവാദം കിട്ടിയില്ല.

എമിൽ ചേട്ടനിലൂടെ ദൈവം ഇടപെട്ടത് ഈ സമയത്താണ്. ദാസേട്ടന്റെ ട്രൂപ്പിലും ചേട്ടൻ ഗിറ്റാർ വായിക്കുന്നുണ്ട്. ഒരിക്കൽ വെല്ലിങ്ടൺ ഐലൻഡിലെ എയർപോർട്ടിലേക്കു പോകും വഴി ദാസേട്ടൻ രവിപുരത്തു കൂടി പാസ് ചെയ്യുമ്പോൾ എമിൽ ചേട്ടൻ പറഞ്ഞു, ‘ദേ അതാണ് അന്നു കരഞ്ഞു പ്രശ്നമുണ്ടാക്കിയ കുട്ടിയുടെ വീട്...’ കേട്ടപാടേ ദാസേട്ടൻ പറഞ്ഞു, ‘നമുക്കാ പാട്ടു കേട്ടിട്ടു പോകാം.’ ദാസേട്ടൻ വീട്ടിൽ വന്നു, ‍ഞാൻ ആ പാട്ടു പാടി.

അതിനു പിന്നാലെ ദാസേട്ടന്റെ ട്രൂപ്പിൽ ചേരാൻ ക്ഷണം കിട്ടി. 1973 ഡിസംബറിലാണ് ദാസേട്ടനൊപ്പം ആദ്യ സ്റ്റേജ് ഷോ. അന്നെനിക്കു കഷ്ടിച്ചു പത്തു വയസ്സേ ഉ ള്ളൂ. സിഐടിയു യൂണിയന്റെ ഫോർട്ടുകൊച്ചിയിലെ സ മ്മേളന വേദിയായിരുന്നു അത്. പരിപാടി കഴിഞ്ഞിറങ്ങുമ്പോൾ ദാസേട്ടൻ സ്നേഹത്തോടെ ഒരു കുറിപ്പ് എഴുതി തന്നു, ‘നീയെന്റെ പൊന്നുമോളായിരുന്നെങ്കിൽ ഞാനെന്നും പാടി നിർവൃതിയടഞ്ഞേനെ...’

അന്നു ദാസേട്ടനും പ്രഭ ചേച്ചിക്കും മക്കളുണ്ടായിട്ടില്ല. അതുകൊണ്ടു മകളുടെ സ്ഥാനത്താണു ഞാൻ. പ്രോഗ്രാമിനു പോകുമ്പോൾ കാറിൽ ദാസേട്ടന്റെയും പ്രഭ ചേച്ചിയുടെയും നടുക്കാണ് ഇരിക്കുക, അമ്മ മുൻസീറ്റിൽ. രണ്ടുപേരുടെയും മടിയിൽ മാറിമാറി കിടന്നുറങ്ങും. എസി കാറൊന്നും അന്നില്ലല്ലോ. വിൻഡോ ഗ്ലാസ് താഴ്ത്തി വച്ചാണു യാത്ര. ചെവിയിലൂടെ കാറ്റും തണുപ്പുമൊന്നും കയറാതിരിക്കാൻ ദാസേട്ടന്റെ ഒരു പ്രയോഗമുണ്ട്. കച്ചമുണ്ടു കൊണ്ടു ചെവിയും തലയുമൊക്കെ മൂടിക്കെട്ടും.

sujatha-First-duet-recording
യേശുദാസ്, മധു എന്നിവർക്കൊപ്പം

ബേബി സുജാതയായി 2000ലേറെ വേദികളിൽ ദാസേട്ടനൊപ്പം പാടി. പ്രോഗ്രാമിനു പോകുമ്പോൾ ക്ലാസ്സിൽ അറ്റൻഡൻസ് കുറയും. കൂട്ടുകാരായ നിമ്മി, ലില്ലി, ആനീസ്, അനു, രമ, ലത എന്നിവരാണ് നോട്ട് എഴുതി തരുന്നത്. പരീക്ഷയ്ക്കു വേണ്ടി നന്നായി പഠിക്കും.

ആദ്യത്തെ പാട്ടു റിക്കോർഡിങ് ഓർമ പറയൂ ?

കലാഭവനു വേണ്ടി എച്ച്എംവി ഇറക്കിയ ആൽബത്തിലെ ആബേലച്ചന്റെ ഒരു പാട്ടാണത്. ദൈവമെന്റെ കൂടെയുണ്ട്... എന്ന പാട്ട്. അമ്മയും മകളും കൂടി പാടുന്ന മട്ടിലുള്ള ആ പാട്ടിൽ അമ്മയുടെ ശബ്ദം ബി. വസന്താമ്മയുടേതാണ്. ചെന്നൈയിലായിരുന്നു റിക്കോർഡിങ്. അന്നെനിക്ക് എട്ടോ ഒൻപതോ വയസ്സേ ഉള്ളൂ.

ആകാശവാണിക്കു വേണ്ടിയുള്ള ഒരു റിക്കോർഡിങ് ആയിരുന്നു അടുത്തത്. എറണാകുളം ഫൈൻ ആർട്സ് ഹാളിൽ വച്ച് ഓടക്കുഴൽ വിളി ഒഴുകിയൊഴുകി വരും... എന്ന പാട്ട്. ലൈവായി സ്റ്റേജിൽ പാടുന്നതു പോലെ ഒറ്റ ടേക്കിൽ റിക്കോർഡിങ് ചെയ്യുകയാണ്. എം.ജി. രാധാകൃഷ്ണൻ ചേട്ടനാണു പാട്ടു ചിട്ടപ്പെടുത്തിയത്.

പിന്നീടു റേഡിയോയിൽ ആ പാട്ടു സംപ്രേഷണം ചെയ്തുകേട്ടതു മറക്കാനാകാത്ത സന്തോഷ ഓർമയാണ്. പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, സോമശേഖരൻ, തൃശൂർ പി. രാധാകൃഷ്ണൻ തുടങ്ങി കുറേയേറെ പ്രതിഭകളുടെ പാട്ടുകളും ആകാശവാണിക്കു വേണ്ടി പാടിയിട്ടുണ്ട്.

സിനിമയ്ക്കു വേണ്ടിയുള്ള ആദ്യ പാട്ട് ?

50 വർഷം മുൻപാണത്, 1975ൽ റിലീസായ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന സിനിമയ്ക്കു വേണ്ടി. ദാസേട്ടനൊപ്പം പാടി തുടങ്ങിയ കാലം. ചെന്നൈയിലെ റിക്കോർഡിങ്ങിനു മുൻപ് അർജുനൻ മാഷിന്റെ എറണാകുളത്തെ വീട്ടിൽ പോയി പാട്ടു പഠിച്ചു. ഒഎൻവി സാർ വരികളെഴുതിയ കണ്ണെഴുതി പൊട്ടുതൊട്ട്... എന്ന പാട്ട്. ചെന്നൈ ഭരണി സ്റ്റുഡിയോയിലാണു റിക്കോർഡിങ്. ലൈവ് ഓർക്കസ്ട്രയാണ്. എ.ആർ. റഹ്മാന്റെ അച്ഛൻ ആർ.കെ. ശേഖറാണ് അന്ന് അർജുനൻ മാഷിനെ അസിസ്റ്റ് ചെയ്തത്. 12 വയസ്സുള്ള ഞാൻ നായികയായ ജയഭാരതിക്കു വേണ്ടി പാടുമ്പോൾ എന്റെ ശബ്ദം ചേരുമോ എന്നൊക്കെ സംശയം തോന്നിയിരുന്നു. സിനിമ റിലീസായപ്പോൾ ഞങ്ങളെല്ലാവരും കൂടിയാണു കാണാൻ പോയത്. ജയഭാരതിയുടെ ചുണ്ടനക്കത്തിനൊപ്പം എന്റെ ശബ്ദം കേട്ടപ്പോൾ സന്തോഷം കൊണ്ടു തുള്ളിച്ചാടാൻ തോന്നി.

ആദ്യത്തെ ഡ്യൂയറ്റും ദാസേട്ടനൊപ്പമാണ്. ഒരിക്കൽ എറണാകുളത്തു പ്രീമിയർ ടയേഴ്സിൽ ബേബി സുജാത ആൻഡ് ടീമിന്റെ ഗാനമേള. അവിടെ ചീഫ് ഗസ്റ്റായി വന്നതു നടൻ മധുവാണ്. എന്റെ പാട്ടു കേട്ട് ഇഷ്ടപ്പെട്ട് അദ്ദേഹം അടുത്ത സിനിമയിലേക്കു ക്ഷണിച്ചു.

പഴയ തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ള എന്റെ മുത്തച്ഛനാണ്. മധു സാറി ന്റെ അച്ഛൻ മുത്തച്ഛനൊപ്പം ജോലി ചെയ്തിട്ടുണ്ട്. ആ സ്നേഹവും പരിഗണനയും എനിക്കു കിട്ടിയതാകാം.

കാമം ക്രോധം മോഹം എന്ന സിനിമയിലെ സ്വപ്നം കാണും പെണ്ണേ... ജെമിനി സ്റ്റുഡിയോയിലാണു റിക്കോർഡിങ്. അവിടെ ഷൂട്ടിങ് ഫ്ലോറുമുണ്ട്. അന്നൊരു കന്നട സിനിമയുടെ ഷൂട്ടിങ് നടക്കുന്നു, രാജ് കുമാർ സാറാണു നായകൻ.

നന്നായി പാട്ടുപാടുന്ന, പാട്ടിനോടു വലിയ ഇഷ്ടമുള്ള അദ്ദേഹം ദാസേട്ടന്റെ സുഹൃത്തു കൂടിയാണ്. അദ്ദേഹം റിക്കോർഡിങ് കാണാൻ വന്നു. ഗ്ലാസ് വിൻഡോയിലൂടെ അദ്ദേഹം നോക്കി നിൽക്കുന്നതു കണ്ട്, ‘ഇതാ ഒരാൾ കൂടിയുണ്ട്...’ എന്നു പറഞ്ഞു ദാസേട്ടൻ എന്നെ എടുത്തുയർത്തി കാണിച്ചു.

sujatha-99
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കൊപ്പം

അടുത്ത അവസരം തന്നത് ഇളയരാജ സാറാണ്. ദാസേട്ടന്റെ അനിയൻ മണിയുടെ കല്യാണം ചെന്നൈയിൽ വച്ചു നടന്നു. അന്ന് ഇളയരാജയും സഹോദരൻ ഗംഗൈഅമരനും കൂടിയാണു പ്രോഗ്രാം അവതരിപ്പിച്ചത്. അവിടെ വച്ചു ദാസേട്ടൻ രാജാ സാറിനെ പരിചയപ്പെടുത്തി. ‘അടുത്ത ദിവസം സ്റ്റുഡിയോയിലേക്കു വരൂ...’ എന്നു പറഞ്ഞിട്ടാണു സാർ പോയത്.

വളരെ കുറച്ചു സിനിമകളിൽ സംഗീതസംവിധാനം ചെയ്ത പുതുമുഖമാണ് അന്നു രാജാസാർ. പിറ്റേന്നു ചെന്നപ്പോൾ ഒന്നുരണ്ടു പാട്ടുകൾ പാടിപ്പിച്ചു നോക്കി. പിന്നെ കവിക്കുയിൽ എന്ന സിനിമയിലെ പാട്ടു പാടാൻ തന്നു. സെമിക്ലാസിക്കൽ ശൈലിയിലുള്ള ‘കാതൽ ഓവിയം കണ്ടേൻ...’ എന്ന ആ പാട്ട് പക്ഷേ, സിനിമയിൽ ഇല്ലായിരുന്നു. അന്നു സിലോൺ റേഡിയോ വളരെ പോപ്പുലറാണ്. അങ്ങനെ ആ പാട്ട് എല്ലാവരും കേട്ടു. കവിക്കുയിൽ സുജാത എന്ന വിളിപ്പേരു തന്നതും ആ പാട്ടാണ്.

മലയാളത്തിലും തമിഴിലും ക്ലാസ്സിക് തുടക്കം ലഭിച്ചിട്ടും ആ കാലത്തു പാടിയ പാട്ടുകളുടെ എണ്ണം കുറവാണല്ലോ ?

റിക്കോർഡിങ്ങിനു ചെന്നൈയിലേക്കു പോകാൻ വലിയ മടിയായിരുന്നു. ഒന്നാമതു സ്കൂളിൽ പഠിക്കുന്ന പ്രായം. ഗാനമേളകളുടെ തിരക്കാണു രണ്ടാമത്തെ പ്രശ്നം. പക്ഷേ, അതിനെക്കാൾ വലിയ പ്രശ്നം മൂന്നാമത്തെയാണ്. അമ്മയും ഞാനും മാത്രമായി രണ്ടു സ്ത്രീകൾക്കു ചെന്നെയിലേക്കു പോകാനാകില്ല. അമ്മൂമ്മയും വല്യച്ഛനുമൊക്കെ കൂട്ടു വരുമെങ്കിലും പതിയെ സിനിമാ പാട്ടുകൾ പാടുന്നതു ഞങ്ങളങ്ങ് ഒഴിവാക്കി. അന്ന് അത്രയേ വിവരമുണ്ടായിരുന്നുള്ളൂ എന്നും പറയാം.

അന്നൊന്നും ഞാൻ വലിയ സംസാരക്കാരിയല്ല. കൂട്ടിലിട്ടു വളർത്തുന്നു എന്നു കേട്ടിട്ടില്ലേ. അതായിരുന്നു സത്യത്തിൽ. അച്ഛനില്ലാതെ വളരുന്ന പെൺകുട്ടി എന്ന നിയന്ത്രണങ്ങളൊക്കെ കടുത്തതായിരുന്നു. എല്ലാവരോടും പേടിയും സംസാരിക്കാൻ ഭയവുമായിരുന്നു.

ഗാനമേളയ്ക്കൊക്കെ പോകുമ്പോൾ ഏറ്റവും സിംപിളായ ഡ്രസ്സാണ് ഇടുക. പാട്ടെങ്ങാനും മോശമായാൽ, ‘ഹോ വലിയ ഡ്രസ്സൊക്കെ ചെയ്തു വന്നിട്ടു പാടി വച്ചിരിക്കുന്നതു കണ്ടില്ലേ...’ എന്ന ചോദ്യം കേൾക്കുമോ എന്നായിരുന്നു പേടി. കല്യാണം കഴിഞ്ഞതോടെ ആ പേടി മാറി. മോഹന്റെ സാന്നിധ്യവും കൂട്ടും എന്റെ ജീവിതം തന്നെ മാറ്റി.

‘‘അമ്മ കുട്ടിപ്രായത്തിൽ പാടിയ പാട്ടുകൾ കേൾക്കുമ്പോൾ അദ്ഭുതം തോന്നും, ചെറുപ്രായത്തിൽ അത്ര പെർഫെക്ടായി പാടിയതെങ്ങനെ എന്ന്. അതിൽ ഒ ന്നാം സ്ഥാനത്തുള്ളത് അമ്മയ്ക്ക് എട്ടോ ഒൻപതോ വ യസ്സുള്ളപ്പോൾ പാടിയ ഓടക്കുഴൽ വിളി... ആണെന്നു ശ്വേത മോഹൻ പറയുന്നു. ‘‘ഇഷ്ടപാട്ടുകളിൽ പിന്നെയുള്ളതു വിദ്യാജി സംഗീതസംവിധാനം ചെയ്ത കാട്രിൻ മൊഴി... ആണ്. വരികളുടെ സൗന്ദര്യമനുസരിച്ച് ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന ആലാപനവും മെലഡിയുടെ ഇമോഷനും കേൾക്കുന്നവരെ അലിയിച്ചുകളയും.
ഇളയരാജാ സാറിന്റെ നിറം പിരിത്ത് പാർത്തേൻ... സിനിമയിൽ ഇല്ലാതിരുന്നതു കൊണ്ട് അധികമാരും കേട്ടിട്ടില്ല. പക്ഷേ, രാജാ സാറിന്റെ ഏറ്റവും മികച്ച പാട്ടുകളിൽ ആദ്യസ്ഥാനങ്ങളിലൊന്നിൽ അതു വരും. റിയാലിറ്റി ഷോയിൽ ഞാനും ഈ പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.

sujatha-file-555

എ.ആർ. റഹ്മാൻ സാറിന്റെ പല പാട്ടുകൾ പല സ്റ്റൈലിൽ അമ്മ പാടി, മെലഡിയും ഫോക്കും റൊമാൻസും ഫണ്ണും സ്റ്റൈലിഷും മനസ്സിനു സുഖം തരുന്നവയുമൊക്കെ കൂട്ടത്തിലുണ്ട്. അതിൽ ഏറ്റവുമിഷ്ടം പുതുവെള്ളൈ മഴയും കാതൽ റോജാവേയിലെ ഹമ്മിങ്ങുമാണ്. ഇന്ത്യൻ സംഗീതത്തിൽ തന്നെ ഐക്കോണിക്കായി നിലനിൽക്കുന്ന ഹമ്മിങ്ങാണത്.
റഹ്മാൻ ഷോയിൽ ആ ഹമ്മിങ് തുടങ്ങുമ്പോൾ ത ന്നെ കയ്യടി കേൾക്കാം. അപ്പോൾ സന്തോഷം കൊണ്ടു കണ്ണുനിറയും, എന്റെ അമ്മയുടെ പാട്ടാണല്ലോ.
മലയാളത്തിൽ വരമഞ്ഞളാടിയ രാവിന്റെ മാറിലും, പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴയും ഇഷ്ടമാണ്. പക്ഷേ, അതിലേറെ പ്രിയപ്പെട്ടതു വിദ്യാജിയുടെ എത്രയോ ജന്മമായ്... ആണ്. അമ്മയ്ക്കു മാത്രമേ ആ പാട്ട് അത്രയും നന്നായി പാടാൻ പറ്റൂ എന്നാണെന്റെ വിശ്വാസം, ടിപ്പിക്കൽ സുജാത മോഹൻ സോങ്.

വിദ്യാജിയുടെ മറന്നിട്ടുമെന്തിനോ... അസാധ്യ ആലാപനമാണ്. എന്തിനെന്നറിയില്ല ‍ഞാനെന്റെ മുത്തിനെ... എന്ന വരിയിലെ എക്സ്പ്രഷനൊക്കെ ഗംഭീരം. ഔസേപ്പച്ചൻ സാറിന്റെ ഒരു പൂവിനെ നിശാശലഭം... ആണ് അടുത്തത്. ദാസമ്മാമയും അമ്മയും കൂടി പ്രത്യേക മൂഡിൽ മാജിക്കലായാണു പാടിയിരിക്കുന്നത്.

എം. ജയചന്ദ്രൻ ചേട്ടന്റെ വാവാവോ വാവേ... റിലീസാകുമ്പോൾ ഞാൻ ഹൈസ്കൂളിൽ പഠിക്കുകയാണ്. അമ്മ എനിക്കു വേണ്ടി പാടിയതു പോലെയാണ് ആ പാട്ട് അന്നുമിന്നും. എന്റെ മോൾക്കും ആ പാട്ടു പാടി കൊടുക്കാറുണ്ട്. ചക്കരക്കിളീ... യും അവൾക്കു വലിയ ഇഷ്ടമാണ്. കുസൃതിയായ ക്യൂട്ട് കുട്ടി പാടും പോലെ ബബ്ലി ആയതാകും കാരണം.
ദീപക് ദേവ് ചേട്ടൻ സംഗീതം ചെയ്ത ഒരു കിന്നരഗാനം മൂളി... യിലെ സന്തോഷവും എക്സ്പ്രഷനും അടിപൊളിയാണ്.   അമ്മ ഈസിയായി പാടുകയാണെന്നു തോന്നിയ പല പാട്ടുകളും ശരിക്കും നല്ല പ്രയാസമാണ്. ദീപക് ദേവ് ചേട്ടന്റെ ശിലയിൽ നിന്നും..., സ്വയംവര ചന്ദ്രികേ... എന്നിവയുമുണ്ട് ഫേവറിറ്റ് ലിസ്റ്റിൽ.’’

ADVERTISEMENT