റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയാണ് അഞ്ജു ജോസഫ്. ഇപ്പോൾ സംഗീത ലോകത്തെ നിറ സാന്നിധ്യം. ഒപ്പം അഭിനയരംഗത്തേക്കും കടന്നു. ഇപ്പോഴിതാ റിയാലിറ്റി ഷോയിൽ പങ്കെടുത്ത കാലത്ത് തനിക്കൊപ്പം എലിമിനേഷനില്‍ വന്ന് പുറത്തായ പെണ്‍കുട്ടിയുടെ ആരാധകനിൽ നിന്നുണ്ടായ ഒരു മോശം അനുഭവം പങ്കുവച്ചിരിക്കുകയാണ് അഞ്ജു.
‘‘വഴക്ക് മേടിക്കാനായിട്ടൊരു ജന്മം ആയിരുന്നു ഞാന്‍. ആളുകള്‍ക്ക് ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥികളുണ്ടാകും. ഞാന്‍ ആണെങ്കില്‍ എല്ലാ എലിമിനേഷനിലുമുണ്ടാകും. സെമി ഫൈനല്‍ വരെ എല്ലാത്തിലും ഞാനുണ്ടായിരുന്നു. എന്നിട്ട് ഞാന്‍ കയറിപ്പോരും. പ്രഷര്‍ കൂടിയിട്ടാണോ എന്നൊന്നും അറിയില്ല, ആ സമയത്ത് തരുന്ന പാട്ട് നന്നായി പാടും. അത് എപ്പോഴും വര്‍ക്കൗട്ടാകും. പക്ഷെ അങ്ങനെ ഔട്ടായി പോകുന്നവരുടെ ആരാധകര്‍ റോഡില്‍ കാണുമ്പോള്‍ വഴക്ക് പറയും. ഒരു കുട്ടി പുറത്തായപ്പോള്‍ ഒരാള്‍ എന്നെ കണ്ണു പൊട്ടുന്ന ചീത്ത വിളിച്ചിട്ടുണ്ട്, റോഡില്‍ വച്ച്. അയാള്‍ ഭയങ്കര ദേഷ്യത്തിലാണ് അന്ന് സംസാരിച്ചത്. നീ ഒറ്റൊരുത്തി കാരണമാണ് നയന ഔട്ടായത്. നീയൊക്കെ എന്ത് പാടിയിട്ടാണ് ഇവിടെ നില്‍ക്കുന്നത് ? എപ്പോഴും എലിമിനേഷനിലല്ലേ ? എന്നായിരുന്നു സംസാരം’’. – ഒരു യൂ ട്യൂബ് ചാനലില്‍ അഞ്ജു പറഞ്ഞു.