സംഗീതം ലഹരിയാക്കിയ മനുഷ്യൻ, രാഗങ്ങളെ ചങ്ങാതിമാരാക്കുന്ന വൈഭവം. അറിയുന്തോറും ആഴമേറുന്ന സംഗീതം കോട്ടയം സ്വദേശി അനീഷിന് ലഹരി മാത്രമല്ല. ഹൃദയം കൊണ്ടുള്ള ഉപാസന കൂടിയാണ്. വാക്കിലും നോക്കിലും ശ്വാസത്തിലും സംഗീതത്തെ ഉപാസിക്കുന്ന അനീഷ് നാളേറെയായി വലിയൊരു പരീക്ഷണത്തിന്റെ പണിപ്പുരയിലായിരുന്നു. പുതിയ രാഗങ്ങൾ കണ്ടെത്താനാകുമോ? എന്ന ചോദ്യം അനീഷിനെ മുന്നോട്ടു നയിച്ചു കൊണ്ടേയിരുന്നു. ആ ശ്രമം വിജയംകണ്ട കഥയാണ് തന്റെ ജീവിതത്തിന്റെ അടയാളപ്പെടുത്തലെന്നോണം അനീഷ് എന്ന സംഗീത അധ്യാപകൻ പങ്കുവയ്ക്കുന്നത്.
സംഗീതമായിരുന്നു അനീഷിന് ഉപജീവനം. കുട്ടികളെ പഠിപ്പിച്ചും ഗാനമേളകളിൽ പാടിയും തുടർന്ന ജീവിതം സഫലമായത് രാഗങ്ങളെ തേടിയുള്ള തന്റെ യാത്രയിലൂടെയാണെന്ന് അനീഷ് പറയുന്നു. തന്റെ സംഗീതത്തിന്റെ ആത്മാംശം നിറഞ്ഞ 16 രാഗങ്ങളാണ് ഇദ്ദേഹം പുതുതായി ആവിഷ്കരിച്ചത്. അനീഷിന്റെ കർണാടകസംഗീതത്തിലെ ഗവേഷണം പുതിയ രാഗങ്ങളിൽ മാത്രമൊതുങ്ങുന്നില്ല. കർണാടകസംഗീതജ്ഞൻ എണ്ണപ്പാടം വെങ്കട്ടരാമഭാഗവതരുടെ 52 കൃതികൾ അദ്ദേഹം പുതുതായി ചിട്ടപ്പെടുത്തി.
സംഗീതലോകത്തെ പ്രമുഖർക്കുമുൻപിൽ പുതിയ രാഗങ്ങൾ അവതരിപ്പിച്ച് അനീഷ് അവരുടെ അംഗീകാരവും നേടി. കെ.ജി. ജയൻ(ജയവിജയ), ചെന്നൈ വി.പി. ധനഞ്ജയൻ, പ്രൊഫ. പൊൻകുന്നം രാമചന്ദ്രൻ, കുമ്മനം കെ.ആർ. സത്യനേശൻ, മാവേലിക്കര പി. സുബ്രഹ്മണ്യം, എം.ജി. ശ്രീകുമാർ തുടങ്ങി നിരവധിയാളുകൾ അനീഷിന്റെ ഈ സദ് ഉദ്യമത്തെ പിന്തുണച്ചു, അനുഗ്രഹാശിസുകളേകി.
അനീഷിന്റെ പ്രവർത്തനത്തിന് ഭാഗവതരുടെ കുടുംബാംഗങ്ങളുടെ ആശീർവാദവുമുണ്ട്. വിദ്യാർഥികൾക്കും ഗവേഷകർക്കും ഉപയോഗപ്രദമാകും വിധമാണ് ചിട്ടപ്പെടുത്തൽ. തൃപ്പൂണിത്തുറ സംഗീതകോളേജിൽനിന്ന് ഗാനഭൂഷണം നേടിയശേഷം ഗാനമേളകളിലൂടെയാണ് പൊതുവേദിയിലെ പ്രവേശനം.

ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് പഠിക്കുന്ന കാലംമുതലുള്ള ശീലമാണെന്ന് അനീഷ് അഭിമാനത്തോടെ പറയുന്നു. യേശുദാസ്, പി.ജയചന്ദ്രൻ, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ അടക്കമുള്ള ഒട്ടുമിക്ക ഗായകർക്കുവേണ്ടിയും ഗാനങ്ങൾ ചിട്ടപ്പെടുത്തി. രണ്ടു സിനിമയിൽ സംഗീതസംവിധാനം ചെയ്യാനുള്ള നിയോഗമുണ്ടായി. അർഹതയ്ക്കുള്ള അംഗീകാരമെന്നോണം പതിനഞ്ചോളം പുരസ്കാരങ്ങൾ അനീഷിനെ തേടിയെത്തി. ഇപ്പോൾ വടവാതൂർ അമൃതം സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് അക്കാദമി ഡയറക്ടറാണ്. ഭാര്യ: ആർ.എൽ.വി. ശ്രീദേവി അനീഷ്, മക്കൾ: അനന്തകൃഷ്ണൻ, അമൃതതേജസ്വനി.
അനീഷ് ചിട്ടപ്പെടുത്തിയ പുതിയ രാഗങ്ങൾ ഇവ
മധുരിത, അമൃതശ്രീ, പാർഥമുഖ, അനന്തശ്രീ, വിമലശ്രീ, തേജസ്വനി, സത്യശ്രീ, നീലഗന്ധി, വേദ, ശരണശ്രീ, കാർത്തിക, ലളിതശ്രീ, നേത്ര, മംഗളധ്വനി, ഭൈമി, രാമശ്രീ. രാഗങ്ങൾക്ക് കുടുംബാംഗങ്ങളുടേയും ഗുരുക്കന്മാരുടേയും പേരുകളാണ് നൽകിയിരിക്കുന്നത്.
‘രാഗേന്ദ്രം’
വെങ്കട്ടരാമഭാഗവതരുടെ പുതുതായി ചിട്ടപ്പെടുത്തിയ 52 കൃതികളുടെ പുനരാവിഷ്കാരം ഏപ്രിൽ 14ന്കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ‘രാഗേന്ദ്രം’ എന്ന് പേരിട്ടിരിക്കുന്ന പരാപിടിയിൽ സംഗീത സാംസ്കാരിക ലോകത്തെ പ്രമുഖർ അണിനിരക്കും. കുമ്മനം ശശികുമാർ ചെയർമാനും പി.ജി. ഗോപാലകൃഷ്ണൻ ജനറൽ കൺവീനറുമായുള്ള സ്വാഗതസംഘമാണ് പരിപാടി നടത്തുന്നത്.
