Wednesday 03 August 2022 12:13 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ശ്രീയെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല, പാട്ട് ഹിറ്റായപ്പോൾ ഏറ്റവും മിസ് ചെയ്തത് അവളെ’: ബിജു നാരായണൻ

biju-narayanan

ഒരു തലമുറയുടെ തന്നെ ഹൃദയതാളമായ മധുരഗീതം. മറക്കാൻ ശ്രമിച്ചാൽ തന്നെ മറന്നു പോകാത്ത ഒരുകാലത്തെ ഹിറ്റ് ഗാനം. മലയാളിയുടെ ചുണ്ടിലും മനസിലും തത്തിക്കളിക്കുന്ന ‘ദേവദൂതർ പാടി’ എന്ന പാട്ടിനെ കാലം അതിന്റെ തനിമ ചോരാതെ ഒരിക്കൽ കൂടി തിരികെ നൽകുകയാണ്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ആ ഹിറ്റ് ഗാനം വീണ്ടു പ്രേക്ഷകരിലേക്കെത്തുമ്പോൾ പ്രത്യേകതകളേറെ. ഉത്സവ പറമ്പിലെ ഗാനമേള വേദിയിൽ മുഴങ്ങിക്കേൾക്കുന്ന പാട്ടിന് ‘കിണ്ണംകാച്ചിയ’ സ്റ്റെപ്പിട്ട് നൽകി വൈറലാക്കിയ ചാക്കോച്ചന് തന്നെയാണ് ആദ്യ കയ്യടി. ഔസേപ്പച്ചൻ ഈണം നൽകി ഒഎൻവി എഴുതി 1985ൽ പുറത്തിറങ്ങിയ ‘കാതോടു കാതോരത്തിലെ’ പാട്ടിനെ തനിമ ചോരാതെ അവതരിപ്പിച്ച ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകരും പ്രശംസയർഹിക്കുന്നു. ഇൻസ്റ്റഗ്രാം റീലുകളിലും സ്റ്റോറികളിലും തുടങ്ങി സകല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിറഞ്ഞു നിൽക്കുന്ന ആ പാട്ടിന്റെ പിന്നണിയിൽ എത്തുന്നതാകട്ടെ പ്രിയ ഗായകൻ ബിജു നാരായണന്‍. യേശുദാസ് പാടി ഹിറ്റാക്കിയ പാട്ടിന് പഴമ ചോരാതെ പുതുഭാവം നൽകിയ അനുഭവം പറയുകയാണ് ബിജു നാരായണൻ. പഴയകാലത്തെ പാട്ടുകളെ റീമിക്സുകളുടെ മേമ്പൊടി ചേർത്ത് പുതിയ കുപ്പിയിലാക്കുന്ന പതിവുള്ളപ്പോൾ അൽപം ‘വെറൈറ്റി പിടിച്ച’ പാട്ടുകഥ ബിജു നാരായണൻ ‘വനിത ഓൺലൈനോടു’ പറയുന്നു.

biju-narayanan-22

വീണ്ടും ദേവദൂതർ പാടി

പഴയ കാലത്തെ ഹിറ്റ് പാട്ടുകളെ പുനരവതരിപ്പിക്കുമ്പോൾ ‘വെറുതേ അതിനെ നശിപ്പക്കണമായിരുന്നോ?’ എന്നായിരിക്കും പലരുടേയും ആദ്യ കമന്റും മുൻവിധിയും. ഇവിടെയും അങ്ങനെയൊരു ചോദ്യം ആരും പ്രതീക്ഷിക്കും. പക്ഷേ ഔസേപ്പച്ചൻ സാറും ഒഎൻവി സാറുമൊക്കെ ജീവൻ നൽകിയ ആ പഴയ പാട്ടിനെ ഞങ്ങൾ അങ്ങനെ അങ്ങ് മോശമാക്കിയില്ല. പൊടിപ്പും തൊങ്ങലും പുതിയ കാലത്തെ പാട്ടിന്റെ അലങ്കാരങ്ങളും ചേർക്കാതെ അന്നത്തെ അതേ ഓർക്കസ്ട്രേഷൻ നൽകി ഞങ്ങൾ അതിനെ പ്രേക്ഷകർക്കു നൽകി. തനിമയും താളവും ചോരാതെ നൽകിയ ആ പാട്ടിന് സോഷ്യൽ മീഡിയ നൽകിയ സ്വീകാര്യതയാണ് നിങ്ങളിപ്പോൾ കാണുന്നത്. പിന്നെ എന്റെ പാട്ട് വീണ്ടും പ്രേക്ഷകര്‍ ഏറ്റെടുക്കുമ്പോൾ ഈ സന്തോഷം കാണാൻ എന്റെ ശ്രീ ഇല്ലാ എന്നൊരു വിഷമമുണ്ട്. അവളുണ്ടായിരുന്നെങ്കിൽ ഒത്തിരി സന്തോഷിച്ചേനെ. അവളെ പറ്റി ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല. ഈ സന്തോഷത്തിലും ഞാനെന്റെ ശ്രീയെ വല്ലാതെ ഓർക്കുന്നു.– ബിജു നാരായണൻ പറയുന്നത്.

ഔസേപ്പച്ചന്‍ സാർ ഡബിൾ ഹാപ്പി

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലേക്ക് ദേവ ദൂതർ പാടി എത്തുമ്പോൾ ഗായകൻ മാത്രമേ മാറുന്നുള്ളൂ. ദാസേട്ടനാണ് ഒറിജിനൽ വേർഷൻ പാടിയത്. ആ സ്ഥാനത്ത് ഈ പാവം ഞാനെത്തുമ്പോള്‍ എങ്ങനെ സ്വീകരിക്കും എന്നൊരു ടെൻഷനുണ്ടായിരുന്നു. പാട്ടെടുത്ത് മോശമാക്കി എന്ന് പറയരുതല്ലോ. പക്ഷേ ദൈവനുഗ്രഹത്താൽ എല്ലാം ഭംഗിയായി. സംഗീത സംവിധായകൻ ഡോൺ വിൻസെന്റ് വളരെ ഭംഗിയായി തന്നെ ആ പാട്ടിനെ പ്രേക്ഷകർക്കു മുന്നിലെത്തിച്ചു. ഔസേപ്പച്ചൻ സാറും ഡബിൾ ഹാപ്പി. പാട്ട് കേട്ടിട്ട് ‘നീയത് വൃത്തിയായി ചെയ്തു’ എന്ന് ഫോൺ വിളിച്ച് പറഞ്ഞിരുന്നു.

വെറുമൊരു പാട്ടല്ല ഇതെനിക്ക്, ഞാനുമായി ആത്മബന്ധമുള്ള ഒരു മ്യൂസിക്കൽ മാസ്റ്റർപീസാണ് ഇത്. 9–ാം ക്ലാസിൽ പഠിക്കുമ്പോള്‍ സ്കൂൾ ഡേയ്ക്ക് ഞാനിത് പാടിയിട്ടുണ്ട്. അന്ന് പാടിയ പാട്ട് വർഷങ്ങൾക്കിപ്പും എന്റെ ശബ്ദത്തിലൂടെ പുനർജനിക്കുമെന്ന് ആരു കണ്ടു. ഔസേപ്പച്ചൻ സാറും ഈ പാട്ടുമായി ബന്ധപ്പെട്ട് നല്ല ഓർമകൾ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ സംഗീത വിസ്മയം സാക്ഷാൽ എആർ റഹ്മാനാണ് ഈ പാട്ടിനായി കീ ബോർഡ് പ്ലേ ചെയ്തിരിക്കുന്നത്. 15 വയസുള്ള റഹ്മാൻ സ്കൂൾ വിട്ട് വന്നാണ് പാട്ടിന്റെ റെക്കോഡിങ്ങിൽ പങ്കാളിയായതത്രേ. ഡ്രമ്മർ ശിവമണി, മരണപ്പെട്ട ഗിറ്റാറിസ്റ്റ് ജോൺ ആന്റണി തുടങ്ങി പ്രതിഭാധനരായ ഒത്തിരിപ്പേർ ഈ പാട്ടിന് ജീവൻ നൽകിയിട്ടുണ്ട്.

ചാക്കോച്ചാ പൊളിച്ചൂടാ മോനേ...

പുറത്തിറങ്ങി ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ ട്രെൻഡിങ്ങിൽ നമ്പർ വണ്ണും സോഷ്യൽ മീ‍ഡിയ അടക്കി ഭരിക്കുകയും ചെയ്യുന്നുണ്ട് എങ്കിൽ അതിന്റെ ക്രെഡിറ്റ് ചാക്കോച്ചനാണ്. സത്യം പറഞ്ഞാൽ വിഡിയോ കണ്ട പലർക്കും ചാക്കോച്ചനാണെന്ന് മനസിലാകുന്നേ ഇല്ല. എന്താ എനർജി... എന്താ ഡാൻസ്. ശരിക്കും പറഞ്ഞാൽ ഈ പാട്ടിനെ വേറെ ലെവലിലേക്കെത്തിക്കാൻ ചാക്കോച്ചന്റെ ആ ഡാൻസ് സ്റ്റെപ്പിന് കഴിഞ്ഞിട്ടുണ്ട്. എന്റെ പാട്ട് വീണ്ടും ഒരുപാട് പേരിലേക്കെത്തിക്കാൻ സഹായിച്ചതിന് ചാക്കോച്ചന് സ്പെഷ്യല്‍ താങ്ക്സ്.