Wednesday 11 May 2022 12:01 PM IST

‘മനസ്സു കരഞ്ഞാണ് സ്റ്റുഡിയോയിൽ നിന്ന് പുറത്തു വരിക, താങ്ങാവുന്നതിലും അപ്പുറമുള്ള വേദന’: ചിത്ര അരുൺ പറയുന്നു

Rakhy Raz

Sub Editor

chithra-arun-song

ഒരു പാട്ടുകാരിക്ക് താങ്ങാവുന്നതിലുമപ്പുറം വേദന നൽകുന്ന വാക്കുകളാണ് തുടക്കക്കാലത്ത് ചിത്ര അരുൺ കേട്ടത്. ‘പാട്ടിനു തീരെ ഫീൽ പോര’ എന്നാണ് പരാതി. ‘‘പലപ്പോഴും മണിക്കൂറുകളോളം വീണ്ടും വീണ്ടും പാടിപ്പിക്കും. മനസ്സു കരഞ്ഞാണ് സ്റ്റുഡിയോയിൽ നിന്ന് പുറത്തു പോരുക. എങ്കിലും പുതിയ അവസരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. പ്രമുഖരായ പല പാട്ടുകാരും വരാമെന്ന് സമ്മതിച്ചിട്ട് വരാതിരിക്കുമ്പോൾ, അവർക്കു വേണ്ടി റിക്കോർഡിങ് നീട്ടിക്കൊണ്ടുപോകാനുള്ള സമയമില്ലാതാകുമ്പോൾ, ബജറ്റ് വളരെ കുറവ് മാത്രമുള്ളപ്പോൾ, ചെറിയ പ്രതിഫലത്തിന് ഗായകരെ വേണം എന്നു വരുമ്പോഴൊക്കെ. ആ കാലത്തു തന്നെയാണ് ദൈവം തന്നതല്ലാതൊന്നും എന്ന ഗാനം പാടുന്നതും.

‘‘ആ പാട്ട് ഇറങ്ങിയ ശേഷം ഒരിക്കൽ അപരിചിതമായ നമ്പറിൽ നിന്ന് ഒരു കോൾ വന്നു. മറുവശത്ത് ‘ദൈവം ത ന്നതല്ലാതൊന്നും...’ എന്ന പാട്ട് കേൾക്കാം. ഈ പാട്ടു പാടിയ ആളല്ലേയെന്ന് ചോദിച്ചു. അതേയെന്നു പറഞ്ഞപ്പോൾ ‘എന്തൊരു ഫീൽ ആണ് ആ പാട്ടിന്’ എന്നു പറഞ്ഞു. ആ നിമിഷം എന്റെ ഹൃദയം നിറഞ്ഞുകവിഞ്ഞു.

ഭക്തിഗാനങ്ങൾ ഇറക്കുന്ന പ്രമുഖ മ്യൂസിക് സ്റ്റുഡിയോകൾക്കായി ആദ്യമായി ഞാൻ പാടിയ സിഡിയിലെ ഗാനമാണിത്. രാജേഷ് അത്തിക്കയം ആണതിന്റെ രചന. ജോർജി ജോൺസ് ആണ് സംഗീതം.’’

2008 ൽ ഇറങ്ങിയ ഈ പാട്ടു പാടിയത് കെ.എസ്. ചിത്രയാണ് എന്നാണ് പലരും വിശ്വസിച്ചിരുന്നത്. യുട്യൂബിലും സോഷ്യൽ മീഡിയയിലും പാട്ട് പ്രചരിച്ചതോടെ ഇപ്പോൾ ഗായികയെ മിക്ക ആളുകൾക്കും അറിയാം. ഇന്ന് ചിത്ര അരുൺ എന്ന പാലക്കാട്ടുകാരി ഭക്തിഗാനരംഗത്തെ ഏറ്റവും സുന്ദരമായ പെൺ സ്വരങ്ങളിലൊന്നാണ്.

ഈ പാട്ടിനോട് ഇഷ്മുള്ളവർ ചിത്ര അരുണിന്റെ ഫെയ് സ്ബുക് അക്കൗണ്ട് തേടിവന്ന് മെസെഞ്ചറിൽ അഭിനന്ദനങ്ങളും ഇഷ്ടവും അറിയിക്കാറുണ്ട്. രാജേഷിന്റെ യുട്യൂബ് ചാനലിൽ ഈ പാട്ട് രണ്ടു മില്യൺ വ്യൂ കടന്നു. മറ്റൊരു ചാനലിൽ എട്ടു മില്യണും.

‘‘എന്റെ പാട്ടു കേട്ട് കെ.എസ്. ചിത്രയുടെ പാട്ടാണെന്ന് തെറ്റിധരിച്ചു എന്ന് കേൾക്കുന്നത് സത്യത്തിൽ അഭിമാനമാണ്. അത്രത്തോളമൊന്നുമില്ല എന്നറിയാമെന്നാലും.’’

ജാനകിയമ്മയുടെ ഫോൺകോൾ

‘‘പാലക്കാടാണ് എന്റെ വീടെങ്കിലും അരുൺ‌ മധുസൂദന നുമായുള്ള വിവാഹം കഴിഞ്ഞ് കൊച്ചിയിൽ എത്തിയ ശേഷമാണ് സംഗീതജീവിതം കൂടുതൽ വളർന്നത്.

അച്ഛൻ ഭരതന് എയർഫോഴ്സിലായിരുന്നു ജോലി. അമ്മ മാലതി. അച്ഛന് പാട്ടെന്നാൽ ജീവനായിരുന്നു. അ ച്ഛൻ മരിച്ചിട്ട് ഇപ്പോൾ നാലു വർഷമായി. അമ്മ എന്റെ കൂടെ കൊച്ചിയിൽ ഉണ്ട്.

നാലാം വയസ്സിലാണ് സംഗീത പഠനത്തിന്റെ തുടക്കം. പല ഗുരുക്കന്മാരുടെ കീഴിലും പഠിച്ചു. പാലക്കാട് ചിറ്റൂർ കോളജിൽ നിന്ന് ബിഎ സംഗീതം. കൊച്ചിയിലെത്തിയ ശേഷം തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് എംഎ സംഗീതം പാസ്സായി. ഞങ്ങൾക്ക് രണ്ടു മക്കൾ. മൂത്തയാൾ ആനന്ദ് ഒൻപതാം ക്ലാസിൽ. ഇളയവൾ ആരാധ്യ യുകെജിയിൽ.

എംഎ പഠനത്തിനൊപ്പം സംഗീതം പഠിക്കാനായി ഗുരുവിനെ തേടുമ്പോഴാണ് പി.ആർ. മുരളി സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് പൊതുപരിപാടികളിൽ പാടുന്നതിനുള്ള അവസരം തരുന്നത്. ഗണേഷ് സുന്ദരത്തിനെപ്പോലുള്ള പാട്ടുകാരോടൊപ്പം ഭക്തിഗാനമേളകളിൽ പാടി.

ജാനകിയമ്മയുടെ ക്രിസ്ത്യൻ ഭക്തിഗാന ആൽബത്തിനു വേണ്ടി ട്രാക്ക് പാടാൻ അവസരം തന്നതും മുരളി മാഷാണ്. ജാനകിയമ്മ എന്റെ ട്രാക്ക് കേട്ട് ‘വളരെ നന്നായിട്ടുണ്ടല്ലോ. ഞാൻ ഇത് വീണ്ടും പാടണോ’ എന്ന് മുരളിമാഷോട് ചോദിച്ചു. ചെന്നൈയിലായിരുന്നു റിക്കോർഡിങ്. മാഷ് ഉടൻ എന്നെ ഫോണിൽ വിളിച്ച് ജാനകിയമ്മയോടു സംസാരിക്കാൻ അവസരം തന്നു. ജാനകിയമ്മ പറഞ്ഞ വാക്കുകൾ അവാർഡ് പോലെ മനസ്സിൽ സൂക്ഷിക്കുന്നുണ്ട് ഇപ്പോഴും.’’

പുഴയുടെ തീരത്തൊരുത്രാട രാവിൽ...

ഭക്തിഗാന രംഗത്തെപ്പോലെ ലളിതഗാനമേഖലയിലും ചിത്രയ്ക്ക് സൂപ്പർ‌ഹിറ്റുകൾ ഉണ്ട്. കലോത്സവങ്ങളിൽ വർഷങ്ങളായി ഒരാളെങ്കിലും ചിത്രയുടെ ലളിതഗാനമായ ‘പുഴയുടെ തീരത്തൊരുത്രാട രാവിൽ’ എന്ന ഗാനം പാടും. ‘ആകാശക്കാവിലെ പൂവാം കുറുന്തലേ...’, ‘ഓണവിളക്കും വച്ച്...’ തുടങ്ങിയ ഗാനങ്ങളും യുവജനോത്സവങ്ങളിൽ കേ ൾക്കാനാകും.

‘‘പ്രാദേശിക ക്ഷേത്രങ്ങൾക്കും പള്ളികൾക്കും വേണ്ടി ഒരുപാട് ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്. ആദ്യമൊന്നും ക ണക്കെടുക്കില്ലായിരുന്നു. കരിയർ ഇതു തന്നെ എന്നു തീ രുമാനമായപ്പോൾ പാടിയ പാട്ടിന്റെ കണക്കെടുത്തു തുടങ്ങി. ഇപ്പോൾ 3500 ലധികം ഭക്തിഗാനങ്ങൾ പാടിക്കഴിഞ്ഞു.’’

കോട്ടയത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് നിശ നടക്കുന്നു. വേദിയിൽ പാടാൻ ചിത്രയുമുണ്ട്.

‘‘ഊഴം കാത്ത് സ്റ്റേജിന് പുറകിലിരിക്കുമ്പോൾ കൗമാരക്കാരനായ ഒരു പയ്യൻ എന്റെ അരികിലേക്ക് വന്നു പറഞ്ഞു. ‘ചേച്ചീ... ഒരു മകരനിലാവായ് എന്ന പാട്ട് എനിക്കൊത്തിരി ഇഷ്ടമാണ്.

ഇനി പരിഭവമാർന്നു നീ വരാതെ പോകിലും

ഒരു ദൂതശീ നിലാവ് പോൽ ഞാൻ

ഒരാളിലലിഞ്ഞു തീരേണം...

എന്ന വരിയാണ് ഏറ്റവും ഇഷ്ടം.’

സിനിമയിൽ പാടാൻ അവസരം കിട്ടുമ്പോൾ എല്ലാ ഗായകരും ഒരു ഹിറ്റിന് വേണ്ടിയായിരിക്കും കൊതിക്കുക. റാണി പദ്മിനി എന്ന സിനിമയിലെ ‘ ഒരു മകരനിലാവായ്...’ എന്നത് പാടാൻ ബുദ്ധിമുട്ടുള്ള ഒരു നല്ല ഗാനമായിരുന്നു. റഫീക് അഹമ്മദ് എഴുതി ബിജിബാൽ സംഗീതം നൽകിയ ഗാനം പാടാനാകുക എന്നത് സന്തോഷമുള്ള കാര്യമായിരുന്നു.

കോട്ടയത്ത് ആ പയ്യനെ കണ്ട ദിവസം സത്യത്തിൽ ഞാനൊരു ഹിറ്റ് പാട്ട് തന്നെയാണ് പാടിയത് എന്നു തോന്നി. സംഗീതപ്രേമികളുടെ, പ്രണയികളുടെ ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങുന്നൊരു ഹിറ്റ്.

ഈ ഗാനത്തിന്റെ ട്രാക്ക് ആണ് ആദ്യം പാടിയത്. വോയിസ് മഞ്ജു വാര്യർക്കും റിമ കല്ലിങ്കലിനും ആഷിഖ് അബുവിനും ഇഷ്ടമായതോടെ ബിജിയേട്ടൻ (ബിജിബാൽ) ‘മ കരനിലാവായ്’ എന്ന പാട്ട് എനിക്ക് തന്നു.

സിനിമയിലെ ആദ്യത്തെ എന്റെ ഗാനം ഹൗസ്‌ഫുൾ എന്ന ചിത്രത്തിലെ ‘ഉയിരിൻ വരമായ്’ എന്ന പാട്ടാണ്. ചിത്രചേച്ചിക്കു വേണ്ടി ട്രാക്ക് പാടിയതായിരുന്നു ആ ഗാനം. ചിത്രച്ചേച്ചിക്ക് എന്തോ കാരണത്താൽ ആ പാട്ടു പാടാൻ വരാനായില്ല. അങ്ങനെ കിട്ടിയതാണ് ആ പാട്ട്.

‘റാണി പദ്മിനി’ക്ക് ശേഷം ‘മൈ ഗോഡ്’, ‘രക്ഷാധികാരി ബൈജു ഒപ്പ് ’ തുടങ്ങിയ സിനിമകളിലായി പതിമൂന്നോളം പാട്ടുകളായി.

ജയേട്ടനൊപ്പം ഒരു പാട്ട്

വേദികളിൽ പാടിയിട്ടുള്ളത് ഏറെയും സുശീലാമ്മയുടെയും ജാനകിയമ്മയുടെയും പാട്ടുകളാണ്. അങ്ങനെയിരിക്കെ പി. ജയചന്ദ്രൻ സാറിനെ പരിചയപ്പെടാനായി. അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ സുശീലാമ്മയുടെ‘ ശ്രാവണ ചന്ദ്രിക’ എന്ന പാട്ടാണ് പാടിയത്. അപ്പോൾ ഒന്നും പറഞ്ഞില്ല. ഇഷ്ടപ്പെട്ടോ എന്നറിയാത്ത വിഷമം എനിക്കുണ്ടായിരുന്നു.

പിറ്റേന്ന് കാലത്ത് എട്ടരയ്ക്ക് എനിക്ക് ഒരു കോൾ വ ന്നു. മറുതലയ്ക്കൽ ആ സുന്ദര ശബ്ദമായിരുന്നു, ജയേട്ടൻ. പാടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സ്വരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഒക്കെ ഒരുപാട് കാര്യങ്ങൾ അന്നു മുതൽ പറഞ്ഞു തരാറുണ്ട്. ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം കിട്ടിയതു പോലെ. ഇന്ന് എന്റെ ഗുരുസ്ഥാനത്ത് ജയേട്ടനുണ്ട്. ജയേട്ടനൊപ്പം സ്റ്റേജിൽ സുശീലാമ്മയുടെ പാട്ടുകൾ പാടാൻ സ്ഥിരമായി എന്നെയാണ് വിളിക്കാറ്.

ഈ ഈസ്റ്ററിന് ഞാൻ ആദ്യമായി സംഗീതം ചെയ്ത ജയേട്ടനും മിൻമിനിയും ചേർന്നു പാടിയ ഗാനം പുറത്തിറങ്ങും ‘സക്രാരിയിൽ കാണുന്നു ഞാൻ’ എന്ന ഗാനമാണ്.

ഈ ഗാനത്തിന്റെ രചയിതാവ് ഡോ. ലിജോയുടെ നിർബന്ധം കൊണ്ടാണ് ഞാൻ സംഗീതം ചെയ്യാൻ തീരുമാനിക്കുന്നത്. ഈണം ജയേട്ടനെപ്പോലെ ഒരാൾക്ക് പറഞ്ഞുകൊടുത്തു പാടിക്കുക എന്നത് ആലോചിക്കാൻ തന്നെ പ്രയാസമായിരുന്നു. പക്ഷേ, ജയേട്ടൻ അത്രയേറെ സ്നേഹത്തോടെ പിന്തുണച്ചു.

ആ പിന്തുണ തന്ന ധൈര്യം വീണ്ടും സംഗീതം ചെയ്യാനുള്ള ആത്മവിശ്വാസം തരുന്നു.’’

രാഖി റാസ്

ഫോട്ടോ: ഉല്ലാസ് ജോർജ്